ലഹരി ഇടപാട് കേസുമായി ബന്ധപ്പെട്ട് പുതിയ വിവരങ്ങള്‍ ഓരോ ദിവസവും പുറത്തുവരുമ്പോള്‍ സിനിമാലോകം നടുങ്ങുകയാണ്. പ്രശസ്തരായ നടീ നടന്‍മാരുടെയും വ്യവസായികളുമൊക്കെയാണ് ഇപ്പോള്‍ കേസില്‍ കുടുങ്ങുന്നത്. ഇതുമായി ബന്ധപ്പെട്ട് ബെംഗളൂരു സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്ത നടി രാഗിണി ദ്വിവേദി മലയാളികള്‍ക്കും പരിചിതയാണ്. മേജര്‍ രവി സംവിധാനം ചെയ്ത് മോഹന്‍ലാല്‍ നായകനായ കാണ്ഡഹാര്‍ എന്ന ചിത്രത്തിലൂടെയാണ് രാഗിണി മലയാളസിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. മലയാളത്തില്‍ കാണ്ഡഹാറിന് പുറമെ വിഎം വിനു സംവിധാനം ചെയ്ത് 2012ല്‍ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രമായ ഫെയ്‌സ് 2 ഫെയ്‌സിലും രാഗിണി അഭിനയിച്ചു. ചിത്രത്തില്‍ മമ്മൂട്ടിയുടെ നായികയായിരുന്നു രാഗിണി.
ചലച്ചിത്രമേഖലയുമായി ബന്ധപ്പെട്ട് മയക്കുമരുന്ന് ഇടപാടുകള്‍ നടക്കുന്നുണ്ടെന്ന പരാതിയില്‍ സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് ബെംഗലൂരുവില്‍ നടത്തിയ തിരിച്ചിലിനും ചോദ്യം ചെയ്യലിനുമൊടുവില്‍ കഴിഞ്ഞ ദിവസമാണ് നടി അറസ്റ്റിലായത്.യെലഹങ്കയിലെ ഫ്ളാറ്റില്‍ നിന്നാണ് സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് നടിയെ പിടികൂടിയത്. രാവിലെ രാഗിണിയുടെ ഫ്ളാറ്റില്‍ റെയ്ഡ് നടന്നിരുന്നു. നേരത്തെ രാഗിണിയുടെ സുഹൃത്ത് രവി ശങ്കര്‍ കേസില്‍ അറസ്റ്റിലായിരുന്നു. ഇയാള്‍ക്ക് ലഹരി മാഫിയയുമായി അടുത്ത ബന്ധമുണ്ടെന്നാണ് സെന്‍ട്രല്‍ ക്രൈം ബ്രാഞ്ചിന്റെ കണ്ടെത്തല്‍.
രാഗിണിയെ മാത്രമല്ല മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നിക്കി ഗല്‍റാണിയുടെ അനുജത്തി സഞ്ജന ഗല്‍റാണിയും ലഹരി ഇടപാട് കേസില്‍ കുടുങ്ങുമെന്നാണ് സൂചന. കഴിഞ്ഞ ദിവസം സഞ്ജനയ്ക്ക് സമന്‍സ് ലഭിച്ചിരുന്നു. ഇതേതുടര്‍ന്ന് കന്നഡ സിനിമാതാരം സഞ്ജന ഗില്‍റാണിയെ ഇപ്പോള്‍ അന്വേഷണസംഘം ചോദ്യം ചെയ്തു കൊണ്ടിരിക്കുകയാണ്. കാസനോവ, കിങ്ങ് ആന്റ് കമ്മീഷണര്‍ തുടങ്ങിയ ചിത്രങ്ങളില്‍ സഞ്ജന അഭിനയിച്ചിട്ടുണ്ട്.
ബെംഗളൂരുവിലാണ് പഞ്ചാബില്‍ വേരുള്ള രാഗിണി ജനിച്ചു വളര്‍ന്നത്. കിച്ച സുദീപിനൊപ്പമുള്ള ആദ്യ ചിത്രമായ വീര മഡാകരിക്ക് ഏതാനും അവാര്‍ഡുകള്‍ ലഭിച്ചിരുന്നു. പിന്നീട് കന്നഡ ചലച്ചിത്ര രംഗത്തെ ശ്രദ്ധിക്കപ്പെട്ട നടികളിലൊരാളായി മാറി. 2011ല്‍ പുറത്തിറങ്ങിയ കെംപെഗൗഡ എന്ന ചിത്രത്തിലൂടെയാണ് രാാഗിണിക്ക് ഒരു വലിയ ബ്രേക്ക് ലഭിച്ചത്. സുദീപിനൊപ്പം തന്നെയായിരുന്നു ഈ ചിത്രത്തിലും രാഗിണി അഭിനയിച്ചത്.ആരക്ഷക, ശിവ, രാഗിണി ഐപിഎസ് തുടങ്ങിയ ചിത്രങ്ങളിലൂടെ വ്യക്തിമുദ്ര പതിപ്പിക്കാന്‍ താരത്തിന് സാധിച്ചു.തമിഴിലും അഭിനയിച്ചിട്ടുള്ള രാഗിണിയുടെ ഒടുവിലത്തെ ചിത്രം 2019ല്‍ പുറത്തിറങ്ങിയ അദ്യക്ഷ ഇന്‍ അമേരിക്കയാണ്. രാഗിണിയുടെ 25-ാം ചിത്രമാണിത്.