കാര്‍ത്തിക് സുബ്ബരാജ് ചിത്രം പേട്ടയില്‍ രജനിക്കൊപ്പം അഭിനയിക്കാന്‍ സാധിച്ചതിന്റെ സന്തോഷത്തിലാണ് മലയാള നടന്‍ മണികണ്ഠന്‍ ആചാരി. രജനിക്കൊപ്പം വര്‍ക്ക് ചെയ്തതിന്റെ അനുഭവങ്ങള്‍ മണികണ്ഠന്‍ തന്റെ ഫെയ്സ് ബുക് പേജിലൂടെ പങ്കുവെച്ചിട്ടുണ്ട്. വിനയവും സമയനിഷ്ഠതയുമാണ് ഉന്നതനിലയിലേക്ക് രജനിയെ എത്തിച്ചതെന്ന് മണികണ്ഠന്‍ ഫെയ്സ്ബുക് കുറിപ്പില്‍ പറഞ്ഞു.
'സണ്‍ പിച്ചേര്‍സ് പ്രൊഡ്യൂസ് ചെയുന്ന കാര്‍ത്തിക് സുബ്ബരാജ് സര്‍ ഇന്റെ സംവിധാനത്തില്‍ സൂപ്പര്‍സ്റ്റാര്‍ രജനി സാറിനു ഒപ്പം ചെറുതെങ്കിലും ഒരു വേഷം ചെയ്യാന്‍ കഴിഞ്ഞു,അതിനേക്കാള്‍ ഉപരി കാര്‍ത്തിക് സുബ്ബരാജ് എന്ന സംവിധായകന്റെയും രാജനിസാറിന്റെയും വ്യക്തിഗത മികവുകളും, തൊഴിലിനോടുള്ള ആത്മാര്‍ത്ഥതയും എല്ലാം നേരിട്ട് കണ്ടു അനുഭവിക്കാന്‍ കഴിഞ്ഞു . രജനി സര്‍ എന്ന സൂപ്പര്‍സ്റ്റാര്‍ എന്ത് കൊണ്ട് ഇപ്പോഴും സൂപ്പര്‍സ്റ്റാര്‍ ആയി നില്‍ക്കുന്നു എന്ന സത്യം നേരിട്ട് കണ്ടു അനുഭവിച്ചു.
സമയത്തില്‍ കൃത്യത, വിനയം, പിന്നെ സംവിധായകനോട് സംശയങ്ങള്‍ ചോദിച്ചും സംവിധായകന്‍ പറഞ്ഞു കൊടുക്കുന്നത് കേള്‍ക്കാനും മടി കാണിക്കാതെ എത്ര വൈകിയാലും യാതൊരു വിധ ബുദ്ധിമുട്ടുകളും മുഖത്തു കാണിക്കാതെ ഇപ്പോഴും ഒരു ഇരുപതു വയസ്സ്‌കാരന്റെ എനര്‍ജി സൂക്ഷിച്ചു ചെയ്യുന്ന രജനി സര്‍ ഒരു വലിയ പാഠപുസ്തകം തന്നെ ആണ്. ആ പാഠപുസ്തകം മുഴുവനും വായിക്കാന്‍ പറ്റിയിലെങ്കിലും നേരിട്ട് കാണാനും കൂടെ അഭിനയിക്കാനും പറ്റിയത് ദൈവാനുഗ്രഹം ആയി ഞാന്‍ കാണുന്നു. എന്നെ ഇവിടെ വരെ എത്തിച്ച എന്റെ ഗുരുക്കന്മാരെയും എല്ലാ മലയാളി,സിനിമ പ്രേക്ഷകര്‍ക്കും ഞാന്‍ എന്നും കടപെട്ടവനായിരിക്കും. നന്ദി '