ദിലീപിന്റെ കരിയറിലെ തന്നെ മികച്ച ചിത്രങ്ങളിൽ ഒന്നായിരുന്നു ഈ പറക്കും തളിക. ചിത്രത്തിൽ ദിലീപിനെ കൂടാതെ ഹരിശ്രീ അശോകന്‍, കൊച്ചിന്‍ ഹനീഫ, ഒടുവില്‍ ഉണ്ണികൃഷ്ണന്‍, നിത്യാ ദാസ് തുടങ്ങി വന്‍ താരനിരയാണ് അണിനിരന്നത്. ചിത്രത്തിൽ പ്രധാന കഥാപാത്രമായി ഇവരോടൊക്കെയൊപ്പം താമരാക്ഷന്‍ പിള്ള എന്ന തട്ടുപൊളിപ്പന്‍ ബസും ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ താമരാക്ഷന്‍ പിള്ളയെന്ന ബസിനെ കണ്ടെത്തിയത് എവിടെ നിന്നാണെന്നും ആ ബസിന് പിന്നീട് എന്ത് സംഭവിച്ചുവെന്നും പറയുകയാണ് നിര്‍മ്മാതാവ് എംഎം ഹംസയും സംവിധായകന്‍ താഹയും.
'' ബസിനുള്ളില്‍ സിനിമ ചിത്രീകരിക്കണമെങ്കില്‍ അതിന്റെ ബോഡിയില്‍ അടക്കം ഒരു പാടു മാറ്റങ്ങള്‍ വരുത്തണം, എന്നാല്‍ റണ്ണിങ് കണ്ടീഷനിലുമായിരിക്കണം എന്ന തീരുമാനമാണ് പെര്‍മിറ്റുള്ളൊരു ബസ് വാങ്ങാം ചിന്തയിലെത്തിക്കുന്നത്. അതിനായുള്ള അന്വേഷണം തെങ്ങണ വഴി കോട്ടയം ചങ്ങനാശേരി റൂട്ടില്‍ ഓടുന്ന ബസില്‍ എത്തി നിന്നു. തെങ്ങണയില്‍ ഉള്ള ബസ് ഉടമയുടെ വീട്ടില്‍ ചെന്ന് ആവശ്യം പറഞ്ഞപ്പോള്‍ അവര്‍ സന്തോഷപൂര്‍വ്വം ബസ് വില്‍ക്കാന്‍ തയ്യാറായി. അന്നു തന്നെ മുഴുവന്‍ പണവും നല്‍കി ബസ് വാങ്ങുകയായിരുന്നു.
ചിത്രത്തിന്റെ ഷൂട്ട് കഴിഞ്ഞതോടെ ബസിടാന്‍ സ്ഥലമില്ലാതെയായി. റൂട്ട് പെര്‍മിറ്റ് ഉണ്ടായിരുന്നതു കൊണ്ട് പഴയ റൂട്ടില്‍ ഓടിക്കാമെന്ന് ആലോചിച്ചെങ്കിലും സിനിമയുടെ ഷൂട്ടിങ് ആവശ്യങ്ങള്‍ക്കായി വരുത്തിയ മാറ്റങ്ങള്‍ മൂലം ആര്‍ടിഒ അനുമതി ലഭിക്കുമോ എന്ന് സംശയമായിരുന്നു. വെറുതേ കിടന്ന് നശിക്കരുതല്ലോ എന്നു കരുതിയാണ് വാങ്ങാന്‍ ആഗ്രഹവുമായി എത്തിയ ഒരു നാഗര്‍കോവിലുകാരന് ആ ബസ് നല്‍കി. ഷൂട്ടിങ് ആവശ്യത്തിനായി നിരവധി മാറ്റങ്ങള്‍ ആ ബസില്‍ വരുത്തിയിട്ടുണ്ട്. ക്യാമറയും മറ്റും ഘടിപ്പിക്കുന്നതിനായി ധാരാളം മാറ്റങ്ങള്‍ വരുത്തി. ബസിന്റെ നാലു സൈഡും ഉയര്‍ത്താം, കൂടാതെ മേല്‍ക്കൂര എടുത്തു മാറ്റാം.'' -നിര്‍മ്മാതാവ് ഹംസ പറയുന്നു.