ഉണ്ണി ആറിന്റെ ലീലക്ക് ശേഷം എഴുത്തുകാരന്‍ ഇന്ദുഗോപന്റെ കഥ സിനിമയക്കാന്‍ രഞ്ജിത്ത് ഒരുങ്ങുന്നു.നിര്‍മ്മാതാവായ സി വി സാരഥിയാണ് ഈ വിശേഷം ഫെയ്‌സ്ബുക്കിലൂടെ പങ്കു വെച്ചിരിക്കുന്നത്. 'എഴുത്തുകാരനും സംവിധായകനും, ആവേശം നിറയ്ക്കുന്ന ദിവസങ്ങളാണ് മുന്നില്‍... ഏതാണ് ചിത്രമെന്ന് ഊഹിക്കാവോ?' എന്ന ക്യാപ്ഷനോടെയാണ് രഞ്ജിത്തും ഇന്ദുഗോപനും ഒന്നിച്ചുനില്‍ക്കുന്ന ചിത്രം സാരഥി ഷെയര്‍ ചെയ്തിരിക്കുന്നത്. ചിത്രത്തിന്റെ പേരോ മറ്റു വിവരങ്ങളോ? ഒന്നും പോസ്റ്റില്‍ വ്യക്തമല്ല.
നിരവധി മികച്ച വിജയ ചിത്രങ്ങള്‍ക്ക് സ്വന്തമായി കഥയും തിരക്കഥയും എഴുതിയ രഞ്ജിത്ത് വളരെ ചുരുക്കം ഘട്ടങ്ങളിലെ മറ്റു എഴുത്തുകാരുടെ തിരക്കഥയില്‍ സിനിമ ചെയ്തിട്ടുള്ളൂ. ഉണ്ണി ആറിന്റെ 'ലീല', ടി.പി. രാജീവന്റെ 'പാലേരിമാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ' തുടങ്ങിയ ചിത്രങ്ങള്‍ക്കു ശേഷമാണ് മലയാളത്തിലെ ശ്രദ്ധേയനായ എഴുത്തുകാരനായ ജി ആര്‍ ഇന്ദുഗോപനുമായി രഞ്ജിത്ത് കൊകോര്‍ക്കുന്നെന്ന പുതിയ വാര്‍ത്തകള്‍ എത്തിയത്.
'അമ്മിണിപ്പിള്ള വെട്ടുകേസ്', 'ചോരക്കാലം പടിഞ്ഞാറേ കൊല്ലം' എന്നീ രണ്ടു നീണ്ടക്കഥകളാണ് ഇന്ദുഗോപന്റേതായി അടുത്ത കാലത്തു വന്ന ശ്രദ്ധേയമായ വര്‍ക്കുകള്‍. ഇതിലേതെങ്കിലും ഒന്നായിരിക്കുമോ പുതിയ ചിത്രം എന്നതാണ് പ്രേക്ഷകരുടെ ആകാംക്ഷ.
ഹരിശ്രീ അശോകന്‍ കേന്ദ്രകഥാപാത്രമായ 'ഒറ്റക്കയ്യന്‍' ആണ് ഇന്ദുഗോപന്‍ ആദ്യമായി തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രം. കേരള സംസ്ഥാന അവാര്‍ഡും ചിത്രം നേടിയിരുന്നു. മോഹന്‍ലാലിനെ നായകനാക്കി ലണ്ടന്‍ നഗരത്തിന്റെ പശ്ചാത്തലത്തില്‍ സംവിധാനം ചെയ്ത 'ഡ്രാമ'യായിരുന്നു രഞ്ജിത്തിന്റെ തിയേറ്ററുകളിലെത്തിയ അവസാനചിത്രം.
വര്‍ഷങ്ങള്‍ക്കു ശേഷം നാടകവേദിയിലും സജീവമാവുകയാണ് രഞ്ജിത്ത്. രഞ്ജിത്ത് സംവിധാനം ചെയ്ത'മറാഠ കഫേ' എന്ന നാടകം കഴിഞ്ഞ ദിവസം കൊച്ചി ജെടി പാക്കില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. നാടകകൃത്തും സംവിധായകനും പരീക്ഷണാത്മകനാടകത്തിന്റെ വക്താവും സ്‌കൂള്‍ ഓഫ് ഡ്രാമയുടെ സ്ഥാപക ഡയറക്ടറും സര്‍വ്വോപരി തങ്ങളുടെ ഗുരുവുമായിരുന്ന പ്രൊഫ. ജി. ശങ്കരപ്പിള്ളയുടെ ഓര്‍മ്മ നിലനിര്‍ത്തുക എന്ന ലക്ഷ്യത്തോടെ സ്‌കൂള്‍ ഓഫ് ഡ്രാമയുടെ ആദ്യ ബാച്ചുകളിലെ വിദ്യാര്‍ത്ഥികള്‍ രൂപം നല്‍കിയ ശങ്കരപ്പിള്ള ആര്‍ട്‌സ് ആന്റ് കള്‍ച്ചറല്‍ എന്‍സെബിള്‍ (ട.ജ.അ.ഇ.ഋ ) എന്ന കൂട്ടായ്മയായിരുന്നു ഈ നാടകത്തിന്റെ അണിയറയില്‍. മുരളീ മേനോനായിരുന്നു 'മറാഠ കഫേയുടെ രചന നിര്‍വ്വഹിച്ചത്.
ഹരോള്‍ഡ് പിന്ററുടെ 'ഡംബ്ബ് വെയിറ്റര്‍' എന്ന നാടകത്തിന്റെ ഇന്ത്യന്‍ ആവിഷ്‌കാരമാണ് 'മറാഠ കഫേ'. സ്‌കൂള്‍ ഓഫ് ഡ്രാമയിലെ പൂര്‍വ്വവിദ്യാര്‍ത്ഥികളായ ശ്യാമപ്രസാദ്, വികെ പ്രകാശ്, കുക്കു പരമേശ്വരന്‍, മനു ജോസ്, ശങ്കര്‍ രാമകൃഷ്ണന്‍ എന്നിവര്‍ക്കൊപ്പം അളഗപ്പനും 'മറാഠ കഫേ'യുടെ അണിയറയില്‍ പ്രവര്‍ത്തിച്ചിരുന്നു.