മലയാള സിനിമയിലെ ശ്രദ്ധേയനായ നടനും തിരക്കഥാകൃത്തുമാണ് രണ്‍ജി പണിക്കര്‍. നിരവധി സിനിമകൾക്ക് തിരക്കഥ രചിച്ച അദ്ദേഹം ഇപ്പോൾ താന്‍ സൃഷ്ടിച്ച ഏറ്റവും കരുത്തുറ്റ വില്ലനായ ഏകലവ്യനിലെ ചേറാടി കറിയ എന്ന കഥാപാത്രം വിജയരാഘവന് നല്‍കിയതിനെക്കുറിച്ച് തുറന്നു പറയുകയാണ്. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലൂടെ രഞ്ജി പണിക്കർ ഇക്കാര്യം തുറന്ന് പറഞ്ഞത്.
'എന്റെ ആദ്യത്തെ സിനിമയില്‍ വിജയരാഘവന്‍ അഭിനയിച്ചിരുന്നു. ഞാന്‍ ചെയ്ത രണ്ടാമത്തെ സിനിമയായ 'ആകാശകോട്ടയിലെ സുല്‍ത്താന്‍' എന്ന സിനിമയില്‍ വിജയരാഘവന്‍ ഇല്ല. അടുത്തതായി എഴുതിയ തലസ്ഥാനം സിനിമയിലും വിജയരാഘവന്‍ ഉണ്ടായിരുന്നു. പിന്നീട് 'സ്ഥലത്തെ പ്രധാന പയ്യന്‍സ്' എന്ന എന്റെ സിനിമയിലും വിജയരാഘവന് നല്ല ഒരു വേഷമുണ്ടായിരുന്നു. അത് കഴിഞ്ഞാണ് ഞാന്‍ 'ഏകലവ്യന്‍' എഴുതുന്നത്. അതിലെ ചേറാടി കറിയ എന്ന കഥാപാത്രമായി അന്ന് ഞങ്ങള്‍ സങ്കല്‍പ്പിച്ചത് വിജയരാഘവനെ അല്ലായിരുന്നു. ആ കഥാപാത്രം ചെയ്യാന്‍ ഇവിടുത്തെ മലയാളത്തിലെ ഒട്ടേറെ പ്രമുഖര്‍ ഞങ്ങളുടെ ലിസ്റ്റില്‍ ഉണ്ടായിരുന്നു.
വിജയരാഘവന് ഞങ്ങള്‍ കരുതിവച്ചത് മറ്റൊരു പോലീസ് വേഷമാണ്. എല്ലാത്തിലും പോലീസ് വേഷം ചെയ്യുന്നത് കൊണ്ട് ഈ സിനിമയിലെങ്കിലും പോലീസ് വേഷം മാറ്റി തരണമെന്ന് പറഞ്ഞ വിജയരാഘവനെ ചേറാടി കറിയ എന്ന കഥാപാത്രം ധൈര്യപൂര്‍വ്വം ഏല്‍പ്പിക്കുകയായിരുന്നു. ഇതില്‍ പ്രായമായ ഒരു അതിശക്തനായ വില്ലന്‍ കഥാപാത്രം ഉണ്ടെന്നു പറഞ്ഞപ്പോള്‍ പ്രായത്തിന്റെ ഇമേജ് പോലും നോക്കാതെ വിജയരാഘവന്‍ ആ കഥാപാത്രത്തെ സ്വീകരിക്കുകയും അത് ഞങ്ങള്‍ പ്രതീക്ഷച്ചതിനപ്പുറം മനോഹരമാക്കി തരികയും ചെയ്തു'.