വില്ലന്‍ വേഷങ്ങളിലും ക്യാരക്ടര്‍ വേഷങ്ങളിലും തിളങ്ങിയിട്ടുള്ള നടന്‍ കൃഷ്ണകുമാര്‍ മാതൃകാ കുടുംബജീവിതം നയിക്കുന്ന ആളാണ്. നാലു പെണ്‍മക്കളാണ് താരത്തിന് ഉള്ളത്. നടി അഹാന, ദിയ, ഇഷാനി, ഹന്‍സിക എന്നിവരാണ് കൃഷ്ണകുമാര്‍-സിന്ധു ദമ്പതികളുടെ മറ്റു മക്കള്‍. കൃഷ്ണകുമാറിന്റെ 4 മക്കളും സോഷ്യല്‍മീഡിയയില്‍ സജീവമാണ്. അടുത്തിടെയായിരുന്നു താരം തിരുവനന്തപുരം നിയമസഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിയായി തെരെഞ്ഞെടുപ്പിൽ നിന്നിരുന്നത്. എന്നാൽ ഇപ്പോൾ താരം ബിജെപി ജില്ലാ നേതൃത്വത്തിനെതിരെ തുറന്നടിച്ച് കൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ്. ബിജെപി വോട്ടുകള്‍ പൂര്‍ണമായും തനിക്ക് ലഭിച്ചില്ല, മണ്ഡലത്തിലെ വിജയ സാധ്യത ബിജെപി നേതൃത്വം ഒട്ടും ഉപയോഗിച്ചില്ല. വ്യക്തിപരമായി കിട്ടിയ വോട്ടുകള്‍ക്കൊപ്പം പാര്‍ട്ടി വോട്ടുകള്‍ കൂടി കിട്ടിയിരുന്നെങ്കില്‍ ഒരു പക്ഷേ സ്ഥിതി മറ്റൊന്നായെനെയെന്നും കൃഷ്ണകുമാര്‍ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലൂടെ തുറന്ന് പറയുകയാണ്.
ഒരു കേന്ദ്ര നേതാവ് പോലും മണ്ഡലത്തില്‍ പ്രചാരണത്തിനെത്തിയില്ല. അതിന് വേണ്ടി ജില്ലാ നേതൃത്വം മുന്‍കൈ എടുത്തില്ല. സര്‍വ്വേ ഫലങ്ങള്‍ തനിക്ക് വിജയസാധ്യത പ്രവചിച്ചപ്പോള്‍ കുറച്ചുകൂടി ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ടതായിരുന്നു. ഒരു കലാകാരന്‍ ആയതുകൊണ്ടുതന്നെ വ്യക്തിപരമായ വോട്ടുകള്‍ ധാരാളം ഉണ്ടാകും. പാര്‍ട്ടി വോട്ടുകളും അതുപോലെ വന്നിരുന്നെങ്കില്‍ വിജയം ഉറപ്പായിരുന്നു. 2019 ലെ കണക്കുമായി താരതമ്യം ചെയ്യുമ്ബോള്‍ മുന്നിട്ട് നില്‍ക്കുന്ന വാര്‍ഡുകളില്‍ പോലും ആയിരത്തോളം വോട്ടിന്റെ കുറവുണ്ട്. ബി.ജെ.പിക്ക് വോട്ട് ചെയ്യുന്നൊരാള്‍ വോട്ട് ചെയ്യാതിരിക്കുകയോ മറ്റ് പാര്‍ട്ടിക്ക് വോട്ട് ചെയ്യുകയോ ചെയ്‌തെങ്കില്‍ അത് വളരെ വലിയ വിഷയമാണ്.
ഹാര്‍ബര്‍ പദ്ധതിയുമായി ബന്ധപ്പെട്ട് ഒരു നിവേദനം പ്രധാനമന്ത്രിയ്ക്ക് കൊടുത്തപ്പോള്‍ തന്നെ വലിയ പിന്തുണ കിട്ടി. പ്രധാനമന്ത്രി അത് വളരെ ഗൗരവത്തോടെ എടുത്തു. ജില്ലാ നേതൃത്വം രണ്ട് മൂന്ന് കേന്ദ്ര നേതാക്കളെ വിട്ടു തന്നിരുന്നെങ്കില്‍ ഇത് വേറെ തലത്തിലോട്ട് മാറുമായിരുന്നു. ചുറ്റുമുള്ള മണ്ഡലത്തിലെല്ലാം നേതാക്കളെത്തി. മണ്ഡലത്തിനകത്താണ് എയര്‍പോര്‍ട്ട്. ദേശീയ നേതാക്കന്‍മാര്‍ എല്ലാവരും ഈ എയര്‍പോര്‍ട്ടിലൂടെയാണ് വരുന്നതും പോകുന്നതും. എന്നിട്ടും തന്റെ മണ്ഡലത്തില്‍ ആരും പ്രചാരണത്തിന് വന്നില്ല. ഇത് ജില്ലാ നേതൃത്വത്തിന്റെ വീഴ്ചയാണ്.
മത്സരിക്കേണ്ടയെന്ന് ഒരിക്കലും തോന്നിയിട്ടില്ല. ഇനിയും മത്സരിക്കണം. ആദ്യമായി മത്സരിച്ച് ഇത്രയും വോട്ട് കിട്ടിയത് വലിയ കാര്യമാണ്. പാര്‍ട്ടി അവസരം തന്നാല്‍ ഇനിയും ഇതേ മണ്ഡലത്തില്‍ തന്നെ മത്സരിക്കും.