ഇത്തവണ അമ്മയില്‍ യഥാര്‍ത്ഥത്തില്‍ ഒരു തലമുറ മാറ്റമായിരുന്നു എല്ലാവരും ആഗ്രഹിച്ചതെന്ന് നടന്‍ ജഗദീഷ്. കഴിഞ്ഞദിവസം കൊച്ചി ഗോകുലം കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന വാര്‍ഷിക പൊതുയോഗത്തില്‍ ജഗദീഷിനെ വൈസ് പ്രസിഡന്റായി തിരഞ്ഞെടുത്തിരുന്നു. ഒരു മാദ്ധ്യമത്തിനോടായിരുന്നു നടന്റെ പ്രതികരണം.
'പാനല്‍ തീരുമാനിക്കുന്നതില്‍ ഒരഭിപ്രായ ഭിന്നതയും ഉണ്ടായിട്ടില്ല. യഥാര്‍ത്ഥത്തില്‍ മോഹന്‍ലാല്‍ ഉള്‍പ്പെടെ എല്ലാവരും ഒരു തലമുറ മാറ്റം ആഗ്രഹിച്ചിരുന്നു. ഇടവേള ബാബുവൊക്കെ ആഗ്രഹിച്ചതും അതായിരുന്നു. പൃഥ്വിരാജും കുഞ്ചാക്കോ ബോബനുമൊക്കെ ഭരണസമിതിയില്‍ വന്നാല്‍ നന്നായിരിക്കുമെന്ന് കരുതി. എന്നാല്‍ അവരൊന്നും സന്നദ്ധരായില്ല. ഇതോടെയാണ് മോഹന്‍ലാല്‍ സ്വയം മുന്നോട്ടുവന്നത്.
സത്യത്തില്‍ ഞങ്ങളൊക്കെ നിര്‍ബന്ധിച്ചുവെന്ന് പറയാം. പുതുതലമുറയുടെ തിരക്കായിരിക്കും അവരെ പിന്നോട്ട് വലിക്കുന്നത്. ഒരുപക്ഷേ കൂടുതല്‍ സമയം വിനിയോഗിക്കാന്‍ ആവില്ലെന്ന ചിന്ത കൂടിയാകാം. കുറച്ചുകൂടെ കഴിയുമ്പോള്‍ പദവികള്‍ ഏറ്റെടുക്കാന്‍ അവര്‍ തയ്യാറാവും. എന്തായാലും അമ്മ മുന്നോട്ട് പോയെ പറ്റുകയുള്ളൂ'- നടന്‍ വ്യക്തമാക്കി.
ഭരണസമിതിയിലെ സ്ത്രീ പ്രാതിനിധ്യത്തെക്കുറിച്ചും ജഗദീഷ് സംസാരിച്ചു. 'ബൈലോ പ്രകാരം നാല് സ്ത്രീകള്‍ ഭരണസമിതിയിലുണ്ടാകണം. ജനറല്‍ സെക്രട്ടറി സ്ഥാനത്തേയ്ക്കും വൈസ് പ്രസിഡന്റ് സ്ഥാനത്തേയ്ക്കും മത്സരിച്ച സ്ത്രീകള്‍ പരാജയപ്പെട്ടിരുന്നു. മൂന്ന് പേര്‍ മാത്രമാണ് മത്സരിച്ചത്. ഒരാളെ കോ ഓപ്റ്റ് ചെയ്യണം. മത്സരിച്ച രണ്ടുപേര്‍ വിജയിച്ചിരുന്നുവെങ്കില്‍ രണ്ടുപേര്‍ക്കെ സാദ്ധ്യതയുള്ളൂ. ഇപ്പോള്‍ മൂന്നുപേരെയും ഉള്‍പ്പെടുത്താനാണ് തത്വത്തില്‍ തീരുമാനിച്ചിരിക്കുന്നത്. പുതിയ ഭരണസമിതിയെ സംബന്ധിച്ചിടത്തോളം എല്ലാവരെയും ഒന്നിച്ചുകൊണ്ടുപോകാനാണ് താത്പര്യം'- ജഗദീഷ് പറഞ്ഞു.