ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ കേരളം കത്തി നില്‍ക്കുമ്പോഴാണ് നടന്‍ അനൂപ് മോനോന്റേത് എന്ന പേരില്‍ 13 മിനിട്ട് ദൈര്‍ഘ്യമുള്ള ശബ്ദസന്ദേശം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. നിമിഷ നേരം കൊണ്ടു തന്നെ ശബരിമല വിവാദത്തില്‍ നടന്‍ നടത്തിയ പ്രതികരണം എന്ന പേരില്‍ ഈ ശബ്ദ സന്ദേശം പ്രചരിക്കുകയും ചെയ്തു. എന്നാല്‍ തനിക്കെതിരെ ഉയര്‍ന്ന ആരോപണത്തില്‍ യഥാര്‍ത്ഥ ശബ്ദത്തിനുടമയെ തേടി കണ്ടെത്തി രംഗത്തെത്തിയിരിക്കുകയാണ് താരമിപ്പോള്‍.
കഴിഞ്ഞദിവസമാണ് ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപെട്ട് നടന്‍ അനൂപ് മേനോന്റെ ഓഡിയോ ക്ലിപ്പ് എന്ന നിലയില്‍ ഒരു ശബ്ദരേഖ ഗ്രൂപ്പുകള്‍ വഴി പ്രചരിച്ചത്. 13 മിനുട്ടോളം ദൈര്‍ഘ്യമുള്ള ക്ലിപ്പ് ഗ്രൂപ്പുകള്‍ തോറും കുറഞ്ഞ സമയംകൊണ്ടാണ് ഷെയര്‍ ചെയ്തിരുന്നത്. എന്നാല്‍ ഒടുവില്‍ ആ ഓഡിയോ ക്ലിപ്പിന്റെ യഥാര്‍ത്ഥ ഉടമയെ കണ്ടുപിടിച്ചിരിക്കുകയാണ് താരം.
ശബരിമല വിഷയത്തില്‍ 'നടന്‍ അനൂപ് മേനോന്റെ കിടിലം മറുപടി' എന്ന തലക്കെട്ടോടെയായിരുന്നു ഓഡിയോ ഷെയര്‍ ചെയ്തിരുന്നത്. ശബ്ദം വൈറലായതിനെ തുടര്‍ന്ന് പലരും താരത്തെ നേരിട്ട് വിളിച്ച് കാര്യങ്ങള്‍ അന്വേഷിച്ചിരുന്നു. ഇതെതുടര്‍ന്ന് പ്രതികരണവുമായി നടന്‍ അനൂപ് മേനോന്‍ രംഗത്തുവന്നിരുന്നു. ഓഡിയോ ക്ലിപ്പിലെ കിടിലം എന്ന വാക്ക് ഇഷ്ടപ്പെട്ടുവെന്നും എന്നാല്‍ ശബ്ദത്തിനുടമ താനല്ലെന്നും, ആ ശബ്ദത്തിന്റെ ഭാഷാ രീതിയനുസരിച്ച് അത് കണ്ണൂര്‍/കോഴിക്കോട് ഭാഗത്ത് നിന്നുള്ള ആരോ ആവാനാണ് സാദ്ധ്യതയെന്നും അനൂപ് മേനോന്‍ പറഞ്ഞിരുന്നു.
കൂടാതെ ആ ശബ്ദത്തിനുടമയെ വെളിച്ചത്ത് കൊണ്ടുവരണമെന്നും അനൂപ് ഫെയ്സ്ബുക്കിലൂടെ ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ് സോഷ്യല്‍മീഡിയ വഴി എല്ലാവരും ശബ്ദത്തിന്റെ ഉടമയെ കണ്ടെത്താന്‍ ശ്രമം നടത്തിയത്. ഹിന്ദു ഐക്യവേദി നേതാവ് രാജേഷ് നാദാപുരത്തിന്റെതാണ് അനൂപ് മേനോന്റെതായി പ്രചരിച്ച ഓഡിയോ. രാജേഷിന്റെയും അനൂപ് മേനോന്റെയും ശബ്ദത്തിന് ഏറെ സാമ്യങ്ങളുണ്ട്.ഒരു സംവാദ ചടങ്ങില്‍ സംസാരിക്കുന്ന പോലെയാണ് ഓഡിയോയില്‍ കാര്യങ്ങള്‍ പറഞ്ഞിരുന്നത്. ആചാരങ്ങള്‍ നമുക്ക് ആചരിക്കാനുളളതാണെന്നും അത് ലംഘിക്കുന്നത് വ്യക്തികളെ സംബന്ധിച്ചിരിക്കുമെന്നും ഓഡിയോയില്‍ പറഞ്ഞിരുന്നു.
ഇത്രയും ഭംഗിയായി സംസാരിക്കുന്ന ഒരാളെ ''അത് അനൂപ് മേനോനാണെന്ന്'' പറഞ്ഞും, പ്രചരിപ്പിച്ചും അയാളുടെ വ്യക്തിത്വം ഇല്ലാതാക്കാതെ, അയാളുടെ ശബ്ദം അയാള്‍ക്ക് തിരിച്ചുകൊടുക്കുക. എന്നും അനൂപ് മേനോന്‍ ഫെയ്സ്ബുക്കില്‍ കുറിച്ചിരുന്നു. ഒരുപക്ഷേ താരം നേരിട്ട് ഫെയ്സ്ബുക്കില്‍ വരാതിരുന്നെങ്കില്‍ ആ ഓഡിയോ ക്ലിപ്പ് വീണ്ടും വ്യപകമായി പ്രചരിക്കുകയും ആ ശബ്ദത്തിന്റെ ഉടമ ഇപ്പോഴും മറഞ്ഞിരിക്കുകയും ചെയ്തേനെ.