Latest News

സിനിമാ ചിത്രീകരണത്തിനിടെ കാര്‍ അപകടം; അര്‍ജുന്‍ അശോകനും മാത്യു തോമസും അടക്കം അഞ്ച് പേര്‍ക്ക് പരുക്ക്; അപകടം ബ്രൊമാന്‍സ് സിനിമയുടെ ഷൂട്ടിംഗിനിടെ വാഹനം തലകീഴായി മറിഞ്ഞ് 

Malayalilife
topbanner
സിനിമാ ചിത്രീകരണത്തിനിടെ കാര്‍ അപകടം; അര്‍ജുന്‍ അശോകനും മാത്യു തോമസും അടക്കം അഞ്ച് പേര്‍ക്ക് പരുക്ക്; അപകടം ബ്രൊമാന്‍സ് സിനിമയുടെ ഷൂട്ടിംഗിനിടെ വാഹനം തലകീഴായി മറിഞ്ഞ് 

ഷൂട്ടിംഗിനിടെയുള്ള അപകട വാര്‍ത്തകള്‍ ഇപ്പോള്‍ നിരന്തരം കേള്‍ക്കുന്നതാണ്. ഒരാഴ്ച മുമ്പാണ് തമിഴ് നടന്‍ കാര്‍ത്തി നായകനാകുന്ന 'സര്‍ദാറിന്റെ 2' എന്ന ചിത്രത്തിന്റെ സിനിമാ ഷൂട്ടിനിടെ സ്റ്റണ്ട്മാന് 20 അടി താഴ്ചയില്‍ നിന്നും വീണ് ദാരുണാന്ത്യം സംഭവിച്ചത്. ഇപ്പോഴിതാ, മലയാള സിനിമയില്‍ നിന്നുമാണ് ഇന്ന് പുലര്‍ച്ചെ സംഭവിച്ച അപകടത്തെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തു വന്നിരിക്കുന്നത്. കൊച്ചി എംജി റോഡിലാണ് സംഭവം നടന്നത്. ബ്രൊമാന്‍സ് എന്ന സിനിമയുടെ ഷൂട്ടിംഗിനെ നടന്‍ അര്‍ജ്ജുന്‍ അശോകനും മാത്യു തോമസിനും സംഗീത് പ്രതാപിനും ഉള്‍പ്പെടെ അഞ്ചു പേര്‍ക്കാണ് കാറപകടം സംഭവിച്ചത്.

പുലര്‍ച്ചെ 1.30 ഓടെയാണ് കാറ് കീഴ്മേല്‍ മറിഞ്ഞുള്ള ഞെട്ടിക്കുന്ന ഈ അപകടം സംഭവിച്ചത്. കാറിലായിരുന്നു മൂന്നു താരങ്ങളും ഉണ്ടായിരുന്നത്. സ്റ്റണ്ട് മാസ്റ്ററായിരുന്നു വാഹനം ഓടിച്ചിരുന്നത്. കാര്‍ കീഴ്മേല്‍ മറിയുന്നതിനിടെ വഴിയില്‍ നിര്‍ത്തിയിട്ട രണ്ടു ബൈക്കുകളിലും കാര്‍ തട്ടി ബൈക്ക് യാത്രക്കാരായ രണ്ടു പേര്‍ക്കും പരിക്കേറ്റു. തുടര്‍ന്ന് എല്ലാവരെയും സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. താരങ്ങളുടെ പരിക്ക് സംബന്ധിച്ചുള്ള വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

അതേസമയം, അപകട വിവരം അറിഞ്ഞ് മൂവരുടേയും വീട്ടുകാരും പ്രിയപ്പെട്ടവരും അതിവേഗമാണ് പുലര്‍ച്ചെ തന്നെ കൊച്ചിയിലെ സ്വകാര്യാശുപത്രിയിലേക്ക് എത്തിയത്. അതേസമയം, നടന്‍ മാത്യു തോമസിന്റെ കുടുംബത്തിന് വലിയ ആഘാതമായിരിക്കുകയാണ് ഈ അപകടം. കാരണം, ഒരു മാസം മുമ്പാണ് മാത്യുവിന്റെ മാതാപിതാക്കളും ഒരു ബന്ധുവും സഞ്ചരിച്ച ജീപ്പ് നിര്‍മ്മാണം നടക്കുന്ന കാനയിലേക്ക് മറിഞ്ഞത്. ശാസ്താംമുകളിലെ ദേശീയ പാതയിലുണ്ടായ അപകടത്തില്‍ ബന്ധുവും റിട്ടയേഡ് അധ്യാപികയുമായ ബീനാ ഡാനിയേല്‍ മരണത്തിനു കീഴടങ്ങുകയും ചെയ്തിരുന്നു.

ഈ അപകടവും പുലര്‍ച്ചെയാണ് സംഭവിച്ചത്. ബീനയുടെ ഭര്‍ത്താവ് സാജു, മാത്യുവിന്റെ മാതാപിതാക്കളായ ബിജു, സൂസന്‍ എന്നിവര്‍ക്ക് പരിക്കേല്‍ക്കുകയാണ് ചെയ്തത്. ഒരു ബന്ധുവിന്റെ മരണാനന്തര ചടങ്ങില്‍ പങ്കെടുത്തു മടങ്ങവേയാണ് ജീപ്പ് കാനയിലേക്ക് മറിഞ്ഞത്. ആ അപകടത്തിന്റെ വേദനയില്‍ നിന്നും മോചിതരായി വരവേയാണ് മാത്യു തോമസിനും ഷൂട്ടിംഗിനിടെ വാഹനാപകടം സംഭവിച്ചിരിക്കുന്നത്.

കഴിഞ്ഞാഴ്ചയാണ് അര്‍ജ്ജുന്‍ അശോകനും മാത്യു തോമസും മഹിമാ നമ്പ്യാരും പ്രധാന കഥാപാത്രങ്ങളാകുന്ന ബ്രോമാന്‍സ് ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചത്. അരുണ്‍ ഡി ജോസ് സംവിധാനം ചെയ്യുന്ന ഈ ചിത്രം ആഷിക് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിക് ഉസ്മാന്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ കലാഭവന്‍ ഷാജോണ്‍, ബിനു പപ്പു, ശ്യാം മോഹന്‍ തുടങ്ങിയ പ്രമുഖ താരങ്ങളും അഭിനയിക്കുന്നുണ്ട്. ജോ ആന്‍ ജോ, 18പ്ലസ് എന്നീ ഹിറ്റ് ചിത്രങ്ങള്‍ക്കു ശേഷം അരുണ്‍ ഡി ജോസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ബ്രോമാന്‍സ്.

accident during movie shooting

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES