കേരളത്തിലെ തിയ്യേറ്ററുകളില്‍ ഇപ്പോഴും മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറുകയാണ് തണ്ണീര്‍മത്തന്‍ ദിനങ്ങള്‍. പ്ലസ്ടു പശ്ചാത്തലത്തില്‍ അണിയിച്ചൊരുക്കിയ ചിത്രത്തെ പ്രേക്ഷകര്‍ ഒന്നടങ്കം സ്വീകരിച്ചുകഴിഞ്ഞു എന്നുള്ളതിന്റെ തെളിവാണിത്. വലിയ താരനിര ഇല്ലാതിരുന്നിട്ട് കൂടി മികച്ച സ്വീകാര്യതയാണ് സിനിമയ്ക്ക് തിയ്യേറ്ററുകളില്‍ നിന്ന് ലഭിച്ചിക്കുന്നത്. റിലീസ് ചെയ്ത കേന്ദ്രങ്ങളിലെല്ലാം ഹൗസ്ഫുളായിട്ടാണ് ചിത്രം ഇപ്പോഴും പ്രദര്‍ശിപ്പിച്ചുകൊണ്ടിരിക്കുന്നത്. കൗമാര പ്രായക്കാരും യുവാക്കളും കുടുംബ പ്രേക്ഷകരുമെല്ലാം ഒരുപോലെ തന്നെ തിയ്യേറ്ററുകളിലേക്ക് എത്തുകയാണ്..
പ്ലസ്ടു കാലത്തെ പ്രണയവും സൗഹൃദവും സംഘര്‍ഷങ്ങളുമൊക്കെ ഇടകലര്‍ത്തികൊണ്ടായിരുന്നു തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ അണിയിച്ചൊരുക്കിയിരിക്കുന്നത്. മലയാളത്തില്‍ ഇതുവരെ ഇറങ്ങിയ പ്ലസ്ടു പശ്ചാത്തലമായിട്ടുള്ള സിനിമകളില്‍ നിന്നെല്ലാം വ്യത്യസ്തമായ രീതിയിലായിരുന്നു തണ്ണീര്‍മത്തന്‍ ദിനങ്ങളില്‍ പ്ലസ്ടു കാലം ആവിശ്ക്കരിച്ചത്. യഥാര്‍ത്ഥ ജീവിതമാണെന്ന തോന്നല്‍ സിനിമ കാണുന്ന ഓരോ നിമിഷവും പ്രേക്ഷനില്‍ ഉണ്ടാക്കാന്‍ സാധിച്ചു. അതാണ് തീയേറ്ററിലേക്കുള്ള ആളുകളുടെ ഒഴുക്കിന് കാരണം. അതേസമയം തണ്ണീര്‍മത്തന്‍ ദിനങ്ങളിലെ മാത്യു തോമസിന്റെയും അനശ്വര രാജന്റെയും പ്രകടനങ്ങള്‍ വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.
കുമ്പളങ്ങി നൈറ്റ്‌സിലൂടെ ശ്രദ്ധേയനായ മാത്യുവിന്റെയും ഉദാഹരണം സുജാതയിലൂടെ ശ്രദ്ധിക്കപ്പെട്ട അനശ്വരയുടെയും മികച്ച പ്രകടനമായിരുന്നു തണ്ണീര്‍മത്തന്‍ ദിനങ്ങളിലേത് .ഇരുവരുടെയും കരിയര്‍ ബെസ്റ്റായി മാറിയിരിക്കുകയാണ് ഇപ്പോള്‍ ചിത്രം. അതേസമയം മികച്ച പ്രതികരണങ്ങള്‍ക്കൊപ്പം ബോക്സോഫീസ് കളക്ഷന്റെ കാര്യത്തിലും നേട്ടമുണ്ടാക്കികൊണ്ടാണ് തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ തിയ്യേറ്ററുകളില്‍ കുതിച്ചുകൊണ്ടിരിക്കുന്നത്. സിനിമ പുറത്തിറങ്ങിയ ആദ്യ ആഴ്ചയില്‍ മികച്ച കളക്ഷനായിരുന്നു ചിത്രത്തിന് ലഭിച്ചിരുന്നത്. ആദ്യ ആഴ്ചയിലെ പ്രകടനം തന്നെയാണ് സിനിമ ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മാത്രമല്ല റിലീസ് ചെയ്ത കേന്ദ്രങ്ങളിലെല്ലാം മികച്ച വരവേല്‍പ്പാണ് സിനിമയ്ക്ക് ലഭിച്ചിരുന്നത്.
തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ 30 കോടി രൂപയ്ക്ക് മുകളില്‍ ഗ്രോസ് കളക്ഷനിലേക്ക് എത്തിക്കഴിഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇതുസംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ ട്രേഡ് അനലിസ്റ്റുകളാണ് പുറത്തുവിട്ടിരിക്കുന്നത്. 1.75 മുതല്‍മുടക്കിലാണ് സിനിമ നേരത്തെ അണിയിച്ചൊരുക്കിയിരുന്നത്. യുഎഇ-ജിസിസി ബോക്സോഫീസുകളില്‍ നിന്നായി 10 ദിവസം കൊണ്ട് 11.27കോടി രൂപയാണ് സിനിമ നേടിയിരിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നുണ്ട്.
അതേസമയം രണ്ടു കോടിയോളം രൂപയ്ക്ക് നേരത്തെ എഷ്യാനെറ്റ് ചിത്രത്തിന്റെ സാറ്റലൈറ്റ് റൈറ്റ് സ്വന്തമാക്കിയിരുന്നു. സിനിമയുടെ ടോട്ടല്‍ ബിസിനസില്‍ നിന്നും നിര്‍മ്മാതാക്കള്‍ ഇതിനകം 20 കോടിക്ക് മുകളില്‍ നേടിയിട്ടുണ്ട് എന്നാണ് കണക്കാക്കപ്പെടുന്നത്. ആദ്യ ദിനങ്ങളില്‍ ലഭിച്ച മികച്ച സ്വീകാര്യതയും പ്രേക്ഷക പ്രതികരണങ്ങളുമെല്ലാമാണ് സിനിമയെ കൂടുതല്‍ സഹായിച്ചത്.
തണ്ണീര്‍ മത്തന്‍ ദിനങ്ങളില്‍ മാത്യൂവിനും അനശ്വരയ്ക്കും ഒപ്പെ തന്നെ വിനീത് ശ്രീനിവാസനും പ്രധാന വേഷത്തിലെത്തിയിരുന്നു. അരവിന്ദന്റെ അതിഥികള്‍ക്കു ശേഷം വിനീതിന്റെയും ശ്രദ്ധേയ പ്രകടനം തണ്ണീര്‍മത്തനിലായിരുന്നു. ജെയ്‌സണിന്റെ ശത്രുവായ അധ്യാപകനായിട്ടാണ് വിനീത് ചിത്രത്തില്‍ എത്തിയിരുന്നത്. ജെയ്‌സണ്‍ എന്ന പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുടെ ജീവിതത്തിലെ മൂന്ന് പ്രധാന പ്രശ്‌നങ്ങളും അത് പരിഹരിക്കപ്പെടുന്നതുമാണ് ചിത്രത്തില്‍ കാണിക്കുന്നത്.
ഇര്‍ഷാദ്,നിഷ സാരംഗ്,ശബരീഷ് വര്‍മ്മ തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു പ്രധാന വേഷങ്ങളില്‍ എത്തിയിരിക്കുന്നത്. ദിനോയ് പൗലോസും ഗിരീഷ് എഡിയും തിരക്കഥ ഒരുക്കിയ ചിത്രത്തിന് ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത് ജോമോന്‍ ടി ജോണും വിനോദ് ഇല്ലമ്പിളളിയും ചേര്‍ന്നാണ്. ഷെമീര്‍ മുഹമ്മദിന്റെതാണ് എഡിറ്റിങ്. ജസ്റ്റിന്‍ വര്‍ഗീസ് സിനിമയിലെ പാട്ടുകള്‍ ഒരുക്കിയിരിക്കുന്നു
മൂക്കുത്തി, വിശുദ്ധ ആംബ്രോസ് തുടങ്ങിയ ഹ്രസ്വ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഗിരീഷ് എഡിയാണ് തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ സംവിധാനം ചെയ്തിരുന്നത്. ക്യാമറാമാന്‍ ജോമോന്‍ ടി ജോണ്‍, ഷെബിന്‍ ബക്കര്‍, എഡിറ്റര്‍ ഷമീര്‍ മുഹമ്മദ് തുടങ്ങിയവര്‍ ചേര്‍ന്നാണ് തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ നിര്‍മ്മിച്ചിരുന്നത്. എന്തായാലും സിനിമയിലൂടെ നിരവധി പുതുമുഖ താരങ്ങളാണ് മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ചിരിക്കുന്നത്.