ബോളിവുഡ് നടന്‍ വരുണ്‍ ധവാനും ഭാര്യ നടാഷ ദലാലിനും കുഞ്ഞ് പിറന്നു. പെണ്‍ കുഞ്ഞ് ജനിച്ച വിവരം താരം തന്നെയാണ് ആരാധകരെ അറിയിച്ചത്. 'ഞങ്ങളുടെ ബേബി ഗേള്‍ ഇങ്ങെത്തി, കുഞ്ഞിനും അമ്മയ്ക്കും ആശംസകള്‍ അറിയിച്ച എല്ലാവര്‍ക്കും നന്ദിയെന്നാണ് വരുണ്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.
വരുണിന്റെ പിതാവും സംവിധായകനുമായ ഡേവിഡ് ധവാന്‍ ഇക്കാര്യം അറിയിച്ചിട്ടുണ്ട്. കരീന കപൂര്‍, കരണ്‍ ജോഹര്‍, പ്രിയങ്ക ചോപ്ര തുടങ്ങി ബോളിവുഡിലെ നിരവധി പ്രമുഖരാണ് വരുണിനും നടാഷയ്ക്കും ആശംസകള്‍ അറിയിച്ചിരിക്കുന്നത്. അമ്മയ്ക്കും കുഞ്ഞിനും ആശംസകളെന്ന് ആരാധകരും കുറിച്ചു.
ഫെബ്രുവരിയിലാണ് തങ്ങള്‍ കുഞ്ഞതിഥിയെ വരവേല്‍ക്കാനൊരുങ്ങുകയാണെന്ന സന്തോഷം വരുണും നടാഷയും ആരാധകരെ അറിയിച്ചത്.പെണ്‍കുഞ്ഞിന്റെ അച്ഛനാകണം എന്ന് വരുണ്‍ ധവാന്‍ മുന്‍പൊരിക്കല്‍ പറഞ്ഞ വാക്കുകള്‍ വീണ്ടും ചര്‍ച്ചയാകുന്നു. വിവാഹത്തില്‍ ഞാന്‍ വിശ്വസിക്കുന്നുണ്ട്. എന്റെ മാതാപിതാക്കള്‍ വളരെ ഉറച്ച ദാമ്പത്യ ബന്ധം പുലര്‍ത്തുന്നവരാണ്. എനിക്കും വിവാഹം ചെയ്യണം. എനിക്ക് കുഞ്ഞുങ്ങള്‍ വേണം. എനിക്കൊരു പെണ്‍കുഞ്ഞ് വേണം. എന്നായിരുന്നു കോഫി വിത്ത് കരണ്‍ ഷോയില്‍ വരുണ്‍ ധവാന്‍ പറഞ്ഞത്.
2021ല്‍ ആയിരുന്നു വരുണ്‍ ധവാനും ഫാഷന്‍ ഡിസൈനര്‍ നടാഷ ദലാലും വിവാഹിതരാകുന്നത്. സ്‌കൂള്‍ കാലം മുതല്‍ സുഹൃത്തുക്കളായ ഇരുവരും വര്‍ഷങ്ങളോളം പ്രണയിച്ച ശേഷമാണ് വിവാഹം ചെയ്തത്.