വാഹനങ്ങളോട് ഏറെ താല്‍പര്യമുള്ള വ്യക്തിയാണ് തമിഴകത്തിന്റെ തല എന്നറിയപ്പെടുന്ന അജിത് കുമാര്‍. അഭിനയത്തിനൊപ്പം തന്നെ പ്രഫഷനല്‍ റേസര്‍ കൂടിയായ താരം ഫെറാറിയുടെ എസ് എഫ് 90 സ്ട്രാഡേല്‍ സ്വന്തമാക്കിയിരിക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. അജിത് തന്റെ വാഹനത്തിനൊപ്പം നില്‍ക്കുന്ന ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. ഈ സ്‌പോര്‍ട്‌സ് കാര്‍ ഇന്ത്യയില്‍ ലഭ്യമാണെങ്കിലും ദുബായില്‍ നിന്നുമാണ് താരം വാഹനം സ്വന്തമാക്കിയിരിക്കുന്നതെന്നാണ് അറിയുവാന്‍ കഴിയുന്നത്.
സൂപ്പര്‍കാറുകളിലെ തല എന്നുതന്നെ വിശേഷിപ്പിക്കാന്‍ കഴിയുന്ന വാഹനമാണ് എസ് എഫ് 90 സ്ട്രാഡേല്‍. ഭാവിയിലെ വാഹനമെന്നു ഉറപ്പിച്ചു പറയാന്‍ കഴിയുന്ന വിശേഷപ്പെട്ട രൂപമാണ് ഈ ഫെറാറിക്കു ഉള്ളതെങ്കിലും മുന്‍മോഡലുകളുടെ ചെറിയ സാദൃശ്യങ്ങള്‍ പല ഭാഗങ്ങളിലും കാണുവാന്‍ കഴിയും.
ഫെറാറിയില്‍ നിന്നും പുറത്തിറങ്ങുന്ന ഏറ്റവും ശക്തനായ വാഹനങ്ങളില്‍ ഒന്നാണിത്. എസ് എഫ് 90 സ്ട്രാഡേല്‍ ഒരു പ്‌ളഗ് ഇന്‍ ഹൈബ്രിഡ് വാഹനമാണ്. ട്വിന്‍ ടര്‍ബോ ചാര്‍ജ്ഡ് 4.0 ലീറ്റര്‍ വി8 എന്‍ജിനാണ് വാഹനത്തിനു കരുത്തുപകരുന്നത്. ഇതേ എന്‍ജിന്‍ തന്നെയാണ് ഫെറാറി പോര്‍ട്ടോഫിനോയിലും എഫ്8 ട്രിബുട്ടോയിലും ഉപയോഗിക്കുന്നത്
അജിത്തിന് ആഡംബര കാറിന്റെ വന്‍ ശേഖരമുണ്ട്. ബൈക്കിംഗിലും കാര്‍ റേസിംഗിലും ഉള്ള താരത്തിന്റെ ഇഷ്ടം പ്രശസ്തമാണ്. 1990ല്‍ മൈനര്‍ മാപ്പിളൈ എന്ന ചിത്രത്തിന്റെ വിജയത്തെ തുടര്‍ന്ന് ആദ്യമായി സ്വന്തമാക്കിയ മാരുതി 800 ഇപ്പോഴും ഗ്യാരേജിലുണ്ട്. ബൈക്ക് റൈഡിങ് ഏറെ ഇഷ്ടപ്പെടുന്ന അജിത്തിന് നിരവധി ബൈക്കുകളും സ്വന്തമായുണ്ട്. വീനസ് മോട്ടോര്‍സൈക്കിള്‍ ടൂര്‍സ് എന്ന പേരില്‍ ഒരു മോട്ടോര്‍സൈക്കിള്‍ ടൂറിങ് കമ്പനിയും താരത്തിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
ബി എം ഡബ്‌ള്യു ആര്‍ 1200 ജി എസ്, ബി എം ഡബ്‌ള്യു ആര്‍ 1200 ജി എസ് കൂടാതെ, ബി എം ഡബ്‌ള്യു എസ് 1000 ആര്‍ ആര്‍, ബി എം ഡബ്‌ള്യു കെ 1300 എസ്, അപ്രിലിയ ക്യാപോനോര്‍ഡ്, കാവസാക്കി നിന്ജ സിഎക്‌സ്14 - ആര്‍ എന്നീ ബൈക്കുകളും ഫെറാരി 458 ഇറ്റാലിയ, ബി എം ഡബ്‌ള്യു 740 എല്‍ഐ, ഹോണ്ട അക്കോര്‍ഡ് വി 6 തുടങ്ങിയ കാറുകളും അജിത്തിന്റെ ഗാരിജിലുണ്ട്.