പാന്‍ ഇന്ത്യന്‍ താരം പ്രഭാസ് ഹസ്തരേഖ വിദഗ്ദ്ധനായി എത്തുന്ന പ്രണയ ചിത്രം രാധേശ്യാമിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. മാര്‍ച്ച് 11 ന് ചിത്രം തിയറ്ററുകളിലെത്തും. പ്രണയവും വിധിയും തമ്മിലുള്ള യുദ്ധത്തിന് സാക്ഷ്യം വഹിക്കാം എന്ന അടിക്കുറിപ്പോടെയാണ് ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുന്നത്. നേരത്തെ ജനുവരി 14 ന് റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരുന്നെങ്കിലും കോവിഡ് പ്രതിസന്ധി മൂലം തീയതി നീട്ടുകയായിരുന്നു. പുതിയ തീയതി പ്രഖ്യാപിച്ചതോടെ ആരാധകരും ആവേശത്തിലായി.
ചിത്രത്തില്‍ ഹസ്തരേഖ വിദഗ്ദ്ധനായ വിക്രമാദിത്യയെന്ന കഥാപാത്രമായി പ്രഭാസ് എത്തുമ്പോള്‍ പ്രേരണയായാണ് പൂജ ഹെഗ്ഡെ വേഷമിടുന്നത്. ഇരുവരും തമ്മിലുള്ള കെമിസ്ട്രിയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. പ്രേക്ഷകര്‍ക്ക് ആവശ്യമായ എല്ലാ വിഭവങ്ങളും ചേര്‍ത്തിണക്കിയ ട്രെയിലര്‍ വലിയ സസ്പെന്‍സ് നല്‍കിയാണ് അവസാനിക്കുന്നത്. ജനനം മുതല്‍ മരണം വരെ തന്റെ ജീവിതത്തില്‍ എന്തെല്ലാം നടക്കുമെന്ന് വ്യക്തമായി അറിയാവുന്ന ഹസ്തരേഖ വിദഗ്ദ്ധനായ വിക്രമാദിത്യന്റെ ജീവിതത്തെ പിടിച്ചുലച്ച വലിയ ദുരന്തമെന്താണെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍. നേരത്തെ പുറത്തിറക്കിയ ട്രെയിലര്‍ ടൈറ്റാനിക് ചിത്രത്തിന്റെ ക്ലൈമാക്സ് ഓര്‍മ്മപ്പെടുത്തുംവിധമായിരുന്നു.
'ട്രെയിലറില്‍ പ്രഭാസ് പറയുന്നത് പോലെ വിധിയെ എതിര്‍ത്ത് പ്രേമത്തിന് ജയിക്കാനാകുമോ എന്നറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകരും. യുവി ക്രിയേഷന്‍, ടി - സീരീസ് ബാനറില്‍ ഭൂഷണ്‍ കുമാര്‍, വാംസി, പ്രമോദ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് രാധാ കൃഷ്ണകുമാറാണ്. ചിത്രത്തില്‍ സച്ചിന്‍ ഖേദേക്കര്‍, ഭാഗ്യശ്രീ, പ്രിയദര്‍ശി, മുരളി ശര്‍മ, സാശാ ചേത്രി, കുനാല്‍ റോയ് കപൂര്‍ എന്നിവരും പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്.തെലുങ്ക്, ഹിന്ദി, തമിഴ്, മലയാളം എന്നീ നാല് ഭാഷകളില്‍ പുറത്തിറങ്ങുന്ന രാധേശ്യാമിലെ മനോഹരമായ ഗാനങ്ങള്‍ ചിട്ടപ്പെടുത്തിയിരിക്കുന്നത് ജസ്റ്റിന്‍ പ്രഭാകര്‍. ഛായാഗ്രഹണം: മനോജ് പരമഹംസ, എഡിറ്റിംഗ്: കോട്ടഗിരി വെങ്കിടേശ്വര റാവു,ആക്ഷന്‍: നിക്ക് പവല്‍,ശബ്ദ രൂപകല്‍പ്പന: റസൂല്‍ പൂക്കുട്ടി,നൃത്തം: വൈഭവി,കോസ്റ്റ്യൂം ഡിസൈനര്‍: തോട്ട വിജയഭാസ്‌കര്‍,ഇഖ ലഖാനി, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- എന്‍. സന്ദീപ്.