ഒരുകാലത്ത് മലയാളത്തില്‍ തിളങ്ങി നിന്ന നടിയാണ് വിന്ദുജ മേനോന്‍.പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ഒന്നാനാംകുന്നില്‍ ഓരടിക്കുന്നില്‍ എന്ന സിനിമയില്‍ ബാലതാരമായിട്ടാണ് വിന്ദുജ സിനിമ ജീവിതം ആരംഭിക്കുന്നത്. പിന്നാലെ നായികയായും താരം പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചു പറ്റിയിരുന്നു.നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും വിന്ദുജ ഇപ്പോഴും ഓര്‍മ്മിക്കപ്പെടുന്നത് പവിത്രം സിനിമയുടെ പേരിലാണ്. പവിത്രത്തിലെ മീനാക്ഷി എന്ന കഥാപാത്രത്തിലൂടെയാണ് താരത്തിനെ ഇന്നും മലയാളികള്‍ ഓര്‍മ്മിക്കുന്നത്. അടുത്തിടെ മനോരമയ്ക്ക് നല്കിയ അഭിമുഖത്തില്‍ ചിത്രത്തെക്കുറിച്ചും മടങ്ങിവരവിനെക്കുറിച്ചും നടി പങ്ക് വച്ചു.
മോഹന്‍ലാലിനെ നേരില്‍ കാണുമ്പോഴും ഫോണില്‍ സംസാരിക്കുമ്പോഴുമൊക്കെ 'ചേട്ടച്ഛന്‍' എന്നാണ് വിളിക്കാറുള്ളതെന്ന് നടി പറയുന്നു.'പവിത്രം' ചിത്രത്തിലെ മോഹന്‍ലാലിന്റെ കഥാപാത്രത്തിന്റെ പേരാണ് ചേട്ടച്ഛന്‍.ചിത്രത്തില്‍ മോഹന്‍ലാലിന്റെ ഇളയ സഹോദരിയായാണ് വിന്ദുജ വേഷമിട്ടത്. ചിത്രത്തില്‍ മീനാക്ഷി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച വിന്ദുജ ചേട്ടച്ഛന്‍ എന്നാണ് മോഹന്‍ലാലിനെ വിളിക്കുന്നത്. അതേ വിളി താന്‍ പിന്തുടരുകയാണ് എന്നാണ് വിന്ദുജ പറയുന്നത്. പിന്നീട് അതുപോലെ നല്ല സിനിമ തനിക്ക് വന്നിട്ടില്ലെന്നും വിന്ദുജ പറയുന്നു.
കാലഹരണപ്പെടാത്ത സിനിമയാണ് പവിത്രം. അതിനെ വെല്ലുന്നൊരു സിനിമ പിന്നീട് തന്നെ തേടി വന്നിട്ടില്ല. ഇപ്പോഴും നേരില്‍ കാണുന്നവര്‍ക്കൊക്കെയും താന്‍ പവിത്രത്തിലെ മീനാക്ഷിയാണ്. അപൂര്‍വം ചിലര്‍, സീരിയല്‍ കഥാപാത്രങ്ങളുടെ പേരു പറഞ്ഞു പരിചയപ്പെടുമ്പോള്‍ മനസില്‍ സന്തോഷിക്കാറുണ്ട്.
കോവിഡ് കാലത്ത് വീട്ടില്‍ കഴിഞ്ഞ 9 മാസങ്ങള്‍ക്കിടെ 12 സിനിമകളുടെ കഥകള്‍ കേട്ടു. അവയൊന്നും അഭിനയിക്കണമെന്ന തോന്നലുണ്ടാക്കിയില്ല. തനിക്കു വേണ്ടി കഥയെഴുതണം എന്നല്ല, കഥ കേള്‍ക്കുമ്പോള്‍ എന്നെ മോഹിപ്പിക്കുന്ന വേഷത്തിനായാണ് കാത്തിരിക്കുന്നത് എന്നാണ് വിന്ദുജ പറയുന്നത്.
നേരത്തെയും മോഹന്‍ലലാലിനൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ച് വിന്ദുജ രംഗത്തെത്തിയിരുന്നു. മോഹന്‍ലാലിനൊപ്പമുള്ള ചിത്രം പങ്കുവച്ച് 27 വര്‍ഷത്തിന് ശേഷം മീനാക്ഷി, ചേട്ടച്ഛനെ കണ്ടുമുട്ടി. ഇത് അവിസ്മരണീയമായ മറ്റൊരു അനുഗ്രഹമാണ് എന്നായിരുന്നു വിന്ദുജ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.