പ്രിയപ്പെട്ട ഭര്‍ത്താവും ഏകമകളും തന്നെ വിട്ടു പോയെന്ന വാര്‍ത്ത ഇന്നലെയാണ് ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മിയെ വീട്ടുകാര്‍ അറിയിച്ചത്. എന്നാല്‍ വീട്ടുകാര്‍ പ്രതീക്ഷിച്ചിരുന്ന പ്രതികരണം അല്ല ലക്ഷ്്മിയില്‍ നിന്നുണ്ടായത് എന്നത് ഡോക്ടര്‍മാരെയും വീട്ടുകാരെയും ഒരുപോലെ ഞെട്ടിക്കുകയും സങ്കടപ്പെടുത്തുകയും ചെയ്തിരിക്കുകയാണ്. ഒരു കരയുക പോലും ചെയ്യാതെയാണ് ലക്ഷ്മി ദുരന്ത വാര്‍ത്ത കേട്ടതെന്നാണ് ലക്ഷ്മിയെ ചികിത്സിക്കുന്ന ഡോക്ടര്‍ മലയാളി ലൈഫിനോട് പറഞ്ഞത്.
വെന്റിലേറ്ററില്‍ ആയിരുന്ന ലക്ഷ്മിയുടെ ആരോഗ്യനിലയില്‍ നല്ല പുരോഗതി ഉണ്ടായ സാഹചര്യത്തിലാണ് വീട്ടുകാരോട് ലക്ഷ്മിയോട് തന്റെ ജീവിതത്തില്‍ സംഭവിച്ച ദുരന്തം അറിയിക്കാന്‍ ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടത്. വെന്റിലേറ്ററില്‍ നിന്നും തീവ്രപരിചരവിഭാഗത്തിലേക്ക് മാറ്റിയ ലക്ഷ്മി സ്വന്തമായി ശ്വസിക്കാനും ദ്രവരൂപത്തിലുള്ള ആഹാരം കഴിക്കാനും ആരംഭിച്ചിരുന്നു. സംസാരിക്കാന്‍ ആകില്ലെങ്കിലും ലക്ഷ്മിക്ക് മകളുടെയും ഭര്‍ത്താവിന്റെയും കാര്യം അറിയാന്‍ തിടുക്കമുണ്ടായിരുന്നു. വ്യക്തമാകാത്ത വാക്കുകളിലൂടെ ലക്ഷ്മി പലവട്ടം ചോദിക്കുകയും ചെയ്തെങ്കിലും വീട്ടുകാര്‍ അവര്‍ ചികിത്സയിലാണെന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ ആരോഗ്യനില മെച്ചപ്പെട്ടതോടെയാണ് ഡോക്ടര്‍മാര്‍ ഇക്കാര്യം അറിയിക്കാന്‍ ആവശ്യപ്പെട്ടത്. തുടര്‍ന്ന് ലക്ഷ്മിയുടെ അമ്മ ഓമനകുമാരിയമ്മയാണ് ലക്ഷ്മിയുടെ കൈകല്‍ പിടിച്ച് പൊട്ടിക്കരഞ്ഞ് ആ വാര്‍ത്ത പങ്കുവച്ചത്. ഡോക്ടര്‍മാരുടെ സാനിധ്യവും ഈ സമയം ഉണ്ടായിരുന്നു.
എന്നാല്‍ ലക്ഷ്മി പൊട്ടിക്കരയുമെന്ന് പ്രതീക്ഷിച്ചിരുന്ന ഡോക്ടര്‍മാരെയും വീട്ടുകാരെയും ഞെട്ടിച്ച് തികച്ചും നിര്‍വികാരയായിട്ടാണ് ലക്ഷ്മി കാണപ്പെട്ടത്. കാത്തിരുന്നു കിട്ടിയ പൊന്നോമനയും വീട്ടുകാരെ എതിര്‍ത്ത് സ്വന്തമാക്കിയ ബാലുവും തന്നെ വിട്ട് പോയെന്നറിഞ്ഞിട്ടും വെറുതേ നോക്കിയത് അല്ലാതെ ഒരു തുള്ളി കണ്ണീര്‍ പോലും ലക്ഷ്മിയില്‍നിന്നും ഉണ്ടായില്ല. എന്നാല്‍ ഇത് ഡോക്ടര്‍മാരെ സമ്മര്‍ദ്ദത്തിലാക്കി. ലക്ഷ്മിയുടെ ഉപബോധമനസ് ദുരന്തം മനസിലാക്കിയെങ്കിലും അത് അംഗീകരിച്ചിട്ടില്ലെന്നാണ് ഡോക്ടര്‍മാര്‍ വിലയിരുത്തുന്നത്.
കടുത്ത വേദനയിലൂടെ കടന്നുപോകുന്ന സമയമായതിനാല്‍ തന്നെ ലക്ഷ്മി ഒന്നു കരഞ്ഞിരുന്നെങ്കില്‍ എന്നാണ് ഡോക്ടര്‍മാരും വീട്ടുകാരും ആഗ്രഹിക്കുന്നത്. ഈ വേദന കരഞ്ഞുതീര്‍ത്തില്ലെങ്കില്‍ ലക്ഷ്മിയുടെ സ്ഥിതി എന്താവുമെന്ന ആശങ്കയും ഡോക്ടര്‍മാര്‍ പങ്കുവയ്ക്കുന്നുണ്ട്. അതേസമയം ലക്ഷ്മി തന്റെ ജീവിതത്തില്‍ നടന്ന ദുരന്തം അറിഞ്ഞെന്നും ഓരോരുത്തരും ഈ പ്രതിസന്ധി തരണം ചെയ്യാനായി ലക്ഷ്മിക്ക് വേണ്ടി പ്രാര്‍ഥിക്കണമെന്ന് സ്റ്റീഫന്‍ദേവസിയും അഭ്യര്‍ഥിച്ചിരുന്നു.