എസ്.എസ് രാജമൗലി സംവിധാനം ചെയ്ത ആര്‍ആര്‍ആര്‍ എന്ന ബ്രഹ്മാണ്ഡ ചിത്രം പറയുന്നത് സ്വവര്‍ഗ പ്രണയ കഥയെന്ന മലയാളിയും ഓസ്‌കര്‍ ജേതാവുമായ റസൂല്‍ പൂക്കുട്ടിയുടെ പരാമര്‍ശം ആരാധകരുടെ വിമര്‍ശനത്തിനും രോഷത്തിനും ഇടയാക്കി. തന്റെ പരാമര്‍ശം വിവാദത്തിലായതോടെ താന്‍ പറഞ്ഞ കാര്യങ്ങള്‍ പൊതുമണ്ഡലത്തില്‍ ചര്‍ച്ചയിലുള്ള കാര്യങ്ങളാണെന്നും ആരെയും അധിക്ഷേപിക്കാനായിരുന്നില്ലെന്നും റസൂല്‍ പൂക്കുട്ടി പറഞ്ഞു. ചിത്രത്തെക്കുറിച്ച് അന്താരാഷ്ട്ര പ്രേക്ഷകരുടെ അഭിപ്രായം താന്‍ പറയുക മാത്രമായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
ആര്‍.ആര്‍.ആര്‍ പറയുന്നത് സ്വവര്‍ഗ പ്രണയകഥയാണെന്ന് റസൂല്‍ പൂക്കുട്ടി ട്വിറ്ററില്‍ ആണ്് കുറിച്ചത്. നടനും എഴുത്തുകാരനുമായ മുനീഷ് ഭരദ്വാജ് ആര്‍.ആര്‍.ആറിനെ മാലിന്യം എന്ന് വിളിച്ച് ട്വീറ്റ് ചെയ്തതിനുള്ള മറുപടിയായാണ് റസൂല്‍ പൂക്കുട്ടി ഗേ ലൗ സ്റ്റോറി എന്ന് പരാമര്‍ശം നടത്തിയത്. ചിത്രത്തിലെ നായികയായ ആലിയ ഭട്ട് വെറും ഉപകരണമായിരുന്നുവെന്നും അനുബന്ധമായി പൂക്കുട്ടി പറഞ്ഞു. പൂക്കുട്ടിയുടെ ഈ പരാമര്‍ശം ആണ് വന്‍വിമര്‍ശനത്തിന് ഇടയാക്കിയത്.
മാര്‍ച്ച് 25ന് തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രം ഒരു മാസത്തിനുള്ളില്‍ തന്നെ ആയിരം കോടി കളക്ഷന്‍ നേടിയിരുന്നു. ഇതുവരെ 1150 കോടിയാണ് ചിത്രം ബോക്‌സോഫീസ് കളക്ഷനായി നേടിയത്. ചിത്രത്തില്‍ അജയ് ദേവ്ഗന്‍,ഒലിവിയ മോറിസ്, സമുദ്രക്കനി, അലിസണ്‍ ഡൂഡി, റേ സ്റ്റീവന്‍സണ്‍, ശ്രിയ ശരണ്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തി.
തെലുങ്ക് സൂപ്പര്‍താരങ്ങളായ രാംചരണിനെയും ജൂനിയര്‍ എന്‍.ടി.ആറിനെയും കേന്ദ്രകഥാപാത്രങ്ങളാക്കി സംവിധാനം ചെയ്ത ആര്‍.ആര്‍.ആര്‍ ഹോളിവുഡ് ക്രിട്ടിക് അസോസിയേഷന്‍ ഏര്‍പ്പെടുത്തിയ മിഡ് സീസണ്‍ പുരസ്‌കാരത്തില്‍ മികച്ച രണ്ടാമത്തെ ചിത്രമായി തിരഞ്ഞെടുത്തിരുന്നു. ഈ പുരസ്‌കാരം നേടുന്ന ആദ്യ ഇന്ത്യന്‍ ചിത്രമാണ് ആര്‍.ആര്‍.ആര്‍.