മിമിക്രി വേദിയില്‍ നിന്നും വെള്ളിത്തിരയിലെ വില്ലനായി മാറിയപ്പോള്‍ അഭിനയത്തിന്റെ ഏത് രസതന്ത്രവും പരീക്ഷിക്കാവുന്ന ലാബാണ് കലാഭവന്‍ ഷാജോണ്‍ എന്ന് പ്രേക്ഷകര്‍ക്ക് മനസിലായ ഒന്നാണ്. ചെറു വേഷങ്ങളില്‍ സിനിമാ ജീവിതം തുടങ്ങി സംവിധായകന്റെ തൊപ്പിയണിയാന്‍ പോകുന്ന ഷാജോണിന് കണ്ണീരിന്റെയും കഷ്ടപ്പാടിന്റെയും കഥകളും അതില്‍ നിന്നും സ്വപ്നങ്ങള്‍ നെയ്തു കൂട്ടിയതിന്റെ അനുഭവങ്ങളും പറയാനുണ്ട്.പൃഥ്വിരാജിനെ നായകനാക്കി ഷാജോണ്‍ സംവിധാനം ചെയ്യുന്ന ബ്രദേഴ്സ് ഡേ ഫെബ്രുവരിയില്‍ ഷൂട്ടിങ് ആരംഭിക്കും. ശങ്കര്‍-രജനീകാന്ത് കൂട്ടുകെട്ടില്‍ റിലീസിനെത്തുന്ന 2.0യിലും ഷാജോണ്‍ ശ്രദ്ധേയമായ വേഷം ചെയ്യുന്നുണ്ട്.
സംവിധായകന്‍ ആകണമെന്ന് ഉള്ളില്‍ ആഗ്രഹമുണ്ടായിരുന്നെങ്കിലും യാദൃച്ഛികമായാണ് ബ്രദേഴ്സ് ഡേയിലേക്ക് എത്തുന്നതെന്നും അതിനു നിമിത്തമായതു പൃഥ്വിരാജ് ആണെന്നും ഷാജോണ്‍ പറയുന്നു. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഷാജോണ്‍ തന്റെ സ്വപ്നങ്ങള്‍ തുറന്ന് പറഞ്ഞത്.
സംവിധായകനാകാന്‍ നിര്‍ദ്ദേശിച്ചത് പൃഥ്വി, ലൂസിഫറിലെ സെറ്റിലെ അത്ഭുതവും അദ്ദേഹം തന്നെ
അഭിനയിക്കമ്പോഴും സംവിധാനം ചെയ്യണമെന്ന് ആരുടേയും ആഗ്രഹമാണ്. പക്ഷേ ഇത്രയും വേഗം അതില്‍ എത്തിച്ചേരുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. ബ്രദേഴ്സ് ഡേയുടെ തിരക്കഥ പൂര്‍ത്തിയായപ്പോള്‍ ഞാനത് പൃഥിരാജിനെ കാണിച്ചു. അപ്പോഴാണ് എന്നോടുതന്നെ ഈ ചിത്രം സംവിധാനം ചെയ്യാന്‍ പൃഥ്വി ആവശ്യപ്പെട്ടത്.
ചിത്രം മറ്റാരെക്കൊണ്ടെങ്കിലും സംവിധാനം ചെയ്യിക്കട്ടെ എന്നായിരുന്നു എനിക്ക്. എന്നാല്‍ ചേട്ടന്‍ സംവിധാനം ചെയ്യൂ എന്നു പറഞ്ഞതും ആത്മവിശ്വാസം പകര്‍ന്നതും രാജുവാണ്. ഒരു കഥ നന്നായി പറഞ്ഞു ഫലിപ്പിക്കാന്‍ കഴിയുന്ന ഒരാള്‍ക്ക് നന്നായി സംവിധാനം ചെയ്യാനും കഴിയും എന്നാണ് രാജു പറഞ്ഞത്. ചേട്ടനാണ് സംവിധാനം ചെയ്യുന്നതെങ്കില്‍ ഞാന്‍ അഭിനയിക്കാം എന്നു പറഞ്ഞ് രാജു എന്നെ ഞെട്ടിച്ചു കളഞ്ഞു. ഒരുപാടു പേര്‍ രാജുവിന്റെ ഡേറ്റ് കിട്ടാനായി ആഗ്രഹിക്കുമ്പോഴാണ് രാജു എനിക്ക് ഇങ്ങോട്ടൊരു ഡേറ്റ് തന്നത്. ആ അവസരം നഷ്ടപ്പെടുത്തരുതെന്നു തോന്നി.
പൃഥി എന്ന ശരിക്കും അത്ഭുതപ്പെടുത്തി കളഞ്ഞു. ഞാനിത്ര നാള്‍ കണ്ട നടനായ രാജുവിനെയല്ല ലൂസിഫറിന്റെ സെറ്റില്‍ കണ്ടത്. രാജു വളരെ വ്യത്യസ്തനായൊരു വ്യക്തിയായിത്തോന്നി. നൂറു സിനിമകള്‍ ചെയ്ത സംവിധായകന്റെ തഴക്കത്തോടെയാണ് അദ്ദേഹത്തെ കാണാനാകുന്നത്. മോഹന്‍ലാല്‍, മഞ്ജു വാരിയര്‍ തുടങ്ങിയ പ്രതിഭകള്‍, ബോളിവുഡില്‍ നിന്നുള്ള താരങ്ങള്‍ ഇവരെയൊക്കെ അനായാസമായി അദ്ദേഹം കൈകാര്യം ചെയ്യുന്നുണ്ട്. ഒട്ടും സമ്മര്‍ദ്ദം നല്‍കാതെ, അഭിനേതാക്കളെ വളരെ കംഫര്‍ട്ടബിള്‍ ആക്കിയാണ് രാജു അഭിനയിപ്പിക്കുന്നത്.
എന്താണു തനിക്ക് വേണ്ടതെന്ന് രാജുവിനു നല്ല ബോധ്യമുണ്ട്. ആദ്യമായി സിനിമ സംവിധാനം ചെയ്യുന്നയാളാണ് രാജു എന്നു തോന്നിയില്ല. സെറ്റില്‍തന്നെ ചില രംഗങ്ങള്‍ കണ്ട് ആവേശഭരിതനായി നിന്നിട്ടുണ്ട്. സിനിമയിലെ മോഹന്‍ലാലിന്റെ അഭിനയശൈലി തന്നെ മറ്റുസിനിമകളില്‍ നിന്ന് ഏറെ വ്യത്യസ്തമാണ്. ലൂസിഫര്‍ കാണാനായി കാത്തിരിക്കുകയാണ് ഞാന്‍.
രജനി ചിത്രത്തിലെ അനുഭവം
രജനീകാന്ത് ചിത്രത്തില്‍ അഭിനയിക്കാന്‍ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നു. എന്റെ വേഷത്തെക്കുറിച്ചു കൂടുതല്‍ വെളിപ്പെടുത്താന്‍ കഴിയില്ല. രജനി സാറിനൊപ്പം അഭിനയിക്കുന്നില്ലെങ്കിലും അക്ഷയ് കുമാര്‍ സാറിനൊപ്പം സ്‌ക്രീന്‍ സ്പേസ് പങ്കിടാന്‍ കഴിഞ്ഞു.
രജനീകാന്തിനൊപ്പം കോമ്പിനേഷന്‍ സീനുകളൊന്നുമില്ലെങ്കിലും ഒരു ദിവസം സെറ്റിലെത്തിയ രജനിസാറിന് എന്നെ പരിചയപ്പെടുത്തിക്കൊടുത്തത് ശങ്കര്‍സാറാണ്. അദ്ദേഹം അമേരിക്കയില്‍നിന്നു തിരിച്ചെത്തിയ സമയമായിരുന്നു. ഞങ്ങള്‍ 10 മിനിറ്റോളം സംസാരിച്ചു. രജനിസാറിനെ നേരിട്ടു കണ്ടപ്പോള്‍ ഞാന്‍ ഒരുനിമിഷം തരിച്ചുനിന്നുപോയി. എന്നോട് ഒരുപാട് കാര്യങ്ങള്‍ അദ്ദേഹം സംസാരിച്ചു. എന്നാല്‍ അദ്ദേഹത്തെ നേരിട്ട കണ്ട ആകാംക്ഷയില്‍ നിന്നതുകൊണ്ട് സാര്‍ എന്താണ് പറഞ്ഞതെന്ന് ഓര്‍ത്തെടുക്കാന്‍ പോലും കഴിയുന്നില്ല. അദ്ദേഹം എന്റെ തോളത്തുതട്ടിയാണ് സംസാരിച്ചത്.
ഷൂട്ടിന്റെ അവസാനദിവസം അക്ഷയ് കുമാറിനൊപ്പം ഒരു സെല്‍ഫി എടുക്കണമെന്ന് എനിക്ക് ആഗ്രഹം ഉണ്ടായിരുന്നു. അസോസിയേറ്റ്സില്‍ ഒരാളോട് ഞാനെന്റെ ആഗ്രഹം പറയുകയും ചെയ്തു. എന്നാല്‍ അവസാന ദിവസം, അദ്ദേഹത്തിന്റെ ഷൂട്ട് എനിക്ക് മുന്‍പേ കഴിഞ്ഞു. എന്റെ ക്ലോസപ്പ് ഷോട്ടുകള്‍ ആണെങ്കില്‍ അപ്പോഴും ബാക്കിയുണ്ട്. ഷൂട്ടിനിടയില്‍ പോയി സെല്‍ഫി എടുക്കുന്നത് ശരിയല്ലാത്തതു കൊണ്ട് എന്റെ സെല്‍ഫി മോഹം മറന്നു കളഞ്ഞേക്കാം എന്നു വിചാരിച്ചു. അദ്ദേഹത്തിന്റെ മേക്കപ്പ് ഹെവി ആയതുകൊണ്ട് പൂര്‍ണമായും നീക്കം ചെയ്യാന്‍ രണ്ടു മണിക്കൂറോളം എടുക്കുമായിരുന്നു.
മൂന്നു മണിക്കൂറോളം കഴിഞ്ഞു കാണും, അസോസിയേറ്റ്സ് വന്നു പറഞ്ഞു, അക്ഷയ് കുമാര്‍ കാരവനില്‍ താങ്കള്‍ക്കായി വെയിറ്റ് ചെയ്യുന്നുണ്ടെന്ന്, അതും സെല്‍ഫി എടുക്കാന്‍. ഞാനത് കേട്ട് ഞെട്ടിപ്പോയി. അദ്ദേഹത്തെപ്പോലെ ഒരു താരം ഒരു മണിക്കൂറോളം എന്റെ ആഗ്രഹം സാധിച്ചു തരാനായി നില്‍ക്കുക. എനിക്കു വിശ്വസിക്കാന്‍ പോലും പറ്റുമായിരുന്നില്ല. ഞങ്ങള്‍ അദ്ദേഹത്തിന്റെ കാരവാനില്‍ ഇരുന്ന് സെല്‍ഫി എടുത്തു. കുറേനേരം സംസാരിച്ചു.
മൈ ബോസ്, ദൃശ്യം എന്നീ സിനിമകള്‍ക്കു ശേഷമാണ് നല്ല വേഷങ്ങള്‍ എന്നെ തേടിയെത്തിയത്. മറ്റുള്ളവരെ വലിച്ചു താഴെയിട്ട് വളരാന്‍ ഞാന്‍ ശ്രമിച്ചിട്ടില്ല. വേഷങ്ങള്‍ക്കായി ആരുടെയും പുറകെ നടന്നിട്ടില്ല. പണ്ടൊക്കെ അഭിനയിക്കുന്ന സിനിമകളില്‍ എനിക്ക് ആകെ ഉണ്ടായിരുന്നത് മൂന്നു ഡയലോഗുകളൊക്കെ ആയിരുന്നു. സ്ഥിരമായി പൊലീസ് വേഷങ്ങള്‍ ചെയ്യുമ്പോള്‍ സുഹൃത്തുക്കള്‍ പരിഹസിക്കുമായിരുന്നു. എന്നാല്‍ അതൊരിക്കലും എന്നെ തളര്‍ത്തിയില്ല. അതുകൊണ്ടാകാം ദൃശ്യത്തിലെ പൊലീസ് കഥാപാത്രം തന്നെയാണ് അവസാനം വഴിത്തിരിവായി വന്നതെന്നും ഷാജോണ്‍ പറയുന്നു.