പ്രശസ്ത സംഗീത സംവിധായകൻ ഷാൻ റഹ്മാനെതിരെ ഗുരുതര ആരോപണവുമായി സംഗീത സംവിധായകൻ. ഒമർ ലുലു സംവിധാനം ചെയ്ത ഒരു അഡാർ ലൗ എന്ന സിനിമയിലെ ഫ്രീക്ക് പെണ്ണേ എന്ന ഗാനത്തിലാണ് തർക്കം. സത്യജിത്ത് എന്ന സംഗീത സംവിധായകനാണ് വിഷയത്തിൽ ഷാനെതിരെ ആരോപണം ഉന്നയിച്ചിരിക്കുന്നത്. ഫ്രീക്ക് പെണ്ണേ എന്ന ഗാനത്തിന്റെ ക്രെഡിറ്റ് തട്ടിയെടുത്തു എന്നാണ് ആരോപണം. സോഷ്യൽ മീഡിയയിലൂടെയാണ് ആരോപണം.
ഗാനം ആലപിച്ചതിന്റേയും ഗാനത്തിന്റെ വരികളുടേയും ക്രെഡിറ്റ് മാത്രമാണ് തനിക്ക് ലഭിച്ചതെന്നും സംഗീതം ഷാൻ റഹ്മാന്റെ പേരിലാണ് എന്നുമാണ് സത്യജിത്ത് പറയുന്നത്. 2015ൽ കോട്ടയം ഗവൺമെന്റ് പോളിടെക്നിക്കിൽ വെച്ച് ഈ ഗാനം ആലപിക്കുന്നുവെന്ന് അവകാശപ്പെടുന്ന വീഡിയോയും സത്യജിത്ത് പുറത്തുവിട്ടിട്ടുണ്ട്.
സിനിമ ഇറങ്ങുന്നതിന് നാല് വർഷം മുൻപാണ് താൻ ഈ ഗാനം ഒരുക്കുന്നത് എന്നാണ് ഫേസ്‌ബുക്കിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നത്. ഇത് ചോദിക്കാൻ ചെന്ന തന്നോട് ഷാൻ റഹ്മാൻ മോശമായി പെരുമാറിയെന്നും പറഞ്ഞു. ഇത് നേരിട്ട് മുഖത്ത് നോക്കി ചോദിച്ച അന്ന് ഷാൻ റഹ്മാൻ ചേട്ടൻ ബ്ലോക്ക് ചെയ്തിട്ട് പോയതാണ് , പിന്നീട് സിനിമയുടെ പിന്നണി പ്രവർത്തകരും ഒരുപാട് പേർ തഴയുകയും അവഗണനകൾ നേരിടുകയും ചെയ്തിരുന്നു ,അന്ന് എന്റെ പക്കൽ തെളിവുകളുടെ അഭാവമായിരുന്നു കാരണം , സത്യം എല്ലാക്കാലവും മറച്ചു വെക്കാൻ സാധിക്കുന്നതല്ല.- സത്യജിത്ത് കുറിച്ചു.
സിനിമയിൽ ഗാനത്തിന്റേയും രചനയുടേയും ക്രെഡിറ്റ് മാത്രമാണ് എനിക്ക് ലഭിച്ചത്. ഗാനത്തിന്റെ ഈണം നൽകിയത് ഞാനാണ്. അതിന്റെ ക്രെഡിറ്റ് ലഭിച്ചിട്ടില്ല എന്നു മാത്രമല്ല അതിന്റെ പേരിൽ പിന്നീട് മ്യൂസിക് ഡയറക്ടർ എന്നോട് കയർത്തു സംസാരിക്കുകയും ചെയ്തു. മ്യൂസ്‌ക് റൈറ്റ് തന്നെയാണ് ഇവിടെ വിഷയം.- സത്യജിത്തിന്റെ കുറിപ്പിൽ പറയുന്നു.