ലോക സാഹിത്യത്തില്‍ തന്നെ തരംഗം സൃഷ്ടിച്ച സൂപ്പര്‍ ഹീറോകളുടെ സൃഷ്ടാവും അമേരിക്കന്‍ കോമിക്ക് ബുക്ക് കഥാകാരനുമായ സ്റ്റാന്‍ ലീയുടെ (95) വേര്‍പാടില്‍ വേദനിച്ചിരിക്കുകയാണ് ലോകം. കുട്ടുകളുടേയും മുതിര്‍ന്നവരുടേയും പ്രിയപ്പെട്ട കഥാപാത്രങ്ങളായ സ്പൈഡര്‍മാന്‍, അയണ്‍മാന്‍, ഹള്‍ക്ക്, തോര്‍, ഡോക്ടര്‍ സ്ട്രേഞ്ച് തുടങ്ങി ഒട്ടനവധി സൂപ്പര്‍ഹീറോകളെ മാര്‍വല്‍ കോമിക്സിലൂടെ അവതരിപ്പിച്ച അതുല്യ പ്രതിഭയെയാണ് ലോകത്തിന് നഷ്ടമായത്. പ്രായാധിക്യം മൂലമുള്ള അസുഖങ്ങള്‍ക്ക് ചികിത്സയിലായിരുന്നു ലീ.
ലോക സാഹിത്യത്തില്‍ ഏറ്റവുമധികം ആരാധകരുള്ള എഴുത്തുകാരന്‍ കൂടിയായിരുന്നു അദ്ദേഹം. ജാക്ക് കേര്‍ബി, സ്റ്റീവ് ഡിറ്റ്കോ തുടങ്ങിയ ആര്‍ട്ടിസ്റ്റുകളുമായി ചേര്‍ന്നാണ് സ്റ്റാന്‍ ലീ സൂപ്പര്‍ഹീറോകളെ മാര്‍വല്‍ കോമിക്സുകളിലൂടെ ലോകത്തിന് സമര്‍പ്പിച്ചത്. ബ്ലാക്ക് പാന്തര്‍, എക്സ് മെന്‍, ഫന്റാസ്റ്റിക് ഫോര്‍ തുടങ്ങി ലീ സൃഷ്ടിച്ച കഥാപാത്രങ്ങളേറെ. മാര്‍വല്‍ സൂപ്പര്‍ ഹീറോകളെ ആധാരമാക്കിയെടുത്ത സിനിമകള്‍ വന്‍ഹിറ്റുകളായി.
ഈ സിനിമകളില്‍ ലീ ശ്രദ്ധേയമായ വേഷവും ചെയ്തിട്ടുണ്ട്. ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയ 'അവഞ്ചേഴ്സ് ഇന്‍ഫിനിറ്റി വാറി'ല്‍ ഒരു ബസ് ഡ്രൈവറായും ലീ എത്തിയിരുന്നു. 1922ല്‍ ഒരു യഹൂദ കുടുംബത്തിലാണ് ലീയുടെ ജനനം. ലീയുടെ ചെറുപ്പത്തില്‍ തന്നെ ഇവര്‍ റുമാനിയയില്‍ നിന്നും അമേരിക്കയിലേക്ക് കുടിയേറി പാര്‍ത്തിരുന്നു. രണ്ടാം ലോക യുദ്ധകാലത്ത് യുഎസ് സേനയിലെ സിഗ്നല്‍ വിഭാഗത്തില്‍ ജോലിക്കു ചേര്‍ന്ന ലീ പിന്നീട് പരിശീലന ചിത്രങ്ങള്‍ തയാറാക്കുന്ന വിഭാഗത്തിലേക്ക് മാറി.
യുദ്ധാനന്തരം പല സ്ഥാപനങ്ങളിലും ജോലി നോക്കിയ ശേഷം മാര്‍വല്‍ കോമിക്സില്‍ എത്തുകയായിരുന്നു. അന്നുവരെ സൂപ്പര്‍ഹീറോ കഥാപാത്രങ്ങളില്‍ ഡിസി കോമിക്സ് എന്ന കമ്പനിക്കുള്ള മേല്‍ക്കൈ മാര്‍വല്‍ കോമിക്സ് തകര്‍ത്തത് ലീയുടെ സൃഷ്ടികളിലൂടെയാണ്. പരേതയായ നടി ജോന്‍ ലീയാണു ഭാര്യ.