നവാഗത സംവിധായകനായ ബിബിൻ പോൾ സാമുവേൽ ഒരുക്കിയ സ്‌പോർട്‌സ് ഡ്രാമ ചിത്രം ‘ആഹാ’ സീ കേരളം ചാനലിൽ വേൾഡ് ടെലിവിഷൻ പ്രീമിയറിനെത്തുന്നു. 1980 കളിലും 1990 കളിലും ഏകദേശം 15 വർഷത്തോളം വടംവലി മത്സര രംഗത്ത് സജീവമായി നിന്ന് ഒന്നിന് പിറകെ മറ്റൊന്നായി വിജയ കിരീടം ചൂടിക്കൊണ്ടിരുന്ന ആഹാ നീലൂർ എന്ന ടീമിനെയും അതിലെ അംഗമായ കൊച്ചിനെയും കേന്ദ്രീകരിച്ചാണ് സിനിമയുടെ പ്രമേയം. ഇരുപത് വര്‍ഷം മുമ്പുള്ള കാലഘട്ടത്തില്‍ നിന്നാണ് ചിത്രം തുടങ്ങുന്നത്. ആ കാലഘട്ടത്തിനു ശേഷം ഒരു കൂട്ടം ചെറുപ്പക്കാരിലൂടെയാണ് കഥ സഞ്ചരിക്കുന്നത്. അവരെ ആഹാ ടീമുമായി കോര്‍ത്തിണക്കി വടംവലിയുടെ ആവേശത്തിലേക്ക് പ്രേക്ഷകരെ തിരികെ എത്തിക്കുകയാണ് ഈ സിനിമ.
ഇന്ദ്രജിത്ത് സുകുമാരൻ, ശാന്തി ബാലചന്ദ്രൻ എന്നിവരോടൊപ്പം മനോജ് കെ ജയൻ, അമിത് ചക്കാലക്കൽ, അശ്വിൻ കുമാർ എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു. മലയോര തനിമയുടെ മനോഹാര്യത അതേ ഭംഗിയോടെ ക്യാമറയില്‍ പകര്‍ത്താന്‍ ഛായാഗ്രഹകനായ രാഹുല്‍ ബാലചന്ദ്രന് സാധിച്ചു. പ്രശസ്ത പിന്നണി ഗായിക സയനോരയുടെ സംഗീതത്തിൽ പിറന്ന ഗാനങ്ങൾ ചിത്രത്തിന് കൂടുതൽ ആവേശം പകർന്നു. കോട്ടയം ജില്ലയിലെ മലയോര ഗ്രാമമായ നീലൂരിൽ നിന്നുള്ള ആഹാ വടംവലി ടീമിൽനിന്നും അതിലെ അംഗമായ റോയി നീലൂർ എന്ന വ്യക്തിയിൽനിന്നും പ്രചോദനം ഉൾകൊണ്ട് ടോബിറ്റ് ചിറയത്ത് ആണ് സിനിമയുടെ തിരക്കഥ ഒരുക്കിയത്.
പ്രേക്ഷകർക്ക് എന്നും പുതുമകൾ സമ്മാനിക്കുന്ന സീ കേരളം ചാനൽ വേറിട്ട ഒട്ടനേകം പരിപാടികളാണ് ഇപ്പോൾ ജനങ്ങൾക്കായി അവതരിപ്പിച്ചുകൊണ്ടിരിക്കുന്നത്. ഇന്നു മുതൽ, കൃഷ്ണൻകുട്ടി പണി തുടങ്ങി, വൂൾഫ്, ഓപ്പറേഷൻ ജാവ, ചതുർമുഖം, ലാൽബാഗ് എന്നീ ഹിറ്റ് ചിത്രങ്ങളുടെ വേൾഡ് പ്രീമിയറിനു ലഭിച്ച വമ്പൻ സ്വീകാര്യതയ്ക്ക് ശേഷമെത്തുന്ന ആഹായും കുടുംബപ്രേക്ഷകരെ പ്രീതിപ്പെടുത്തുമെന്നുറപ്പാണ്. ആഹാ വേൾഡ് ടെലിവിഷൻ പ്രീമിയർ ജനുവരി 26 റിപ്പബ്ലിക് ദിനത്തിൽ വൈകുന്നേരം 3.30ന് സീ കേരളം ചാനലിൽ കാണാം.