ആറ്റുകാല്‍ പൊങ്കാല ഉദ്ഘാടനം ചെയ്യാന്‍ ഇത്തവണ എത്തുന്നത് മെഗാസ്റ്റാര്‍ മമ്മൂട്ടി. എറണാകുളത്ത് ചെറായിയില്‍ ചിത്രീകരണം പുരോഗമിക്കുന്ന മധുരരാജയുടെ ലൊക്കേഷനില്‍ ചെന്നു കണ്ടാണ് ആറ്റുകാല്‍ ഭഗവതി ക്ഷേത്രം ട്രസ്റ്റ് ഭാരവാഹികള്‍ മമ്മൂട്ടിയെ ക്ഷണിച്ചത്. മമ്മൂട്ടി ക്ഷണം സ്വീകരിക്കുകയും ചെയ്തു.
ഫെബ്രുവരി 12 നാണ് ഉത്സവത്തിന് കൊടിയേറുന്നത്. അന്ന് വൈകിട്ട് 6.30ന് ആറ്റുകാല്‍ ദേവീക്ഷേത്രത്തില്‍ നടക്കുന്ന സമ്മേളനത്തിലാണ് മമ്മൂട്ടി ഉദ്ഘാടകനായി എത്തുന്നത്. ഫെബ്രുവരി 20 നാണ് പൊങ്കാല. പൊങ്കാലയോടനുബന്ധിച്ചുള്ള കലാപരിപാടികള്‍ ഉദ്ഘാടനം ചെയ്യാന്‍ ഒരു മെഗാ സ്റ്റാര്‍ എത്തുന്നത് ഇതാദ്യമാണ്. മതസൗഹാര്‍ദത്തിന്റെ ക്ഷേത്രമായാണ് ആറ്റുകാല്‍ അറിയപ്പെടുന്നത്. ഇത് പുതിയ തലത്തിലെത്തിക്കാകയാണ് മമ്മൂട്ടിയെ എത്തിക്കുന്നതിലൂടെ ക്ഷേത്രം ഭാരവാഹികള്‍ ഉദ്ദേശിക്കുന്നത്.
സ്ത്രീകളുടെ ശബരിമല എന്നറിയപ്പെടുന്ന ആറ്റുകാല്‍ ദേവീക്ഷേത്രത്തിലെ ഉത്സവപരിപാടികളുടെ ഉദ്ഘാടകനാകാന്‍ അവസരം ലഭിച്ചത് ഭാഗ്യമായി കരുതുന്നുവെന്നും മമ്മൂട്ടിയും അറിയിച്ചു. മതസൗഹാര്‍ദ്ദത്തിന്റെയും മാനവികതയുടെയും ഉത്സവമാണ് ആറ്റുകാല്‍ പൊങ്കാലയെന്നും മമ്മൂട്ടി പറയുന്നു. സ്ത്രീകളുടെ ശബരിമലയെന്ന് അറിയപ്പെടുന്ന ആറ്റുകാല്‍ പൊങ്കാലയില്‍ സിനിമാ താരങ്ങളും സജീവമായി പങ്കെടുക്കാറുണ്ട്. താരങ്ങളുടെ കലാപ്രകടനങ്ങളും നടക്കും. ഇതിന്റെ ഉദ്ഘാടകനായാണ് മമ്മൂട്ടി എത്തുക. കലാപരിപാടികള്‍ നടക്കുന്നത് ക്ഷേത്രത്തിന് പുറത്താണ്. ഉത്സവം ഉദ്ഘാടനം ചെയ്ത ശേഷം മമ്മൂട്ടി ക്ഷേത്ര ദര്‍ശനം നടത്താനും സാധ്യതയുണ്ട്.
ലോകത്തെ ഏറ്റവും കൂടുതല്‍ സ്ത്രീകള്‍ ഒത്തുകൂടുന്ന ഉത്സവം എന്ന പേരിലാണ് ഗിന്നസ് ബുക്കില്‍ ആറ്റുകാല്‍ പൊങ്കാല ഉത്സവം അറിയപ്പെടുന്നത്. 1997 ഫെബ്രുവരി 23-ന് നടന്ന പൊങ്കാലയില്‍ 1.5 മില്യണ്‍ സ്ത്രീകള്‍ പങ്കെടുത്തതു അടിസ്ഥാനമാക്കിയാണ് ഈ ചടങ്ങ് ഗിന്നസ് ബുക്കില്‍ കയറിയത്. 2009ല്‍ പുതുക്കിയ ഗിന്നസ് റെക്കോര്‍ഡ് അനുസരിച്ച് 25 ലക്ഷം പേര്‍ ഈ ഉത്സവത്തില്‍ പങ്കെടുത്തു. മകരം-കുംഭം മാസങ്ങളിലായി നടക്കുന്ന ക്ഷേത്രോത്സവത്തിന്റെ ഒമ്പതാം ദിവസമാണ് ആറ്റുകാല്‍ പൊങ്കാല നടക്കുന്നത്.