വിവാദങ്ങള്‍ക്ക് തിരികൊളുത്തി ബോളിവുഡ് സംവിധായകന്‍ രാംഗോപാല്‍ വര്‍മ്മയുടെ പുതിയ പോസ്റ്റ്. ഒക്ടോബര്‍ 20ന് രാജ്യം ദീപാവലി ആഘോഷിക്കുമ്പോള്‍ അദ്ദേഹം പങ്കുവെച്ച ഈ പരാമര്‍ശം സാമൂഹിക പ്രവര്‍ത്തകരുടെയും എഴുത്തുകാരുടെയും രൂക്ഷമായ വിമര്‍ശനത്തിനിടയാക്കി. 'ഇന്ത്യയില്‍ ഒരു ദിവസം മാത്രമേ ദീപാവലി ഉള്ളൂ, ഗസ്സയില്‍ എല്ലാ ദിവസവും ദീപാവലിയാണ്' എന്നായിരുന്നു ആര്‍.ജി.വിയുടെ ട്വീറ്റ്.
ദീപാവലിയെ ഗസ്സയിലെ സാഹചര്യങ്ങളുമായി താരതമ്യം ചെയ്തത് തീര്‍ത്തും യുക്തിരഹിതമാണെന്നും, കൊല്ലപ്പെട്ട കുട്ടികളടക്കമുള്ളവരോടുള്ള അവഹേളനമാണെന്നും നിരവധിപ്പേര്‍ അഭിപ്രായപ്പെട്ടു. ഇത് ധാര്‍മ്മികമായ തകര്‍ച്ചയുടെ സൂചനയാണെന്ന് മാധ്യമപ്രവര്‍ത്തക റാണ അയ്യൂബ് വിശേഷിപ്പിച്ചു. ദീപാവലി വെളിച്ചത്തെയും പ്രതീക്ഷയെയും കുറിക്കുന്നതാണെന്നും, ഗസ്സയാകട്ടെ വേദനയുടെയും അതിജീവനത്തിന്റെയും പ്രതീകമാണെന്നും ആക്ടിവിസ്റ്റ് രാഖി ത്രിപാഠി പ്രതികരിച്ചു.
രാംഗോപാല്‍ വര്‍മ്മയില്‍ നിന്ന് ഇത്തരമൊരു പ്രതികരണം ഒരിക്കലും പ്രതീക്ഷിച്ചില്ലെന്ന് എഴുത്തുകാരനായ അശോക് കുമാര്‍ പാണ്ഡെയും പറഞ്ഞു. യഥാര്‍ത്ഥത്തില്‍ ഫാസിസ്റ്റ് വിരുദ്ധ നിലപാടുള്ള ഒരാളില്‍ നിന്ന് ഇത് പ്രതീക്ഷിക്കുന്നില്ലെന്നും ആരാധകരും സിനിമാപ്രേമികളും ചൂണ്ടിക്കാട്ടി. എന്നാല്‍, ഈ പോസ്റ്റ് പിന്‍വലിക്കാനോ ഇതിനെക്കുറിച്ച് വിശദീകരണം നല്‍കാനോ അദ്ദേഹം ഇതുവരെ തയ്യാറായിട്ടില്ല. ക്ഷമാപണവും നടത്തിയിട്ടില്ല.