രജനീകാന്ത് കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് 'ദർബാർ'. എ ആർ മുരുഗദോസ് ആണ് ചിത്രത്തിന്റെ സംവിധാനം നിർവ്വഹിക്കുന്നത്. തമിഴകത്തെ ലേഡി സൂപ്പർ സ്റ്റാർ നയൻ താരയും ചിത്രത്തിൽ മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അതേസമയം ദർബാറിന്റെ ചിത്രീകരണം മുംബൈയിൽ പുരോഗമിക്കുകയാണ്. എന്നാലിപ്പോൾ പുറത്ത് വരുന്ന വാർത്ത ചിത്രീകരണം നടക്കുന്ന കോളേജിൽ വിദ്യാർത്ഥികളുടെ കല്ലേറിനെ തുടർന്ന് ഷൂട്ടിങ് തടസ്സപ്പെട്ടുവെന്നാണ്.
ഷൂട്ടിങ് നടക്കുന്ന കോളജിൽ സിനിമാ ചിത്രീകരണ സംഘം കർശന നിയന്ത്രണം ഏർപ്പെടുത്തിയതിൽ പ്രതിഷേധിച്ച് വിദ്യാർത്ഥികൾ കല്ലെറിഞ്ഞപ്പോഴാണ് ചിത്രീകരണം തടസ്സപ്പെട്ടത്.ചിത്രീകരണത്തിന്റെ ഫോട്ടോകളും വീഡിയോകളും പകർത്തുന്നത് ചിത്രീകരണ സംഘം തടഞ്ഞിരുന്നു. ഇതിൽ പ്രതിഷേധിച്ച് കെട്ടിടങ്ങളുടെ മുകളിൽനിന്നു വിദ്യാർത്ഥികൾ കല്ലുകൾ എറിഞ്ഞു.
കല്ലുകളിൽ ചിലത് ക്രൂവിന്റെ ശരീരത്തിൽ പതിക്കുകയും ചെയ്തു. സംഭവത്തിൽ സംവിധായകൻ എ.ആർ. മുരുഗദോസ് സ്‌കൂൾ മാനേജ്‌മെന്റിനോടു പരാതിപ്പെട്ടു. ചിത്രത്തിന്റെ ഷൂട്ടിങ് ഈ കോളജിൽ നിന്നും മാറ്റാനാണ് നിർമ്മാതാക്കൾ ആലോചിക്കുന്നതെന്നാണ് സൂചന.
'ദർബാറി'ൽ നയൻതാരയാണ് നായികയായി എത്തുന്നത്. രജനിയുടെ 16ആം ചിത്രമാണിത്. ഇതാദ്യമായാണ് രജനിയും മുരുഗദോസും ഒന്നിക്കുന്നത്. എസ്.ജെ. സൂര്യ വില്ലൻ വേഷം കൈകാര്യം ചെയ്യുന്നു.1992ൽ പുറത്തിറങ്ങിയ 'പാണ്ഡ്യൻ' എന്ന സിനിമയിലാണ് രജനി അവസാനമായി പൊലീസ് വേഷത്തിൽ എത്തിയത്. സിനിമയെക്കുറിച്ചുള്ള മറ്റു വിവരങ്ങൾ പുറത്ത് വന്നിട്ടില്ല.
പേട്ടക്ക് ശേഷം വലിയ പ്രതീക്ഷയോടെ ആരാധകർ കാത്തിരിക്കുന്ന ചിത്രമാണ് ദർബാർ. 25 വർഷത്തിന് ശേഷമാണ് രജനീകാന്ത് പൊലീസ് ഓഫിസറുടെ വേഷത്തിൽ അഭിനയിക്കുന്നത്. 2020ൽ ചിത്രം റിലീസ് ചെയ്യും.