ദളപതി വിജയുടെ സിനിമാ കരിയറിലെ അവസാന ചിത്രമായ ദളപതി 69ന്റെ ഓരോ അപ്ഡേറ്റും സോഷ്യല്‍ മീഡിയയില്‍ തരംഗമാകുകയാണ്. എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അനിരുദ്ധ് രവിചന്ദര്‍ ആണ് സംഗീതസംവിധാനം നിര്‍വഹിക്കുന്നത്. ചിത്രത്തിലെ പ്രധാന താരങ്ങളെ ഒഫീഷ്യലായി പ്രൊഡക്ഷന്‍ ഹൗസ് ഇന്നലെയും ഇന്നുമായി പരിചയപ്പെടുത്തിയിരുന്നു.
ബോബി ഡിയോളും പൂജാഹെഡ്ഗെയും ചിത്രത്തിലെത്തുന്നു എന്ന സ്ഥിരീകരണം നേരത്തെ ഔദ്യോഗികമായി വന്നിരുന്നു. ഇപ്പോളിതാ മലയാളികളുടെ പ്രിയ താരം മമിതാ ബൈജുവും ദളപതി 69ന്റെ ഭാഗമാകുന്നു എന്ന് നിര്മ്മാണകമ്പനി വെളിപ്പെടുത്തുന്നു. കേരളത്തില്‍ വലിയ ആരാധകരുള്ള ദളപതിയുടെ ചിത്രത്തില്‍ പ്രേമലുവിലൂടെ ബ്ലോക്ക്ബസ്റ്റര്‍ വിജയം ഭാഷാഭേദമന്യേ നേടിയ യങ് സെന്സേഷന് താരം മമിതാ ബൈജു കൂടി എത്തുമ്പോള്‍ ഓരോ മലയാളി പ്രേക്ഷകനും അഭിമാനവും ഒപ്പം ചിത്രത്തിനെക്കുറിച്ചുള്ള പ്രതീക്ഷകള്‍ ഇരട്ടിയാക്കുകയും ചെയ്യുന്നു.
കലാ മൂല്യമുള്ളതും നിലവാരമുള്ളതുമായ സിനിമകള്‍ നിര്‍മ്മിച്ച വെങ്കട്ട് കെ നാരായണ ആണ് കെ വി എന്‍ പ്രൊഡക്ഷന്റെ പേരില്‍ ചിത്രം നിര്‍മ്മിക്കുന്നത്. ജഗദീഷ് പളനിസ്വാമിയും ലോഹിത് എന്‍ കെയുമാണ് സഹനിര്‍മാണം.
ഈ വര്‍ഷം ഒക്ടോബറില്‍ ചിത്രീകരണം ആരംഭിക്കുന്ന ചിത്രം 2025 ഒക്ടോബറില്‍ തിയേറ്ററിലേക്കെത്തുമെന്നാണ് നിര്‍മ്മാതാക്കള്‍ അറിയിക്കുന്നത്. ബ്ലോക് ബസ്റ്ററുകള്‍ സമ്മാനിച്ച വിജയിയുടെ മറ്റൊരു ബ്ലോക്ക്ബസ്റ്റര്‍ ചിത്രമായിരിക്കും ദളപതി 69 എന്നാണ് ഓരോ അപ്ഡേറ്റും നല്കുന്ന പ്രതീക്ഷകള്‍.
ആരാധകര്‍ക്ക് ആവേശം നല്കുന്ന പ്രഖ്യാപനങ്ങള്‍ ഇനിയും ഉണ്ടാകുമെന്നും മറ്റു താരങ്ങളെക്കുറിച്ചും അണിയറ പ്രവര്‍ത്തകരെക്കുറിച്ചുമുള്ള വിവരങ്ങള്‍ പങ്കുവയ്ക്കുമെന്നും കെ വി എന്‍ പ്രൊഡക്ഷന്‍സ് അറിയിച്ചു. പി ആര് ഓ : പ്രതീഷ് ശേഖര്‍.