തമിഴകത്തെ സൂപ്പര്‍ താരം രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശനം ചര്‍ച്ചകളില്‍ നിറഞ്ഞിരുന്നു. ഇപ്പോള്‍ അക്കാര്യത്തില്‍ തന്റെ നിലപാട് വ്യക്തമാക്കിയിരിക്കയാണ് താരം. രജനീകാന്തിന്റേത് എന്ന തരത്തില്‍ കഴിഞ്ഞ ദിവസം ഒരു കത്ത് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ഇപ്പോള്‍ ഇതിന് മറുപടിയായിട്ടാണ് താരം ട്വീറ്റിലൂടെ തന്റെ നിലപാട് അറിയിച്ചിരിക്കുന്നത്. ആ കത്ത് തന്റേതല്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം തന്റെ ആരോഗ്യ സ്ഥിതിയെക്കുറിച്ചും അറിയിച്ചിരിക്കയാണ്.
തനിക്ക് ആരോഗ്യ പ്രശ്‌നങ്ങളുണ്ട്, അതിനാല്‍ തന്നെ രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച് രജിനി മക്കള്‍ മന്‍ഡ്രവുമായി ആലോചിച്ച് അന്തിമ തീരുമാനമെടുക്കുമെന്നു രജനീകാന്ത് ട്വീറ്റില്‍ വ്യക്തമാക്കിയിട്ടുണ്ട്. നവംബറില്‍ രജിനിയുടെ പാര്‍ട്ടി പ്രഖ്യാപനമുണ്ടാകുമെന്ന വാര്‍ത്തകള്‍ പുറത്തുവന്നിരിക്കെയാണ് പുതിയ വഴിത്തിരിവുണ്ടായിരുന്നത്. തമിഴ് നാട് തെരഞ്ഞെടുപ്പിന് ഏഴ് മാസങ്ങള്‍ കൂടി ശേഷിക്കെയാണ് രജിനികാന്തിന്റെ ഈ പ്രസ്താവന വന്നിരിക്കുന്നത്.
വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയിട്ടുള്ളതിനാല്‍ കൊവിഡ് മഹാമാരിയുടെ സമയത്ത് പൊതുജനമധ്യത്തില്‍ ഇറങ്ങി പ്രവര്‍ത്തിക്കുന്നത് ആരോഗ്യത്തെ ബാധിക്കുമെന്ന ആശങ്കയുണ്ടെന്നും കൊവിഡ് വാക്‌സിന്‍ വരുന്നതിന് മുന്‍പ് രാഷ്ട്രീയത്തിലിറങ്ങുന്നതിനോടു ഡോക്ടര്‍മാര്‍ക്കും എതിരഭിപ്രായം ഉണ്ടെന്നുമൊക്കെയായിരുന്നു കഴിഞ്ഞ ദിവസം സോഷ്യല്‍മീഡിയയില്‍ അദ്ദേഹത്തിന്റേതെന്ന രീതിയില്‍ പ്രചരിച്ചിരുന്ന കത്തില്‍ എഴുതിയിരുന്നത്. അതൊക്കെ സത്യമാണെന്നും അദ്ദേഹം പറയുന്നു.
എന്നാല്‍ തന്നെക്കുറിച്ചോര്‍ത്തല്ല തനിക്ക് ഭയമെന്നും ജനങ്ങളുടെ ക്ഷേമത്തെക്കുറിച്ചാണ് ആശങ്കയുള്ളതെന്നും രാഷ്ട്രീയത്തില്‍ സജീവമായുണ്ടായാലെ വാഗ്ദാനം ചെയ്ത കാര്യങ്ങള്‍ നടപ്പാക്കാനാവുകയുള്ളുവെന്നുമൊക്കെ കത്തില്‍ പറഞ്ഞിട്ടുണ്ട്, ഇതിനിടയില്‍ ആരോഗ്യം മോശമായാല്‍ അത് തനിക്ക് വലിയ വെല്ലുവിളിയാകുമെന്നും കത്തിലുണ്ടായിരുന്നു.