കൊച്ചുകൊച്ചു കഥാപാത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട നടനാണ് ഗോകുലന്‍ എംഎസ്. നിരവധി സിനിമകളിലെ ഹാസ്യ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയനാണ് താരം. ജയസൂര്യ നായകനായ പുണ്യാളന്‍ അഗര്‍ബത്തീസ് എന്ന കോമഡി സിനിമയില്‍ ഗോകുലന്‍ ചെയ്ത ജിംബ്രൂട്ടന്‍ എന്ന കഥാപാത്രം വലിയ ശ്രദ്ധ നേടിയിരുന്നു. മലയാളത്തിലെ ഒട്ടുമിക്ക മുന്‍നിര നായകന്മാരുടെ ഒപ്പവും ഗോകുലന്‍ അഭിനയിച്ചിട്ടുണ്ട്. ഉണ്ട, എന്റെ ഉമ്മാന്റെ പേര്, വാരിക്കുഴിയിലെ കൊലപാതകം, പത്തേമാരി എന്നിവയാണ് ഗോകുലന്‍ ഭാഗമായ ശ്രദ്ധേയമായ ചില സിനിമകള്‍. എന്നാൽ ഇപ്പോൾ ഉണ്ട സിനിമയുടെ ചിത്രീകരണ വേളയില്‍ മമ്മൂട്ടിയുമൊത്തുള്ള അനുഭവങ്ങള്‍ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലൂടെ പങ്കുവെക്കുകയാണ് ഗോകുലന്‍.
''മമ്മൂട്ടി എന്ന നടനെ നമുക്ക് നേരത്തെ അറിയാം. പക്ഷെ മമ്മൂട്ടിയെന്ന വ്യക്തിയെ കൂടുതല്‍ അടുത്തറിഞ്ഞത് ഉണ്ടയില്‍ അഭിനയിച്ചപ്പോഴാണ്. മമ്മൂക്കയെ കുറിച്ച് ആദ്യം കേള്‍ക്കുന്നത് മമ്മൂട്ടി ഭയങ്കര ജാഡയാണെന്നാണ്. പക്ഷെ അടുത്തറിയുമ്പോള്‍ നമ്മള്‍ മമ്മൂക്കയെന്നേ വിളിക്കൂ. നമ്മള്‍ കേട്ടതൊന്നുമല്ല. ഇദ്ദേഹത്തെ പറ്റിയാണോ നാട്ടുകാര്‍ ഇങ്ങനെ പറഞ്ഞു നടക്കുന്നതെന്ന് നമുക്ക് തോന്നിപ്പോകും''.
''വളരെ അടുത്ത ബന്ധം അദ്ദേഹത്തോട് തോന്നും. അദ്ദേഹം തിരിച്ചും അത് കാണിക്കും. ഇപ്പോഴും അദ്ദേഹത്തിന് മെസേജ് അയക്കാം. അതുകൊണ്ടാണല്ലോ ഞാന്‍ കല്യാണത്തിന് ഒക്കെ വിളിച്ചത്. കൊവിഡ് മാറിയിട്ട് ഒരു ദിവസം വരാമെന്നും അദ്ദേഹം പറഞ്ഞിരുന്നു. അതാണ് മമ്മൂക്ക''. തന്റെ കല്യാണത്തെ കുറിച്ച് മമ്മൂട്ടിയോട് സംസാരിച്ചതിനെ കുറിച്ചും അദ്ദേഹം മനസ് തുറക്കുന്നുണ്ട്.
''ഗോകുലാ നീ കല്യാണം കഴിക്കുന്നില്ലേ എന്ന് ചോദിച്ചു. കഴിക്കണം ഇക്കാ പക്ഷെ പെണ്ണ് കിട്ടുന്നില്ല എന്ന് ഞാന്‍ പറഞ്ഞു. അതെന്താടാ എന്ന് അദ്ദേഹം ചോദിച്ചു. സിനിമ നടന് പെണ്ണുകിട്ടില്ലെന്നാണ് പറയുന്നത് ഇക്കായെന്ന് ഞാന്‍ പറഞ്ഞു. അങ്ങനെയുണ്ടോടാന്ന് ചോദിച്ചു. എന്താണെന്നറിയില്ല പക്ഷെ അങ്ങനെയാണെന്നും ഞാനും പറഞ്ഞു. ഞാന്‍ കെട്ടുമ്പോള്‍ അങ്ങനെയൊന്നും ഉണ്ടായിരുന്നില്ലല്ലോ എന്നായി മമ്മൂക്ക. അതിന് മമ്മൂക്ക കല്യാണം കഴിക്കുമ്പോള്‍ നിങ്ങള്‍ സിനിമാ നടനായിരുന്നില്ലല്ലോ എന്ന് ഞാന്‍ തിരിച്ച് ചോദിച്ചു'' ഗോകുലന്‍ പറയുന്നു.
''ആ അത് ശരിയാണെന്ന് അദ്ദേഹവും പറഞ്ഞു. എന്നാ നീ നമ്മുടെ ആ നടിയെ ആലോചിക്ക് എന്ന് അദ്ദേഹം പറഞ്ഞു. ഞാന്‍ പറഞ്ഞു വേണ്ട ആ നടിയെ എനിക്ക് ഇഷ്ടമല്ലെന്ന്. പക്ഷെ മറ്റേ നടിയെ എനിക്ക് ഇഷ്ടമാണെന്നും ഞാന്‍ പറഞ്ഞു. ഷൈന്‍ ടോം ചാക്കോയോ ആരോ ആ നടി നല്ലതായിരിക്കുമെന്ന് ഇക്കയോട് പറഞ്ഞു. അവളോട് നീ സംസാരിച്ചിട്ടുണ്ടോയെന്ന് ചോദിച്ചു. ഇല്ലെന്ന് ഞാന്‍ പറഞ്ഞു. എന്നാല്‍ ഇനി കാണുമ്പോ ചോദിക്കെന്ന് മമ്മൂക്ക പറഞ്ഞു. പിന്നെ അദ്ദേഹം പറഞ്ഞു നീ ചോദിക്കണ്ട ഞാന്‍ തന്നെ ചോദിക്കാമെന്ന്. ഞാന്‍ ശരിയെന്ന് പറഞ്ഞു''.