Latest News

'ഒരുപാടുപേര്‍ എന്റെ പിന്നാലെയുള്ളതായി കേട്ടു; ഇപ്പോള്‍ അവര്‍ക്കെതിരെ തിരിയാനുള്ള സമയമായി'; സികന്ദറില്‍ സല്‍മാന്‍ ഖാന്റെ ഡയലോഗ് ബിഷ്ണോയി സംഘത്തിനെതിരെ? ആവേശത്തോടെ ഏറ്റെടുത്ത് ആരാധകര്‍ 

Malayalilife
 'ഒരുപാടുപേര്‍ എന്റെ പിന്നാലെയുള്ളതായി കേട്ടു; ഇപ്പോള്‍ അവര്‍ക്കെതിരെ തിരിയാനുള്ള സമയമായി'; സികന്ദറില്‍ സല്‍മാന്‍ ഖാന്റെ ഡയലോഗ് ബിഷ്ണോയി സംഘത്തിനെതിരെ? ആവേശത്തോടെ ഏറ്റെടുത്ത് ആരാധകര്‍ 

ഴിഞ്ഞദിവസമാണ് സല്‍മാന്‍ ഖാനെ നായകനാക്കി എ.ആര്‍.മുരുഗദോസ് സംവിധാനംചെയ്യുന്ന സികന്ദര്‍ എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തുവന്നത്. മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ വിയോഗത്തെത്തുടര്‍ന്ന് മാറ്റിവെച്ചിരുന്ന ടീസര്‍ റിലീസ് കഴിഞ്ഞദിവസമാണ് നടന്നത്. സൂപ്പര്‍താരത്തിന്റെ പിറന്നാള്‍ പ്രമാണിച്ചായിരുന്നു ഇത്. സല്‍മാന്‍ ഖാന്റെ മാസ് പരിവേഷവും സംഭാഷണങ്ങളുമെല്ലാം ആരാധകര്‍ ആവേശത്തോടെയാണ് സ്വീകരിച്ചത്. ടീസറില്‍ സല്‍മാന്‍ ഖാന്‍ പറയുന്ന സംഭാഷണം ഇപ്പോള്‍ ചര്‍ച്ചയായിരിക്കുകയാണ്.

'ഒരുപാടുപേര്‍ എന്റെ പിന്നാലെയുള്ളതായി കേട്ടു. ഇപ്പോള്‍ അവര്‍ക്കെതിരെ തിരിയാനുള്ള സമയമായി' എന്നാണ് ഇപ്പോള്‍ വൈറലായ സംഭാഷണം. തനിക്കെതിരെ വധഭീക്ഷണി മുഴക്കിയ അധോലോക കുറ്റവാളി ലോറന്‍സ് ബിഷ്ണോയി സംഘത്തിനെതിരെയുള്ള സല്‍മാന്‍ ഖാന്റെ പരോക്ഷ മറുപടിയായാണ് സോഷ്യല്‍ മീഡിയ ഈ ഡയലോഗിനെ വിലയിരുത്തുന്നത്. ഇതുമായി ബന്ധപ്പെട്ട് എക്സ് പ്ലാറ്റ്ഫോമിലുള്‍പ്പെടെ ചര്‍ച്ച സജീവമാണ്. 

സല്‍മാന്‍ ഖാന്റെ വാക്കുകള്‍ ബിഷ്ണോയി സംഘത്തിനെതിരായാണോ എന്നാണ് ഒരു എക്സ് ഉപയോക്താവ് ചോദിച്ചത്. സല്‍മാന്‍ ഖാനും സികന്ദര്‍ ടീമും ബിഷ്ണോയ് സംഘത്തെ തന്ത്രപരമായി റോസ്റ്റ് ചെയ്തതാണോ ആ സംഭാഷണം മനസില്‍ത്തട്ടി. അത് വളരെ ശക്തവും വ്യക്തിപരവുമാണെന്ന് തോന്നിയെന്നാണ് വന്ന പ്രതികരണങ്ങളിലുള്ളത്. ബിഷ്ണോയ് സംഘത്തെ മാത്രമല്ല നടനും സംവിധായകനുമായ കെ.ആര്‍.കെയേയും ഉദ്ദേശിച്ചുള്ളതാണ് ഈ സംഭാഷണമെന്ന് അഭിപ്രായപ്പെട്ടവരുണ്ട്.

സല്‍മാന്‍ ഖാന്‍ അവതരിപ്പിച്ചിരിക്കുന്ന കഥാപാത്രത്തെ വിചിത്ര വേഷധാരികളായ ഒരുസംഘമാളുകള്‍ ആക്രമിക്കാന്‍ വരുന്നതും അദ്ദേഹം അവരെ തുരത്തുന്നതുമാണ് ടീസറിലുള്ളത്. ഗുണ്ടാസംഘത്തിന്റെ നേതാവെന്ന് തോന്നിക്കുന്നയാള്‍ തലയില്‍ അണിഞ്ഞിരിക്കുന്ന കിരീടത്തില്‍ കൃഷ്ണമൃഗത്തിന്റെ കൊമ്പുള്ള കാര്യം ചൂണ്ടിക്കാട്ടിയവരുമുണ്ട്. 2025 ഈദ് റിലീസായാണ് സികന്ദര്‍ തിയേറ്ററുകളിലെത്തുക. 

മുരുഗദോസിന്റേതുതന്നെയാണ് തിരക്കഥയും. സാജിദ് നാദിയാവാലയാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ലോറന്‍സ് ബിഷ്‌ണോയ് സംഘം കൊലപ്പെടുത്താന്‍ ആദ്യം ലക്ഷ്യമിട്ടത് ബോളിവുഡ് താരം സല്‍മാന്‍ ഖാനെയാണെന്ന് മുംബൈ പോലീസ് നേരത്തേ വ്യക്തമാക്കിയിരുന്നു. എന്‍.സി.പി. നേതാവും മഹാരാഷ്ട്ര മുന്‍മന്ത്രിയുമായ ബാബ സിദ്ദിഖിയുടെ വധത്തിനുപിന്നാലെ പോലീസ് കസ്റ്റഡിയിലെടുത്ത പ്രതികളെ ചോദ്യംചെയ്തതില്‍നിന്നാണ് നിര്‍ണായകവിവരം ലഭിച്ചതെന്ന് മുംബൈ ക്രൈംബ്രാഞ്ച് പറയുകയുണ്ടായി. നടന്റെ സുരക്ഷ മറികടക്കാന്‍ കഴിയാത്തതിനേത്തുടര്‍ന്നാണ് ശ്രദ്ധ ബാബ സിദ്ദിഖിയിലേക്ക് മാറ്റിയതെന്നും പോലീസ് പറഞ്ഞിരുന്നു.

Sikandar teaser trailer

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES