അറുപത്തിയൊമ്പതാം ഫിലിം ഫെയര്‍ അവാര്‍ഡ്‌സില്‍ മലയാളത്തില്‍നിന്ന് മികച്ച നടനായി മമ്മൂട്ടിയെ തെരഞ്ഞെടുത്തു. ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത നന്‍പകല്‍ നേരത്ത് മയക്കം എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് പുരസ്‌കാരം.
കരിയറിലെ 15ാമത് ഫിലിംഫെയര്‍ അവാര്‍ഡാണ് മമ്മൂട്ടി സ്വന്തമാക്കിയത്. ഇന്ത്യയില്‍ മറ്റൊരു നടനും ഇല്ലാത്ത റെക്കോഡാണ് മമ്മൂട്ടി ഈ അവാര്‍ഡിലൂടെ സ്വന്തമാക്കിയത്. 1984 മുതല്‍ അഞ്ച് പതിറ്റാണ്ടിലും ഫിലിംഫെയര്‍ അവാര്‍ഡ് നേടുന്ന ഒരേയൊരു ഇന്ത്യന്‍ നടനായി മമ്മൂട്ടി മാറി. 1894ല്‍ അടിയൊഴുക്കുകള്‍ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് താരം ആദ്യത്തെ ഫിലിംഫെയയര്‍ അവാര്‍ഡ് നേടിയത്. പിന്നീട് 1985, 1990,91,97,2000,2004,2007,2009,2010,2014,15,2023 എന്നീ വര്‍ഷങ്ങളിലും മികച്ച നടനായി മമ്മൂട്ടി മാറി.
അവാര്‍ഡ് ദാനചടങ്ങില്‍ ഏറെ വികാരാധീനനായാണ് മമ്മൂട്ടി സംസാരിച്ചത്. ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ അനേകം ജീവനുകള്‍ നഷ്ടപ്പെട്ട വയനാടിനെ നെഞ്ചോട് ചേര്‍ത്തുപിടിച്ചു പറഞ്ഞ വാക്കുകള്‍ ഏവരുടെയും ഹൃദയത്തില്‍ തൊട്ടു.പുരസ്‌കാര വേദി സന്തോഷം ഉള്ളതാണെങ്കിലും വയനാടിനെ ഓര്‍ക്കുമ്പോള്‍ തനിക്ക് സന്തോഷിക്കാന്‍ കഴിയുന്നില്ല എന്നും മമ്മൂട്ടി പറഞ്ഞു.
അതേസമയം ഇരട്ടയിലെ പ്രകടത്തിന് ജോജു ജോര്‍ജ് ക്രിട്ടിക്‌സ് പുരസ്‌കാരത്തിന് അര്‍ഹനായി.2023 ല്‍ റിലീസ് ചെയ്ത മലയാള ചിത്രങ്ങള്‍ക്കുള്ള പുരസ്‌കാരങ്ങളാണ് വിതരണം ചെയ്തത്.തമിഴ് സൂപ്പര്‍ താരം വിക്രം, നടന്‍ സിദ്ധാര്‍ത്ഥ് എന്നിവര്‍ക്കൊപ്പമാണ് പുരസ്‌കാരം സ്വീകരിക്കുമ്പോള്‍ മമ്മൂട്ടി വേദി പങ്കിട്ടത്.
നിരവധി താരങ്ങളാണ് ഹൈദരബാദിലെ പരിപാടിയില്‍ പങ്കെടുത്തത്. മലയാളത്തില്‍ നിന്ന് ജഗദീഷ്, പൂര്‍ണിമ ഇന്ദ്രജിത്ത്, ജൂഡ് ആന്റണി ജോസഫ് തുടങ്ങി നിരവധി പേര്‍ പങ്കെടുത്തു. നന്‍പകല്‍ നേരത്ത് മയക്കം, കാതല്‍ ദ് കോര്‍ എന്നീ ചിത്രങ്ങളായിരുന്നു നോമിനേഷനില്‍ ഉണ്ടായിരുന്നത്. എന്നാല്‍ നന്‍പകല്‍ നേരത്ത് മയക്കത്തിനാണ് അവാര്‍ഡ് നേടിയത്. കാതല്‍ ദ് കോര്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് ജ്യോതികക്ക് ബെസ്റ്റ് ആക്ടറസ് ക്രിറ്റിക്‌സ് അവാര്‍ഡ് ലഭിച്ചു.
തുറമുഖം, ഇരട്ട, പുരുഷ പ്രേതം, നേര്, തുടങ്ങിയ സിനിമകളിലെ അഭിനയത്തിന് നിരവധി അവാര്‍ഡുകള്‍ നേടാന്‍ സാധിച്ചു. ഒപ്പം മികച്ച ചിത്രമായി തിരഞ്ഞെടുത്തത് ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത 2018 എന്ന ചിത്രമാണ്. സൗത്ത് ഇന്ത്യയിലെ മികച്ച താരങ്ങളെല്ലാം പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു