നടന്‍ കൊല്ലം സുധിയ്ക്കും സുഹൃത് സംഘത്തിനും സംഭവിച്ച അപകടത്തിന്റെ നടുക്കം മാറും മുന്നേ മറ്റൊരു അപകട വാര്‍ത്ത കൂടി മലയാളികളിലേക്ക് എതത്തിയിരിക്കുകയാണ്. നടന്‍ സുരാജ് വെഞ്ഞാറമൂടിന് കൊച്ചിയില്‍ വച്ച് അപകടം സംഭവിച്ചു എന്ന വാര്‍ത്തയാണ് സോഷ്യല്‍ മീഡിയാ മാധ്യമങ്ങളിലൂടെ പുറത്തു വന്നിരിക്കുന്ന റിപ്പോര്‍ട്ട്. അദ്ദേഹം സഞ്ചരിച്ച കാറും ഒരു യുവാവ് ഓടിച്ചിരുന്ന ബൈക്കും തമ്മില്‍ കൂട്ടിയിടിച്ചുവെന്ന വാര്‍ത്തയാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്്തിരിക്കുന്നത്. അദ്ദേഹത്തിന്റെ ആരാധകരെയും പ്രിയപ്പെട്ടവരെയും എല്ലാം ഞെട്ടിച്ചുകൊണ്ടാണ് ഞായറാഴ്ച പുലര്‍ച്ചെ ഈ വാര്‍ത്ത എത്തിയിരിക്കുന്നത്.
എറണാകുളം പാലാരിവട്ടത്ത് വെച്ചാണ് ഈ അപകടം ഉണ്ടായത്. അപകടത്തില്‍ ബൈക്ക് യാത്രക്കാരന് പരിക്കേറ്റു. മലപ്പുറം മഞ്ചേരി സ്വദേശി ശരത്തിനാണ് പരിക്കേറ്റത്. ഇദ്ദേഹത്തെ പാലാരിവട്ടത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നായകനായും കൊമേഡിയനായും സ്വഭാവ നടനായുമെല്ലാം ശ്രദ്ധേയനായ സുരാജ് കഴിഞ്ഞ ദിവസം ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്യുന്ന വീഡിയോ വളരെയധികം വൈറലായിരുന്നു. ഇന്നലെ ആലുവയിലെ അഞ്ചു വയസുകാരി പെണ്‍കുട്ടിയുടെ കൊലപാതകത്തില്‍ അപലപിച്ച് പൊന്നുമോളെ മാപ്പ് എന്ന ക്യാപ്ഷനോട് കൂടി നടന്‍ പങ്കുവച്ച പോസ്റ്റും വാര്‍ത്തയായിരുന്നു. അതിനു പിന്നാലെയാണ് ഇപ്പോള്‍ അപകട വാര്‍ത്തയും എത്തിയിരിക്കുന്നത്.
ഇന്നലെ അര്‍ദ്ധരാത്രിയോടെ ആയിരുന്നു സംഭവം. സുരാജിന്റെ കാറിന് എതിര്‍ ദിശയില്‍ സഞ്ചരിച്ചിരുന്ന ബൈക്കുമായാണ് കാര്‍ കൂട്ടിയിടിച്ചത്. അപകടത്തില്‍ ബൈക്ക് യാത്രികന്റെ കാലിനാണ് സാരമായി പരിക്കേറ്റത്. ശരത്തിന്റെ കാലിന് ശസ്ത്രക്രിയ വേണ്ടി വരുമെന്നാണ് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചത്. അപകടത്തില്‍ സുരാജിന് കാര്യമായ പരിക്കുകളൊന്നും സംഭവിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ബൈക്ക് യാത്രക്കാരനുമായി താരവും ആശുപത്രിയില്‍ എത്തിയിരുന്നു. യുവാവിന് കൃത്യമായ ചികിത്സ ഉറപ്പാക്കിയിട്ടാണ് അദ്ദേഹം മടങ്ങിയത്. അപകടത്തില്‍ പാലാരിവട്ടം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
അടുത്തിടെ മണിപ്പൂര്‍ വിഷയത്തില്‍ സുരാജ് വെഞ്ഞാറമൂട് പ്രതികരിച്ചത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 'മണിപ്പൂര്‍ അസ്വസ്ഥതയുണ്ടാക്കുന്നു...അപമാനം കൊണ്ട് തല കുനിഞ്ഞു പോകുന്നു...ഇനിയും ഒരു നിമിഷം നീതി വൈകിക്കൂടാ', എന്നാണ് സുരാജ് വെഞ്ഞാറമൂട് കുറിച്ചത്. ഇന്ത്യ ടുഡേയില്‍ വന്ന മണിപ്പൂര്‍ സംഭവത്തിന്റെ വാര്‍ത്തയും സുരാജ് പങ്കുവച്ചിരുന്നു. മണിപ്പൂരില്‍ രണ്ട് സ്ത്രീകളെ നഗ്നരാക്കി നടത്തുകയും ലൈംഗികാതിക്രമം നടത്തുകയും ചെയ്തെന്ന വാര്‍ത്ത ഏറെ ഞെട്ടലോടെ ആയിരുന്നു രാജ്യം കേട്ടത്. വന്‍ പ്രതിഷേധം രാജ്യമെമ്പാടും അരങ്ങേറിയിരുന്നു