Latest News

'കപ്പേള'യില്‍ പിമ്ബായ വിഷ്ണുവിനെ ചുവന്ന കുറിയിടുന്ന, കൈയില്‍ ചുവന്ന ചരട് കെട്ടുന്ന വിഷ്ണുവായി അവതരിപ്പിക്കപ്പെടുന്നതാണ് അരാജകത്വത്തിന്റെ രാഷ്ട്രീയം; ഇത്തരത്തിലെ ട്രെന്റ് സെറ്റിങ് ഒട്ടും നിഷ്‌കളങ്കമല്ല; അത് വ്യക്തമായ അജണ്ടയോടെയാണ് താനും ! സിനിമയ്ക്കുള്ളിലെ രാഷ്ട്രീയം: അഞ്ജു പാര്‍വതി പ്രഭീഷ് എഴുതുന്നു

Malayalilife
'കപ്പേള'യില്‍ പിമ്ബായ വിഷ്ണുവിനെ ചുവന്ന കുറിയിടുന്ന, കൈയില്‍ ചുവന്ന ചരട് കെട്ടുന്ന വിഷ്ണുവായി അവതരിപ്പിക്കപ്പെടുന്നതാണ് അരാജകത്വത്തിന്റെ രാഷ്ട്രീയം; ഇത്തരത്തിലെ ട്രെന്റ് സെറ്റിങ് ഒട്ടും നിഷ്‌കളങ്കമല്ല; അത് വ്യക്തമായ അജണ്ടയോടെയാണ് താനും ! സിനിമയ്ക്കുള്ളിലെ രാഷ്ട്രീയം: അഞ്ജു പാര്‍വതി പ്രഭീഷ് എഴുതുന്നു

സിനിമയ്ക്കുള്ളിലൊരു രാഷ്ട്രീയമുണ്ടെന്നു നമ്മള്‍ പ്രേക്ഷകര്‍ ആശങ്കപ്പെടുവാന്‍ തുടങ്ങിയത് ഈ അടുത്ത കാലം മുതല്ക്കാണ്. അതിനു നിമിത്തമായ ഒരു സിനിമയാണ് മഹേഷിന്റെ പ്രതികാരം. അത്രയും മനോഹരമായ, പച്ച മനുഷ്യരുടെ കഥ പറഞ്ഞ ചിത്രത്തില്‍ അനാവശ്യമായി തോന്നിയ ഒരേ ഒരു ഡയലോഗ് സൗബീന്റെ കഥാപാത്രമായ ക്രിസ്പിന്‍ പറയുന്ന ഒന്നാണ്.

'ഞാന്‍ ലാലേട്ടന്റെ ഫാനാ ! കാരണം , മമ്മുക്ക എല്ലാ ടൈപ്പ് വേഷവും ചെയ്യും. പൊലീസ്, രാജാവ്, പൊട്ടന്‍ എല്ലാം .പക്ഷേ, ലാലേട്ടന്‍ നായര്‍, മേനോന്‍, പ്രമാണി ഇത് വിട്ടൊരു കളിയില്ല'.

തീര്‍ത്തും നിഷ്‌കളങ്കമെന്നു തോന്നുന്ന രീതിയില്‍ ഒട്ടും തന്നെ നിഷ്‌കളങ്കമല്ലാത്ത ഒരു ട്രെന്റ് സെറ്റിംഗിന്റെ തുടക്കമായിരുന്നുവത്. ആഷിഖ് അബു നിര്‍മ്മിച്ച ഒരു സിനിമയായതുകൊണ്ട് തന്നെ സംശയം തോന്നിയതാണ്. കാരണം ടിയാന്‍ സംവിധാനം ചെയ്ത ടാ തടിയായില്‍ മലയാളത്തിലെ എക്കാലത്തെയും നമ്ബര്‍ 1 രാഷ്ട്രീയ സാറ്റയറിക്കല്‍ മൂവിയായ സന്ദേശത്തിനിട്ട് കൊട്ട് കൊടുക്കുന്നത് കണ്ടിട്ടുണ്ട്.

മോഹന്‍ലാല്‍ എന്ന നടനെ പൊതുസമൂഹത്തില്‍ ഒരു സവര്‍ണ്ണനടനായി അടയാളപ്പെടുത്താനുള്ള ശ്രമം തുടങ്ങിയിട്ട് കുറേനാളുകളായി. അദ്ദേഹത്തിന്റെ കഥാപാത്രങ്ങളായ മംഗലശ്ശേരി നീലകണ്ഠനും ചിറയ്ക്കല്‍ ശ്രീഹരിയും ജഗന്നാഥനും മണ്ണാര്‍ത്തൊടി ജയകൃഷ്ണനുമൊക്കെ ഹൈലൈറ്റ് ചെയ്യപ്പെടുമ്ബോള്‍ മാതു പണ്ടാരവും സോപ്പ് കുട്ടപ്പനും അടിമകണ്ണും ( മുളമൂട്ടില്‍ അടിമ ) ദാരപ്പനും ( ഉയരും ഞാന്‍ നാടാകെ )റഷീദും ( പഞ്ചാഗ്‌നി) റിച്ചാര്‍ഡും സോളമനും സഖാവ് നെട്ടൂരാനും അബ്ദുള്ളയും ഒന്നും കണ്ണിലേയ്ക്ക് വരില്ല. അതാണ് സിനിമയ്ക്കുള്ളിലെ രാഷ്ട്രീയം. ഒരു ട്രെന്‍ഡ് സെറ്റിങ് തങ്ങളുടെ സിനിമയിലൂടെ ,കഥാപാത്രങ്ങളിലൂടെ പറയിപ്പിക്കുന്ന അരാജകത്വത്തിന്റെ രാഷ്ട്രീയമാണിത്. അതിനു തുടക്കമിട്ടതും സിനിമയ്ക്കുള്ളിലെ രാഷ്ട്രീയക്കാരാണ്.

ഇതേ രാഷ്ട്രീയം വച്ച്‌ സിനിമ എഴുതുമ്ബോഴാണ്, ആ രാഷ്ട്രീയഫ്രെയിം കൊണ്ട് സിനിമ നിര്‍മ്മിക്കപ്പെടുമ്ബോഴാണ് ചില ബിംബങ്ങള്‍ ഹൈലൈറ്റ് ചെയ്യപ്പെടുന്നത്. അതുകൊണ്ടാണ് ചുവന്ന കുറിയും ചുവന്ന ചരടും കാവിലുങ്കിയുമൊക്കെ വില്ലനിസത്തിന്റെ പ്രതീകങ്ങളായി അപനിര്‍മ്മിക്കപ്പെടുന്നത്. അതുകൊണ്ടാണ് കപ്പേളയെന്ന സുന്ദരമായ കൊച്ചു സിനിമയിലെ നല്ലവനായ ഉണ്ണി ഇമേജുള്ള വിഷ്ണു സാധാരണക്കാരനായ വില്ലന്‍ ഓട്ടോഡ്രൈവറില്‍ നിന്നും ചുവന്ന കുറിയിട്ട കൈയില്‍ ചുവന്ന ചരടുകെട്ടിയ വിഷ്ണുവായി ഹൈലൈറ്റ് ചെയ്യപ്പെടുന്നത്. നല്ല കാമ്ബുള്ള കഥയുള്ള കപ്പേളയില്‍ വിഷ്ണുവിനെ പുറമെയ്‌ക്ക് സദാചാരം നടിക്കുന്ന പിമ്ബായ വിഷ്ണുവായി അവതരിപ്പിച്ചാല്‍ പോരാ, മറിച്ച്‌ ചുവന്ന കുറിയിടുന്ന,കൈയില്‍ ചുവന്ന ചരട് കെട്ടുന്ന വിഷ്ണുവായി അവതരിപ്പിക്കപ്പെടുന്നതാണ് അരാജകത്വത്തിന്റെ രാഷ്ട്രീയം. ഇത്തരത്തിലെ ട്രെന്റ് സെറ്റിങ് ഒട്ടും നിഷ്‌കളങ്കമല്ല; അത് വ്യക്തമായ അജണ്ടയോടെയാണ് താനും !

ഇതേ അജണ്ടയാണ് വെള്ളവസ്ത്രമിട്ട കോണ്‍ഗ്രസ്സുകാരെ മിക്ക രാഷ്ട്രീയസിനിമകളിലും തട്ടിപ്പിന്റെയും അഴിമതിയുടെയും കഥാപാത്രങ്ങളാക്കുന്നത്. ക്ലാസ്സ്‌മേറ്റ്‌സിലെ സുകുമാരനു കാമ്ബസ് ലൈഫില്‍ സഖാവിന്റെ വീരത്വം നല്കുമ്ബോള്‍ സതീശന്‍ കഞ്ഞിക്കുഴിക്ക്( പേരില്‍ പോലും) തൊഴുത്തില്‍കുത്തിന്റെ പരിവേഷം നല്കുന്നതും അതുകൊണ്ടാണ്.അതിനു അപവാദമായി തിരക്കഥയെഴുതാന്‍ ശ്രീനിവാസനു കഴിഞ്ഞപ്പോഴാണ് സന്ദേശവും അറബിക്കഥയും ഉണ്ടായത്.

ഇനി സിനിമയെ സിനിമയായി കണ്ടു കൂടേയെന്നു ചോദിക്കുന്ന സ്യൂഡോ ലിബറലുകളോട് ! അങ്ങനെ സിനിമയെ വെറും സിനിമയായി കണ്ടിരുന്നുവെങ്കില്‍ 51 വെട്ടും, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റുമൊക്കെ തിയേറ്റുകളായ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കപ്പെട്ടേനേ! മെക്‌സിക്കന്‍ അപാരത ടോം ഇമ്മട്ടി നേരായി ചിത്രീകരിച്ചേനേ!

ഇത്തരം ട്രെന്റ് സെറ്റിംഗിനു പിന്നിലെ രാഷ്ട്രീയവും അണിയറയിലുള്ളവരെയും കൃത്യമായും വ്യക്തമായും മനസ്സിലാക്കുന്നതിലാണ് വാരിയംകുന്നനെതിരെ പ്രതിഷേധിക്കുന്നതും ഇന്നും സ്വീകരണമുറികളില്‍ സത്യന്‍ അന്തിക്കാടിന്റെ സന്ദേശം സുപ്പര്‍ഹിറ്റായി ഓടിക്കൊണ്ടേയിരിക്കുന്നതും!

കപ്പേളയെന്ന കാമ്ബുള്ള കൊച്ചുസിനിമയെ നെഞ്ചോട് ചേര്‍ത്തുകൊണ്ട് തന്നെ പറയട്ടെ വിഷ്ണു എന്ന ചരടുകെട്ടിയ, ചുവന്ന കുറിയിട്ട ക്യാരക്ടര്‍ സ്‌ക്കെച്ചിനു പിന്നിലുള്ള വൃത്തികെട്ട രാഷ്ട്രീയ-മത-അരാജകത്വത്തെ അങ്ങേയറ്റം വെറുക്കുന്നു.

Anju Parvati Prabesh wrote kappela

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES