ഭരതന്‍ സംവിധാനം ചെയ്ത എക്കാലത്തെയും മികച്ച സിനിമകളിലൊന്നാണ് വൈശാലി. ചിത്രത്തിലെ വൈശാലിയുടെയും ഋഷ്യശൃംഗന്റെയും മുഖം ഇന്നും മലയാളികളുടെ മനസ്സില്‍ നിന്നും മാഞ്ഞിട്ടില്ല. അന്യഭാഷയിലെ താരങ്ങളായിരുന്നിട്ട് കൂടി മികച്ച സ്വീകാര്യതയും പ്രേക്ഷക പിന്തുണയും ലഭിച്ച താരങ്ങളാണ് സഞ്ജയ് മിശ്രയും സുപര്‍ണ്ണ ആനന്ദും. സുപര്‍ണയുടെ ആദ്യ സിനിമയായിരുന്നു വൈശാലി. ചിത്രവും ചിത്രത്തിലെ വൈശാലി എന്ന കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടു. സഞ്ജയുടെ കരിയറിലെ ആദ്യ സിനിമയായിരുന്നു വൈശാലി. മലയാളത്തിന് പിന്നാലെ തമിഴിലേക്കും ഹിന്ദിയിലേക്കും പ്രവേശിക്കുകയായിരുന്നു ഈ താരം.
വൈശാലിയിലെ ഇരുവരും ഒരുമിച്ചുളള മികച്ച കെമിസ്ട്രി ശ്രദ്ധിക്കപ്പെട്ടിരുന്നു. ആ സിനിമ കഴിഞ്ഞ് അധികം വൈകാതെ തന്നെ ഇരുവരും വിവാഹിതരായിരുന്നു. ഓണ്‍സ്‌ക്രീനിലെ കെമിസ്ട്രി ജീവിത്തില്‍ കൊണ്ടുവരാന്‍ ഇരുവരും തീരുമാനിക്കുകയായിരുന്നു. സിനിമ റിലീസ് ചെയ്ത 3 പതിറ്റാണ്ട് പൂര്‍ത്തിയാക്കിയപ്പോഴും ആരാധകര്‍ തിരക്കിയത് നായികാനായകന്‍മാരെക്കുറിച്ചായിരുന്നു. 22മാത്തെ വയസ്സിലായിരുന്നു സഞ്ജയ് ഈ ചിത്രത്തില്‍ അഭിനയിച്ചത്.വൈശാലി കഴിഞ്ഞയുടന്‍ വിവാഹജീവിതത്തിലേക്ക് പ്രവേശിച്ച സുപര്‍ണ്ണയും സഞ്ജയും 2007ലായിരുന്നു വേര്‍പിരിഞ്ഞത്. മക്കള്‍ സുപര്‍ണ്ണയ്‌ക്കൊപ്പമാണ് കഴിയുന്നത്. വിവാഹമോചനത്തിന് പിന്നാലെ ഇരുവരും പുനര്‍വിവാഹിതരായിരുന്നു.
റിമി ടോമി അവതരിപ്പിക്കുന്ന ഒന്നും ഒന്നും മൂന്നിലൂടെ സഞ്ജയ് പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തിയിരുന്നു. വിവാഹമോചനത്തിന് ശേഷവും സുപര്‍ണ്ണയുമായി സൗഹൃദത്തിലാണെന്ന് നേരത്തെ താരം പറഞ്ഞിരുന്നു. അപകടത്തെതുടര്‍ന്ന് വിശ്രമത്തിലായതിനാലാണ് തനിക്ക് അന്ന് എത്താന്‍ സാധിക്കാത്തതെന്നും സുപര്‍ണ്ണ പറഞ്ഞിരുന്നു. എന്നാലിപ്പോള്‍ ഒന്നും ഒന്നും മൂന്നിന്റെ എപ്പിസോഡില്‍ ഇരുവരും ഒരുമിച്ച് എത്തിയിരിക്കയാണ്. രണ്ടുവര്‍ഷങ്ങള്‍ക്കു ശേഷമാണ് ഇരുവരും വീണ്ടും കണ്ടുമിട്ടിയത്. നേരത്തെ മൂത്തമകന്റെ ഗ്രാജ്വേഷന്‍ ചടങ്ങിനിടയില്‍ തങ്ങള്‍ കണ്ടിരുന്നു. പിന്നീട് ചാനല്‍ അവാര്‍ഡ് വേദിയിലും തങ്ങള്‍ ഒരുമിച്ചെത്തിയിരുന്നുവെങ്കിലും ഇതാദ്യമായാണ് ഒരു പരിപാടിക്കായി ഒരുമിച്ചത്. തങ്ങള്‍ രണ്ട് പേരും വീണ്ടും ഒരു പരിപാടിയില്‍ ഒരുമിച്ചതിന്റെ സകലമാന ക്രെഡിറ്റും റിമി ടോമിക്കാണെന്നായിരുന്നു ഇരുവരും പറഞ്ഞത്. ഷോയില്‍ സഞ്ജയും സുപര്‍ണയും ഒരുമിച്ച് പാട്ടും പാടിയിരുന്നു. ഇന്ദ്രനീലിമയോലും എന്ന ഗാനം ഇരുവരും വേദിയില്‍ പുനരാവിഷ്‌കരിച്ചിരുന്നു.
രണ്ടുപേരും ഒരുമിച്ച് ലൊക്കേഷനിലുണ്ടായിരുന്ന ദിവസം ചിത്രീകരിച്ച രംഗത്തെക്കുറിച്ചും റിമി ടോമി ചോദിച്ചിരുന്നു. ഋഷ്യശൃംഗനും വൈശാലിയും തമ്മിലുള്ള ചുംബന രംഗങ്ങളായിരുന്നു ആദ്യത്തെ ഷോട്ടെന്ന് ഇരുവരും ഇപ്പോഴും ഓര്‍ക്കുന്നുണ്ട്. ആ രംഗത്തിനിടയില്‍ നിരവധി റീടേക്ക് വേണ്ടിവന്നിരുന്നു. ക്ലൈമാക്സ് രംഗമായിരുന്നു ഭരതന്‍ സാര്‍ ആദ്യമായി ചിത്രീകരിച്ചതെന്നും ഇരുവരും പറഞ്ഞു.16 വയസ്സ് മുതല്‍ താന്‍ കലാരംഗത്ത് സജീവമായിരുന്നുവെന്ന് സുപര്‍ണ്ണ പറയുന്നു. ബാലതാരമായാണ് സിനിമയിലേക്കെത്തിയത്. തന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട സംഭവത്തെക്കുറിച്ചും താരം പറഞ്ഞിരുന്നു. 16മാത്തെ പിറന്നാളാഘോഷം കേമമായി ആഘോഷിച്ചതിന് പിന്നാലെയായാണ് പിതാവ് മകള്‍ക്കായി ഒരു വീട് സമ്മാനിച്ചത്. ആഘോഷത്തിന് പിന്നാലെ തനിക്ക് ലഭിച്ച സമ്മാനത്തിലും സുപര്‍ണ്ണ സന്തോഷവതിയായിരുന്നു. അതിന് പിന്നാലെയായാണ് സുപര്‍ണ്ണയെത്തേടി വൈശാലിയും എത്തിയത്.
ആദ്യപ്രണയത്തെക്കുറിച്ച് റിമി ടോമി ഇരുവരോടും ചോദിച്ചിരുന്നു. സ്‌കൂളില്‍ പഠിക്കുന്ന സമയത്തായിരുന്നു അതെന്നായിരുന്നു സുപര്‍ണ്ണ പറഞ്ഞത്. 16ാമത്തെ വയസ്സിലായിരുന്നു ഫസ്റ്റ് ക്രഷെന്നായിരുന്നു സഞ്ജയ് പറഞ്ഞത്. ഇപ്പോഴും തങ്ങള്‍ക്ക് പ്രണയസന്ദേശങ്ങള്‍ ലഭിക്കുന്നുണ്ടെന്നും ഇരുവരും പറയുന്നു. തനിക്ക് ഇപ്പോഴും ഫോണ്‍ കോളുകള്‍ ലഭിക്കുന്നുണ്ടെന്നായിരുന്നു സുപര്‍ണ്ണ പറഞ്ഞത്. കേരളത്തില്‍ എത്തിയതിന് ശേഷം നിരവധി പേരാണ് തനിക്ക് സന്ദേശം അയച്ചതെന്നായിരുന്നു സഞ്ജയ് പറഞ്ഞത്. സുപര്‍ണ്ണയെക്കുറിച്ചുള്ള വിശേഷത്തെക്കുറിച്ചും പലരും ചോദിച്ചിരുന്നു. ജീവിതത്തില്‍ അമ്മയുടെ പിന്തുണയെക്കുറിച്ചും താരം വാചാലയായിരുന്നു.സ്ത്രീകളെ കാണുമ്പോള്‍ കണ്ണുകളിലേക്കാണ് താന്‍ ആദ്യം നോക്കുന്നതെന്നായിരുന്നു സഞജയ് പറഞ്ഞത്. സുപര്‍ണ്ണയുടെ കണ്ണുകളും നിഷ്‌കളങ്കതയുമാണ് തന്നെ ആകര്‍ഷിച്ചതെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഉയരമാണ് തന്നെ ആകര്‍ഷിക്കുന്നതെന്നാണ് സുപര്‍ണ്ണ പറഞ്ഞത്. ഉയരം കുറഞ്ഞ പ്രകൃതമായതിനാലാവാം താന്‍ ആദ്യം ശ്രദ്ധിക്കുന്നത് ഇതേക്കുറിച്ചാണ്.
വൈശാലിയും ഋഷ്യശ്രൃംഗനും മാത്രമല്ല വൈശാലിയുടെ ക്യാമറാമാന്‍ കൂടിയായ മധു അമ്പാട്ടും പരിപാടിയിലേക്കെത്തിയിരുന്നു. വേര്‍പിരിഞ്ഞിട്ടും സുഹൃത്തുക്കളെ പോലെയുളള സഞ്ജയുടേയും സുപര്‍ണയുടേയും പെരുമാറ്റം മറ്റു താരങ്ങള്‍ കണ്ടു പഠിക്കണമെന്നാണ് പ്രേക്ഷകര്‍ പറയുന്നത്.