മലയാളിയുടെ സ്വകാര്യ അഹങ്കാരം 'ലാലേട്ടന്റെ 64-ാം ജന്മദിനമാണ് ഇന്ന് താരരാജാവിന് പിറന്നാള്‍ ആശംസകളുമായി സിനിമാ ലോകം എത്തിക്കഴിഞ്ഞു. മാഷപ്പ് വീഡിയോകളും ആശംസാ വീഡിയോകളുമൊക്കെ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറുകയാണ്. അര്‍ധരാത്രി 12 മണിക്ക് തന്നെ മമ്മൂട്ടിയുടെ പിറന്നാള്‍ ആശംസകളെത്തി.
മോഹന്‍ലാലിന് ചുംബനം നല്‍കുന്ന ചിത്രത്തോടൊപ്പം 'പ്രിയപ്പെട്ട് ലാലിന് ജന്മദിനാശംസകള്‍' എന്നും മമ്മൂട്ടി ഫെയ്‌സ്ബുക്കില്‍ കുറിച്ചു. നിരവധി ആരാധകരാണ് ചിത്രത്തിന് കമന്റുമായി എത്തുന്നത്.
രജപുത്രയുടെ ബാനറില്‍ ചിപ്പി രജ്ഞിത്ത് നിര്‍മ്മിക്കുന്ന സിനിമയുടെ ചിത്രീകരണത്തിലാണ് മോഹന്‍ലാല്‍. തരുണ്‍ മൂര്‍ത്തിയുടെ സംവിധാനത്തി ലൊരുങ്ങുന്ന ചിത്രത്തിന് ഇനിയും പേരിട്ടിട്ടില്ല. മോഹന്‍ലാലിന്റെ 360ആമത് ചിത്രമാണിത്. പിറന്നാള്‍ ദിനത്തില്‍ പിന്നണി പ്രവര്‍ത്തകള്‍ ഒരുക്കിയ ഒരു ഗ്‌ളിംപ്സ് ശ്രദ്ധേയമാവുകയാണ്.
ഷൂട്ടിംഗില്‍ തങ്ങളെ അത്ഭുതപ്പെടുത്തിയ ലാല്‍ മാജിക്ക് മുഹൂര്‍ത്തങ്ങളാണ് വീഡിയോയില്‍ തരുണ്‍ മൂര്‍ത്തിയും സംഘവും ഒരുക്കിയിട്ടുള്ളത്. ''ഞങ്ങള്‍ മഹത്തരമായ പലതും കണ്ടുകൊണ്ടിരിക്കുകയാണ്, വൈകാതെ നിങ്ങള്‍ക്കും അത് കാണാം'' എന്ന കുറിപ്പുമുണ്ട്.
മോഹന്‍ലാല്‍ നയിക്കുന്ന റിയാലിറ്റി ഷോയുടെ ചെന്നൈയിലെ സെറ്റില്‍ ഇന്നലെയായിരുന്നു പിറന്നാള്‍ ആഘോഷം. ഷോയിലെ മത്സരാര്‍ത്ഥികള്‍ക്കൊപ്പം കേക്കു മുറിച്ചു. ഇപ്പോള്‍ അഭിനയിക്കുന്ന തരുണ്‍ മൂര്‍ത്തിയുടെ ചിത്രത്തിന്റെ ലൊക്കേഷനിലും ലാലിന്റെ പിറന്നാള്‍ ആഘോഷമുണ്ടാകും. ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്കും ഇന്ന് റിലീസ് ചെയ്‌തേക്കും. മോഹന്‍ലാലിന്റെ അഭിനയജീവിതത്തിലെ 360-ാമത്തെ ചിത്രത്തില്‍ ശോഭനയാണ് നായിക. 15 വര്‍ഷത്തിന് ശേഷം മോഹന്‍ലാലും ശോഭനയും ഒരുമിച്ചെത്തുന്ന ചിത്രം.
വിശ്വനാഥന്‍ നായരുടേയും ശാന്താകുമാരിയുടേയും രണ്ടാമത്തെ പുത്രനായി ഇടവ മാസത്തിലെ രേവതി നക്ഷത്രത്തില്‍ പത്തനംതിട്ട ജില്ലയിലെ ഇലന്തൂരില്‍ ആണ് മോഹന്‍ലാല്‍ ജനിക്കുന്നത്.1978ല്‍ 'തിരനോട്ടം' എന്ന ചിത്രത്തിലാണ് മോഹന്‍ലാല്‍ ആദ്യമായി അഭിനയിച്ചതെങ്കിലും ഈ സിനിമയ്ക്ക് പ്രേക്ഷകരിലേക്കെത്താനായില്ല.
പിന്നീട് 1980ലാണ് മോഹന്‍ലാലിന്റെ മുഖം ബിഗ് സ്‌ക്രീനിലൂടെ പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തുന്നത്. ഫാസില്‍ സംവിധാനം ചെയ്ത, പൂര്‍ണിമ ജയറാം, ശങ്കര്‍ എന്നിവര്‍ പ്രധാനവേഷങ്ങളില്‍ എത്തിയ 'മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍' സിനിമയെന്ന വലിയ ലോകത്തേക്ക് മോഹന്‍ലാലിനെ കൈപിടിച്ചു കയറ്റി. നരേന്ദ്രന്‍ എന്ന വില്ലന്‍ കഥാപാത്രമായി ആയിരുന്നു മോഹന്‍ലാലിന്റെ തുടക്കം. പിന്നീട് നായകനും സഹനടനും വില്ലനുമായി വെള്ളിത്തിരയില്‍ തിളക്കമാര്‍ന്ന പ്രകടനം അദ്ദേഹം കാഴ്ചവച്ചു.