പ്രമുഖ സിനിമ നിര്‍മ്മാതാവ് ജോണി സാഗരിഗ അറസ്റ്റിലായത് വഞ്ചനാക്കേസില്‍. സിനിമ നിര്‍മ്മാണത്തിന് 2.75 കോടി രൂപ വാങ്ങി പറ്റിച്ചുവെന്ന കോയമ്പത്തൂര്‍ സ്വദേശി ദ്വാരക് ഉദയകുമാറിന്റെ പരാതിയിലാണു ജോണിയെ അറസ്റ്റ് ചെയ്തത്. കോയമ്പത്തൂര്‍ പൊലീസ് കഴിഞ്ഞ ദിവസം നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്നാണ് ജോണിയെ പിടികൂടിയത്.
ദുബായിലേക്കുള്ള എയര്‍ ഇന്ത്യ വിമാനത്തില്‍ കയറാന്‍ ഒരുങ്ങുമ്പോഴാണ് ജോണി സാഗരികയെ ഇമിഗ്രേഷന്‍ വകുപ്പ് കസ്റ്റഡിയില്‍ എടുത്തത്. പിന്നീട് അദ്ദേഹത്തെ കോയമ്പത്തൂര്‍ ക്രൈംബ്രാഞ്ച് അധികൃതര്‍ക്ക് കൈമാറി.
കാനഡയില്‍ താമസിക്കുന്ന വ്യവസായിയാണ് ദ്വാരക് ഉദയ്കുമാര്. 2.75 കോടിയുടെ പണം തട്ടിപ്പാണ് വിഷയം. 50 ലക്ഷം ജോണി സാഗരിക തിരിച്ചുനല്‍കിയെങ്കിലും, 2.25 കോടി തിരിച്ചുകൊടുത്തില്ല. ജോണിയുടെ മകന് റയാന് ജോണ്‍ തോമസാണ് രണ്ടാം പ്രതി. റയാന് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയണ്.
ദ്വാരക് ഉദയകുമാര്‍ എന്‍ആര്‍ഐ പോര്‍ട്ടല്‍ വഴി 2023 ഒക്ടോബര്‍ 11നാണ് പരാതി നല്‍കിയത്. 2016ല്‍ ഖത്തറില്‍ സിനിമാ നിര്മ്മാതാവായിരിക്കെയാണ് ഒരു പ്രൊഡക്ഷന്‍ കണ്ട്രോളര് വഴി ജോണി തന്നെ ബന്ധപ്പെട്ടതെന്നു ദ്വാരക് പരാതിയില്‍ പറഞ്ഞു. മലയാള സിനിമയിലേക്കു തിരികെ വരണമെന്നും നിറം2 ഉള്‍പ്പെടെ 5 ചിത്രങ്ങള്‍ ചെയ്യണമെന്നുമാണു ജോണി പറഞ്ഞത്. ഇതിന്റെ ഭാഗമായി ജോണിയും മകന് റോണ്‍ ജോണിയും നിരവധി തവണ ദോഹയിലെത്തി. ഈ സിനിമകളില്‍ നിക്ഷേപിച്ചാല്‍ നല്ല ലാഭം നേടിത്തരാമെന്ന് ഇരുവരും പറഞ്ഞതായും ദ്വാരക് ആരോപിച്ചു.
ഫിലിം പ്രൊഡ്യൂസര്‍ ചേംബറിലെയും ഡിസ്ട്രിബ്യൂട്ടര്‍ അസോസിയേഷനിലെയും അംഗമാണു ജോണിയെന്നും പറഞ്ഞിരുന്നു. ഇവരുടെ വാക്കുകള്‍ വിശ്വസിച്ച് 75 ലക്ഷം രൂപ ബാങ്ക് വഴി അയച്ചു. സിനിമയുടെ പുരോഗതിയെ കുറിച്ച് ചോദിച്ചപ്പോള്‍ ജോണിയുടെ തിരിച്ചുവരവ് അറിയിക്കുന്ന ഒരു വീഡിയോ അയച്ചു നല്കി. സിനിമ ആരംഭിക്കുന്നുണ്ട് എന്നും അറിയിച്ചു. സിനിമയുടെ ഷൂട്ടിങ് ആരംഭിച്ചശേഷം 2 കോടി കൂടി വേണമെന്ന് ആവശ്യപ്പെട്ടു. 6 മാസത്തിനകം ആദ്യം മുടക്കിയ തുക തിരികെ നല്‍കാമെന്ന ഉറപ്പില്‍ ഈ പണം നല്കി. എന്നാല്‍ ഇതില്‍ 50 ലക്ഷം മാത്രമാണു തിരിച്ചു നല്‍കിയത്. ബാക്കി തുക കൊണ്ടു താനറിയാതെ സ്ഥലവും മറ്റും വാങ്ങിയെന്നും ദ്വാരക് പരാതിയില്‍ പറയുന്നു.
താണ്ഡവം, ചക്രം, ഓര്‍ക്കൂട്ട് ഒരു ഓര്‍മ്മക്കൂട്ട്, ഹരിഹരന്‍പിള്ള ഹാപ്പിയാണ്, മുപ്പതു വെള്ളികാശ്, ബോഡിഗാര്‍ഡ് എന്നിവയാണ് നിര്‍മ്മിച്ച ചിത്രങ്ങള്‍.വിശ്വനാഥന് വടുതല സംവിധാനം ചെയ്ത ഹരിഹരന്‍പിള്ള ഹാപ്പിയാണ് എന്ന ചിത്രത്തില്‍ മോഹന്‍ലാല്‍, ജ്യോതിര്‍മയി, കൊച്ചിന് ഹനീഫ എന്നിവരായിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. സിദ്ദിഖ് സംവിധാനം ചെയ്ത 2010ല്‍ പ്രദര്‍ശനത്തിനെത്തിയ ബോഡി ഗാര്‍ഡ് എന്ന ചിത്രത്തില്‍ നയന്‍താര, ദിലീപ്, മിത്ര കുര്യന് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. 2014ല്‍ പ്രദര്‍ശനത്തിനെത്തിയ മുപ്പതു വെള്ളിക്കാശ് എന്ന ചിത്രത്തില്‍ ലാലു അലക്സ്, സായി കുമാര്‍, രാഘവന് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.