മലയാളികൾക്ക് ഏറെ പ്രിയങ്കരനായ താരമാണ് വിനു മോഹൻ. നിവേദ്യം എന്ന ഒറ്റ ചിത്രത്തിലൂടെ പ്രേക്ഷക ഹൃദയത്തിലേക്ക് ചേക്കേറാൻ താരത്തിന് സാധിച്ചിരുന്നു. എന്നാൽ ഇപ്പോൾ സിനിമയിൽ അഭിനയിക്കാൻ വന്ന തന്നെ പാട്ട് പാടിപ്പിച്ച കഥ തുറന്ന് പറഞ്ഞിരിക്കുകയാണ് താരം.
ലോഹി സാറിനെ കുട്ടിക്കാലത്താണ് ആദ്യമായി കാണുന്നത്. സിബി അങ്കിളിനെ കാണാൻ അച്ഛനോടൊപ്പം ചെന്നപ്പോഴാണ് ഞാനാദ്യമായിട്ട് കാണുന്നത്. ആകാശദൂതിന്റെ ചർച്ചകൾ നടക്കുന്ന സമയമായിരുന്നു. ചിത്രത്തിൽ അഭിനയിക്കാനാണ് ഞാൻ അവിടെ ചെല്ലുന്നത്. കാൽ വയ്യാത്ത കൂട്ടിയുടെ റോളിനു വേണ്ടിയാണ് ഞാൻ അവിടെ ചെല്ലുന്നത്. അച്ഛനോടുള്ള പരിചയത്തിന്റെ പേരിലാണ് എന്നെ സ്ക്രീനിങ്ങിന് വിളിക്കുന്നത്. പക്ഷെ എനിയ്ക്ക് അവസരം കിട്ടിയില്ല.കാരണം സ്ക്രീനിങ്ങിന്റെ സമയത്ത് നീ കരയുമോ എന്ന് ചോദിച്ചപ്പോൾ അങ്ങനെയൊന്നും ഞാൻ കരയില്ല അച്ഛൻ അടിച്ചാൽ മാത്രമേ കരയൂ എന്നാണ് മറുപടി പറഞ്ഞത്. അതോടെ ചാൻസ് പോയി.
ചക്കരമുത്തിന്റെ പൂജയുടെ സമയത്താണ് പിന്നീട് ലോഹി സാറിനെ കാണുന്നത്. സെവൻ ആർട്സ് മോഹനൻ ചേട്ടനാണ് ലോഹിസാർ പുതിയ ചിത്രമെടുക്കുന്നുണ്ടെന്നും ചെന്നു കാണാനും പറഞ്ഞു. പിന്നീട് നിവേദ്യം ചിത്രം എടുക്കുന്നതിനെ കുറിച്ച് അറിഞ്ഞത്. ഇത് അമ്പലവുമായി ബന്ധമുള്ള, നാട്ടിൻപുറത്തെ ഒരു സിനിമയാണെന്ന് കേട്ടു. സാറ് ഈ ഫസ്റ്റ് ഇംപ്രഷൻ എന്ന സംഗതി ഒക്കെയുള്ള ആണെന്ന് പലരും അന്ന് എന്നോട് പറഞ്ഞിരുന്നു പിന്നീട് സാറിനെ കാണാൻ പോയപ്പോൾ ജുബ്ബയൊക്കെ ഇട്ട് ചന്ദനക്കുറിയും തൊട്ടാണ്
അന്ന് സാർ ചെറുതുരുത്തിയിലായിരുന്നു ഉണ്ടായിരുന്നത്. ഞാൻ ചെന്നപ്പോൾ അദ്ദേഹം ഉറങ്ങുകയായിരുന്നു, കാത്തിരുന്നു. ഉറക്കമെഴുന്നേറ്റ് വന്നപ്പോൾ സാർ എന്നെ അടിമുടി നോക്കി. എന്നിട്ട് ഭയങ്കര ചിരിയായിരുന്നു. എന്നിട്ട് സാർ എന്നോട് ചോദിച്ചു 'കരുതിക്കൂട്ടി തന്നെ ഇറങ്ങിയിരിക്കുകയാണല്ലേ' എന്ന്.
ദിവസങ്ങൾക്ക് ശേഷം ഒരുദിവസം അദ്ദേഹത്തിന്റെ ഫോൺ വന്നു. പ്രത്യേകിച്ച് പരിപാടി ഒന്നുമില്ലെങ്കിൽ കുറച്ച് ദിവസം നിൽക്കാൻ പാകത്തിന് വാരാൻ പറഞ്ഞു. ഞാൻ കേട്ടപാതി ബാഗും എടുത്ത് സാറിന് അടുത്തേയ്ക്ക് പോയി.അവിടെ സിനിമയിലെ പാട്ടിന്റെ കമ്പോസിങ്ങും മറ്റും നടക്കുന്നുണ്ട്. ജയചന്ദ്രൻ സാറും കൈതപ്രം തിരുമേനിയും ഒക്കെയുണ്ട്. ഇവരുടെ കൂടെ ഞാനും. എന്തിനാണ് എന്നെ വിളിച്ചതെന്ന് അപ്പോഴും അറിയില്ലായിരുന്നു. ഒരു ദിവസം സാർ എന്നോട് ചോദിച്ചു വിനു പാടുമോ എന്ന്. ഞാൻ എന്തിനും തയ്യാറായിട്ടായിരുന്നു അവിടെ എത്തിയത്. പ്രമഥവനവും പാടി കൊടുത്തു. അതോടെ സാർ പറഞ്ഞു ഇനി നീ ആരുടെ മുന്നിലും പാടരുതെന്ന്. ഇക്കാര്യം പിന്നീട് സാർ പറഞ്ഞു ചിരിക്കുമായിരുന്നു.
പിന്നീട് അദ്ദേഹം എന്നെ ചെറുതുരുത്തിയുള്ള ഒരു മാഷിന്റെ അടുത്ത് പാട്ട് പഠിക്കാൻ വിട്ടു. എനിക്കാകെ കൺഫ്യൂഷനായിരുന്നു. ഞാനിതിൽ അഭിനയിക്കാനാണോ പാടാനാണോ വന്നതെന്ന്. .അതുപോലെ കണ്ണ് സാധകം ചെയ്യാൻ കലാമണ്ഡലത്തിലുള്ള ഒരു മാഷിന്റെ അടുത്തും കൊണ്ടാക്കി. പിന്നീട് ഇതു രണ്ടുമായിരുന്നു എന്റെ ദിനചര്യ. കുറച്ച് നേരം പാട്ട് പഠിക്കും പിന്നീട് അദ്ദേഹത്തോട് സംസാരിക്കുമായിരുന്നു. അങ്ങനെ കുറച്ച് നാൾ കഴിഞ്ഞപ്പോൾ സാറിനോട് നേരിട്ട് തന്നെ ചോദിച്ചു എന്തിനാണ് പാട്ട് പഠിപ്പിക്കുന്നതെന്ന്. അന്നാണ് സാർ പറയുന്നത് സിനിമയിലെ കഥാപാത്രം വള്ളുവനാടൻ ഭാഷ സംസാരിക്കുന്ന ആളാണ്. ആ ശൈലിയിലേക്ക് കൊണ്ടുവരാനാണ് ആ ടോണിൽ സംസാരിക്കുന്ന മാഷിന്റെ അടുത്തേക്ക് എന്നെ പഠിക്കാൻ വിട്ടതെന്ന്.