മമ്മൂട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ടര്‍ബോ'. മിഥുന്‍ മാനുവല്‍ തോമസാണ് ചിത്രത്തിന് തിരക്കഥയെഴുതുന്നത്. ഭ്രമയുഗത്തിന് ശേഷമെത്തുന്ന മമ്മൂട്ടി ചിത്രവും, കാതലിന് ശേഷം മമ്മൂട്ടി കമ്പനി നിര്‍മ്മിക്കുന്ന ചിത്രവും കൂടിയാണ് ടര്‍ബോ. മെയ് 23 നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്.
ഇപ്പോഴിതാ ടര്‍ബോ പ്രസ് മീറ്റിനിടെ മമ്മൂട്ടി പറഞ്ഞ വാക്കുകളാണ് വൈറലായികൊണ്ടിരിക്കുന്നത്. 42 വര്‍ഷമായി ഇവിടെയെന്നും ഇതുവരെ വിട്ടിട്ടില്ലെന്നും ഇനി വിടത്തില്ലെന്നുമാണ് മമ്മൂട്ടി പറയുന്നത്. ഇടിക്കാന്‍ വേണ്ടിയുള്ള ഇടിയല്ല, ഇടികൊള്ളാതിരിക്കാനുള്ള ഇടിയാണ് സിനിമയിലുള്ളതെന്നും മമ്മൂട്ടി പറയുന്നു.
ഇവരുടെ ധൈര്യത്തിലാ നമ്മള്‍ നില്‍ക്കുന്നത്. 42 കൊല്ലമായി, വിട്ടിട്ടില്ല, ഇനി വിടത്തില്ല. ഈ സിനിമയില്‍ രണ്ട് ആളുകളുടെ അനുഭവമാണ് പറയുന്നത്. യഥാര്‍ഥത്തില്‍ നടന്ന ഒരു തട്ടിപ്പിന്റെ കഥയുണ്ട്. അതിപ്പോഴും നടക്കുന്ന, ഇനിയും നടക്കാന്‍ സാധ്യതയുള്ള തട്ടിപ്പ്. നമ്മള്‍ പലതും അറിയുന്നില്ലെന്നേ ഒള്ളൂ. ഈ സിനിമയുടെ കഥയുടെ ആധാരം ജോസിനു പറ്റുന്ന ഒരു കയ്യബദ്ധമാണ്. ജോസ് ഒരു മാസ് ഹീറോയല്ല, ജോസ് നിഷ്‌കളങ്കനാണ്. എന്തുകണ്ടാലും ചാടിയിറങ്ങുന്ന ഒരു പാവത്താന്‍.
ജോസ് ചട്ടമ്പിയോ തെമ്മാടിയോ വഴക്കാളിയോ ഒന്നും അല്ല. ഒരു ഡ്രൈവറാണ്. ജോസിന് ജീവിതത്തില്‍ നേരിടേണ്ടി വരുന്നത് ഒരു വലിയ അടിയാണ്. അവിടെ പതറിപ്പോകും. ഈ സാഹചര്യത്തില്‍ ഒരു ശക്തി എവിടുന്നോ വന്നുചേരും. അതുപോലെയാണ് ജോസിനൊരു ശക്തിയുണ്ടാവുന്നത്. അതിനെ വേണമെങ്കില്‍ നമുക്ക് 'ടര്‍ബോ' എന്ന് വിളിക്കാം.
ഇടിക്കാന്‍ വേണ്ടിയുള്ള ഇടിയല്ല. ഇടികൊള്ളാതിരിക്കാനുള്ള ഇടിയാണ് സിനിമയിലുള്ളത്. വേണമെങ്കില്‍ ഇതിനെ സര്‍വൈവല്‍ ത്രില്ലറൊന്നൊക്കെ പറയാം. കഥയുടെ ഒരു ഒരുപാട് ഭാഗങ്ങള്‍ തമിഴ്നാട്ടിലാണ് സംഭവിക്കുന്നത്. തമിഴ് കഥാപാത്രങ്ങളും ഒരുപാട് വന്നുപോകുന്നുണ്ട്. തെലുങ്ക് താരങ്ങളും ഒരുപാടുണ്ട്. യഥാര്‍ഥ ജീവിതത്തില്‍ സംഭവിച്ച ഒന്നു രണ്ട് സംഭവങ്ങള്‍ സിനിമയില്‍ ചേര്‍ത്തിട്ടുണ്ട്.കഥയുമായി ചേര്‍ന്നുപോകുന്ന ചെറിയ തമാശകള്‍, കുടുംബ ബന്ധങ്ങള്‍, വികാരവിക്ഷോഭങ്ങള്‍, ദേഷ്യം, രക്ഷപ്പെടാനുള്ള ശ്രമങ്ങള്‍ അങ്ങനെ സ്വാഭാവികമായി മനുഷ്യന്‍ ചെയ്യുന്നതൊക്കെയാണ് സിനിമയുടെ ബലം.
ഇങ്ങനെയൊരു തരം സിനിമ കൂടി എടുക്കണമെന്നുണ്ടായിരുന്നു. മമ്മൂട്ടി കമ്പനിയുടെ ചെലവേറിയ സിനിമയാണിത്. കുറച്ചൊക്കെ പോയിട്ടും കുറച്ച് കിട്ടിയിട്ടുണ്ട്. എല്ലാം കൂടെ ചുരുട്ടി കൂട്ടി ഇതില്‍ ഇട്ടിരിക്കുകയാണ്. ഇതിനു മുടക്കിയത് വന്നാല്‍, അടുത്തതിനിറങ്ങാം. ഇവരുടെ ധൈര്യത്തിലാണ് നമ്മള്‍ ഇറങ്ങിയിരിക്കുന്നത്. 42 കൊല്ലമായി വിട്ടിട്ടില്ല, ഇനി വിടത്തില്ല.'' എന്നാണ് പ്രസ് മീറ്റിനിടെ മമ്മൂട്ടി പറയുന്നത്.
പോക്കിരി രാജ, മധുരരാജ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സംവിധായകന്‍ വൈശാഖും മമ്മൂട്ടിയും ചിത്രം കൂടിയാണ് ടര്‍ബോ.ഗരുഡ ഗമന ഋഷഭ വാഹന, ടോബി, 777 ചാര്‍ലി എന്നീ ചിത്രത്തിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരനായ നടനും സംവിധായകനുമായ രാജ് ബി ഷെട്ടിയാണ് ചിത്രത്തില്‍ മമ്മൂട്ടിയുടെ വില്ലനായി എത്തുന്നത് എന്നതും പ്രതീക്ഷ നല്‍കുന്ന കാര്യമാണ്. ദിലീഷ് പോത്തന്‍, അഞ്ജന ജയപ്രകാശ്, സുനില്‍. ശബരീഷ് വര്‍മ്മ, ബിന്ദു പണിക്കര്‍, ആമിന നിജം, നിരഞ്ജന അനൂപ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.
വൈശാഖിന്റെ കൂടെ സഹസംവിധായകനായി ഷാജി പാടൂരും പ്രവര്‍ത്തിക്കുന്നുണ്ട്. വിഷ്ണു ശര്‍മയാണ് ചിത്രത്തിന് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. ഭ്രമയുഗത്തിന് സംഗീത സംവിധാനം നിര്‍വഹിച്ച ക്രിസ്റ്റോ സേവ്യര്‍ ആണ് ടര്‍ബോയ്ക്ക് വേണ്ടി സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.
2021ല്‍ ആണ് മമ്മൂട്ടി കമ്പനി എന്ന പ്രൊഡക്ഷന്‍ ഹൗസ് സ്ഥാപിച്ചത്. റോഷാക്, നന്‍പകല്‍ നേരത്ത് മയക്കം, കണ്ണൂര്‍ സ്‌ക്വാഡ്, കാതല്‍ എന്നിവയാണ് മമ്മൂട്ടി കമ്പനി ഇതുവരെ നിര്‍മ്മിച്ച ചിത്രങ്ങള്‍.