സിനിമ നടനായും അവതാരകനായും പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായ താരമാണ് ജിപി എന്ന വിളിപ്പേരുള്ള ഗോവിന്ദ് പദ്മസൂര്യ. ടെലിവിഷന്‍ റിയാലിറ്റി ഷോ അവതാരകനായും പരസ്യങ്ങളിലും ശ്രദ്ധേയനായ ജിപി അധികം വൈകാതെ സിനിമയിലും എത്തി. മമ്മൂട്ടി ചിത്രം ഡാഡി കൂളിലെ ക്രിക്കറ്റ് താരം ശ്രീകാന്ത് എന്ന കഥാപത്രത്തിലൂടെ സിനിമയില്‍ സജീവമായ ഗോവിന്ദ് പിന്നീട് പല സിനിമകളിലും വിവിധങ്ങളായ വേഷങ്ങള്‍ ചെയ്തു. ഇപ്പോളിതാ നടന്റെ നീരജ എന്ന ചിത്രം തിയേറ്ററിലെത്തുമ്പോള്‍ നടന്‍ പങ്ക് വച്ച വാക്കുകളാണ് ചര്‍ച്ചയാകുന്നത്.
മലയാളത്തില്‍ താന്‍ ആഗ്രഹിച്ച സിനിമകള്‍ ലഭിക്കാതിരുന്നത് മൂലമാണ് അന്യഭാഷകളിലേക്ക് കൂടുതല്‍ അഭിനയിച്ചതെന്ന് ഗോവിന്ദ് പത്മസൂര്യ പറഞ്ഞു. നല്ല ഓഫറുകളാണ് തെലുങ്കില്‍ നിന്ന് വന്നത് അതും അവിടുത്തെ മുന്‍നിര നടന്മാര്‍ക്കൊപ്പം അതുകൊണ്ടാണ് തെലുങ്കില്‍ കൂടുതല്‍ സിനിമകള്‍ ചെയ്തതെന്ന് ഗോവിന്ദ് പദ്മസൂര്യ പറഞ്ഞു
ഞാന്‍ ചെയ്ത അവസാന മലയാള സിനിമ 2016-ല്‍ ഇറങ്ങിയ പ്രേതമാണ്. അതിന് ശേഷം തെലുങ്ക് സിനിമകളാണ് ഞാന്‍ ചെയ്തത്. അതിനുള്ള കാരണം, ഞാന്‍ ആഗ്രഹിച്ച മലയാള സിനിമകള്‍ എനിക്ക് വന്നിട്ടില്ല എന്നതുകൊണ്ടും ആഗ്രഹിച്ചതിനേക്കാള്‍ നല്ല സിനിമകള്‍ തെലുങ്കില്‍ നിന്ന് വരുന്നതും കൊണ്ടാണ്.
അല്ലു അര്‍ജുന്‍, നാഗാര്‍ജുന സര്‍, നാനി ഒക്കെ പ്രൊഡ്യൂസ് ചെയ്യുന്ന സിനിമകളില്‍ ലീഡ് റോള്‍ വരെ ചെയ്യുന്നൊരു സ്പേസിലേക്കിപ്പോള്‍ തെലുങ്കില്‍ വന്നെത്തിയിരിക്കുന്നു. ഞാനവസാനം ചെയ്തത് നാനി പ്രൊഡ്യൂസ് ചെയ്യുന്ന സിനിമയില്‍ നായകനായിട്ടുള്ള വേഷമാണ്. അതുകൊണ്ട് തന്നെ മലയാളത്തില്‍ ചെയ്യുമ്പോള്‍ ഒരു നായകവേഷത്തില്‍ അല്ലെങ്കില്‍ ഒരു വലിയ സിനിമയില്‍ വളരെ പ്രാധാന്യമുള്ളൊരു റോള്‍ ചെയ്യണമെന്നാണ്.
എന്റെ മനസിലുണ്ടായിരുന്നത് ഒരു കമേഴ്ഷ്യല്‍ സിനിമ എന്നുള്ളതാണ്. അതുകൊണ്ട് തന്നെ സ്വാഭാവികമായിട്ടും എന്റര്‍ടെയ്ന്‍മെന്റ് സ്പേസിലുള്ളൊരു ആഘോഷ സിനിമയുടെ ഭാഗമാകാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്, ജി.പി. പറഞ്ഞു.
നീരജ എന്ന സിനിമ തെരഞ്ഞെടുക്കാനുള്ള കാരണങ്ങളും ജിപി പറയുന്നുണ്ട്. വളരെ യാദൃശ്ചികമായാണ് ഈ സിനിമയിലേക്ക് ഞാനെത്തുന്നത്, അണിയറ പ്രവര്‍ത്തകരുടെ സത്യസന്ധത എനിക്ക് ഇഷ്ടപ്പെട്ടു. ആകെ ഒരു പാട്ടില്‍ മാത്രമാണ് ഈ സിനിമയില്‍ ഞാനുള്ളത്, പക്ഷെ ചിത്രത്തിലുടനീളം എന്റെ പ്രസന്‍സ് ഉണ്ട്.
തന്റെ കഥാപാത്രമാണ് സിനിമയിലെ പ്രധാന കോണ്‍ഫ്ലിക്ട്, മൂന്ന് മിനിറ്റ് കൊണ്ട് ഒരു ഇംപാക്ട് ഉണ്ടാക്കി പോകണം അത് എനിക്ക് ഒരു ചലഞ്ചായി തോന്നിയെന്നും ജിപി പറഞ്ഞു. തെലുങ്കില്‍ അല്ലു അര്‍ജുന്‍ നായകനായ ആല വൈകുണ്ഠപുരമുലു എന്ന സിനിമയിലെ വില്ലന്‍ വേഷം ജിപിക്ക് തെലുങ്കില്‍ കൂടുതല്‍ സ്വീകര്യത നല്‍കിയിരുന്നു.