കഴിഞ്ഞദിവസങ്ങളില്‍ മലയാളികള്‍ ആശങ്കയോടെ കേട്ട വാര്‍ത്തയായിരുന്നു ശ്രീനിവാസനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതും വെന്റിലേറ്റര്‍ സഹായം നല്‍കിയതും.
ശ്വാസതടസ്സവും നെഞ്ചുവേദനയും അനുഭവപ്പെട്ടതിനെത്തുടര്‍ന്നാണ് ശ്രീനിവാസനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഒരു ദിവസം വെന്റിലേറ്റര്‍ സഹായവും അദ്ദേഹത്തിന് നല്‍കിയിരുന്നു. എന്നാല്‍ പല മാധ്യമങ്ങളും ശ്രീനിയുടെ ചികിത്സ സംബന്ധിച്ച് വ്യാജമായ വിവരളാണ് റിപ്പോര്‍ട്ട് ചെയ്യുന്നതെന്ന് സത്യന്‍ അന്തിക്കാട്. തിരുവനന്തപുരത്ത് നടക്കുന്ന മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തില്‍ സംസാരിക്കവെയാണ് സത്യന്‍ അന്തിക്കാട് തന്റെ അടുത്ത സുഹൃത്ത് കൂടിയായ ശ്രീനിവാസന്റെ അനാരോഗ്യത്തെക്കുറിച്ചും വ്യക്തമാക്കിയത്.
'ശ്രീനിക്ക് ശ്വാസംമുട്ടല്‍ അനുഭവപ്പെടുകയായിരുന്നു. വെള്ളത്തില്‍ ഒരാളെ മുക്കിപ്പിടിച്ചാലുള്ള അവസ്ഥയായിരുന്നെന്നാണ് വി എം വിനു പറഞ്ഞത്. ആശുപത്രിയില്‍ കൊണ്ടുപോയപ്പോള്‍ത്തന്നെ വെന്റിലേറ്ററിലാക്കി. കണ്ടപ്പോള്‍ തനിക്ക് വിഷമമായി. എന്നാല്‍ പേടിക്കാനൊന്നുമില്ല, സപ്പോര്‍ട്ടിനുവേണ്ടിയാണ് വെന്റിലേറ്ററെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞുവെന്നും ഇന്നലെ രാവിലെ താന്‍ കാണാന്‍ ചെന്നപ്പോള്‍ വെന്റിലേറ്റര്‍ മാറ്റിയിരുന്നെന്നും ശ്രീനിവാസനുമായി സംസാരിച്ചെന്നും സത്യന്‍ അന്തിക്കാട് വ്യക്തമാക്കി.
ആശുപത്രി കിടക്കയിലും താന്‍ ശ്രീനിയോട് ആവശ്യപ്പെട്ട കാര്യത്തെക്കുറിച്ചും സത്യന്‍ അന്തിക്കാട് വ്യക്തമാക്കി. ശ്രീനിയോട് ആവശ്യപ്പെട്ടത് പുതിയ തിരക്കഥ ആലോചിക്കാനാണ്.നിങ്ങള്‍ അസുഖ കിടക്കയില്‍ നിന്ന് ഇറങ്ങിവന്ന് ആദ്യം എഴുതുന്ന തിരക്കഥ ഹിറ്റ് ആവാറുണ്ട്. ഞാന്‍ പ്രകാശന്റെ തിരക്കഥ എഴുതുന്നതിന് തൊട്ടുമുന്‍പും ഇതുപോലെ ഒരു അസ്വസ്ഥത ഉണ്ടായിരുന്നു. അതുകൊണ്ട് ഉടന്‍ തന്നെ അടുത്ത സിനിമയ്ക്കുള്ള തിരക്കഥ ആലോചിക്കെന്നാണ് താന്‍ പറഞ്ഞതെന്ന് സത്യന്‍ അന്തിക്കാട് പറയുന്നു. താനും അതുതന്നെയാണ് ആലോചിക്കുന്നതെന്നാണ് ശ്രീനിവാസന്‍ മറുപടി നല്‍കിയതെന്നും സത്യന്‍ അന്തിക്കാട് പറഞ്ഞു. ശ്രീനിവാസന്റെ ആരോഗ്യനിലയില്‍ നല്ല പുരോഗതിയാണുള്ളതെന്നും ഐസിയുവില്‍ നിന്ന് മാറ്റാത്തത് സന്ദര്‍ശകരെ കുറയ്ക്കാന്‍ വേണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു. രണ്ട് ദിവസം കഴിഞ്ഞാല്‍ വീട്ടിലേക്ക് മാറ്റുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.കഴിഞ്ഞ ക്രിസ്മസ് റിലീസായെത്തിയ 'ഞാന്‍ പ്രകാശനി'ലാണ് സത്യന്‍ അന്തിക്കാടും ശ്രീനിവാസനും അവസാനമായി ഒന്നിച്ചത്. പതിനാറ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ആ ഹിറ്റ് കോമ്പിനേഷന്‍ ഒന്നിച്ചത്. ഫഹദ് നായകനായ ചിത്രം വലിയ വിജയമായിരുന്നു.