രജനികാന്ത്-ലോകേഷ് കനകരാജ് കോമ്പോയില്‍ ഒരുങ്ങുന്ന 'കൂലി'യില്‍ മറ്റൊരു മലയാളി താരം കൂടി. നടന്‍ സൗബിന്‍ ഷാഹിര്‍ ചിത്രത്തിന്റെ ഭാഗമാകും എന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തെത്തുന്നത്. ഗ്രേ ഷെയ്ഡിലുള്ള കഥാപാത്രമാകും നടന്റേത് എന്നാണ് റിപ്പോര്‍ട്ടുകള്‍.സൗബിന്‍ ഷാഹിറിന്റെ തമിഴ് അരങ്ങേറ്റമായിരിക്കും കൂലി.
ഫഹദ് ഫാസിലിന് പകരമായാണ് സൗബിന്‍ ഷാഹിര്‍ എത്തുന്നത്.ഡേറ്റ് ക്‌ളാഷിനെ തുടര്‍ന്നാണ് ഫഹദിന്റെ പിന്‍മാറ്റം.ജൂലായ് 5ന് ഹൈദരാബാദില്‍ ചിത്രീകരണത്തിന് തുടക്കം കുറിച്ച കൂലി ഇപ്പോള്‍ ചെന്നൈയില്‍ പുരോഗമിക്കുന്നു. ശ്രുതിഹാസന്‍, സത്യരാജ് തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.
പക്കാ മാസ് ആക്ഷന്‍ ചിത്രമായി ബിഗ് ബഡ്ജറ്റിലാണ് കൂലി ഒരുങ്ങുന്നത്. തമിഴ്‌നാട്ടിലെ ഒരു തുറമുഖം വഴി നടക്കുന്ന അധോലോക സംഘത്തിന്റെ സ്വര്‍ണ കടത്തുമായി ബന്ധപ്പെട്ട കഥയാണ് ചിത്രം പറയുന്നത്. സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ കലാനിധി മാരന്‍ നിര്‍മ്മിക്കുന്ന തലൈവരുടെ കരിയറിലെ 171-ാമത് ചിത്രമാണ്. തമിഴ്, ഹിന്ദി, തെലുങ്ക്, കന്നട ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. ഗിരീഷ് ഗംഗാധരനാണ് ക്യാമറ. അനിരുദ്ധ് രവിചന്ദ്രറാണ് സംഗീതം.
എഡിറ്റിംഗ് ഫിലോമിന്‍ രാജ്, ആക്ഷന്‍ അന്‍പറിവ്. അതേസമയം മച്ചാന്റെ മാലാഖ ആണ് സൗബിന്‍ ഷാഹിര്‍ നായകനായി റിലീസിന് ഒരുങ്ങുന്ന ചിത്രം. നമിത പ്രമോദ് ആണ് നായിക. ബോബന്‍ സാമുവല്‍ സംവിധാനം ചെയ്യുന്ന ചിത്രം അബാം മൂവീസിന്റെ ബാനറില്‍ ഷീലു എബ്രഹാം അവതരിപ്പിച്ച് എബ്രഹാം മാത്യു ആണ് നിര്‍മ്മാണം. ഫണ്‍ ഫില്‍ഡ് ഫാമിലി എന്റര്‍ടെയ്‌നറായി ഒരുങ്ങുന്ന ചിത്രത്തിന് ജക്‌സണ്‍ ആന്റണിയുടെ കഥയ്ക്ക് അജീഷ് പി. തോമസ് തിരക്കഥ രചിക്കുന്നു.