കേരളത്തില്‍ സ്ത്രീകള്‍ സുരക്ഷിതരല്ലെന്നും ഒറ്റക്ക് യാത്ര ചെയ്യാന്‍ പറ്റാത്ത സാഹചര്യമാണെന്നും നടി ഐശ്വര്യ ഭാസ്‌കരന്‍. സീരിയലിന്റെ ഷൂട്ടിംഗിനായി കേരളത്തിലെത്തിയപ്പോഴുണ്ടാ അനുഭവം പങ്കുവച്ചുകൊണ്ടാണ് നടിയുടെ വാക്കുകള്‍.നിങ്ങളുടെ കുട്ടികളെ സുരക്ഷിതരായി വളര്‍ത്താന്‍ തമിഴ്‌നാടാണ് നല്ലതെന്നും ഐശ്വര്യ തന്റെ യുട്യൂബ് ചാനലില്‍ പറഞ്ഞു.
കുട്ടിക്കാലത്ത് താന്‍ ഓടിക്കളിച്ച സ്ഥലമാണ് കേരളമെന്നും അവിടത്തെ അമ്പലങ്ങളിലൊക്കെ സ്ഥിരമായി പോകുമായിരുന്നുവെന്നും നടി പറയുന്നു.
ഐശ്വര്യയുടെ വാക്കുകള്‍''
നിങ്ങളോട് ഒരു കാര്യം പങ്കുവയ്ക്കാന്‍ വേണ്ടിയാണു ഞാന്‍ ഇങ്ങനെ ഒരു വീഡിയോ ചെയ്യുന്നത്. ചെറുപ്പകാലത്ത് ഞാന്‍ ഓടിക്കളിച്ചു വളര്‍ന്ന സ്ഥലമാണ് കേരളം. അവിടെയുള്ള തെരുവുകളിലും അമ്പലങ്ങളിലുമൊക്കെ ഞാന്‍ സ്ഥിരമായി പോകാറുണ്ടായിരുന്നു. പക്ഷേ കുറെ നാളുകള്‍ക്ക് ശേഷം ഞാന്‍ കേരളത്തില്‍ ഒരു സീരിയലിന്റെ ഷൂട്ടിങ്ങിനായി വന്നപ്പോള്‍ കേട്ട വാര്‍ത്തകള്‍ ശരിക്കും ഭയപ്പെടുത്തി. തുടര്‍ച്ചയായി ഷൂട്ട് കഴിഞ്ഞ് ഒരു ദിവസം അവധി കിട്ടിയപ്പോള്‍ ഞാന്‍ തിരുവനന്തപുരത്ത് അമ്പലങ്ങള്‍ സന്ദര്‍ശിക്കാന്‍ തീരുമാനിച്ചു.
ഇക്കാര്യം സീരിയല്‍ ചെയ്യുന്ന കമ്പനിയില്‍ അറിയിച്ചപ്പോള്‍ അവര്‍ പറഞ്ഞത് ഷൂട്ടിങ് ഉള്ളതുകൊണ്ട് കാര്‍ ഒന്നും ഒഴിവില്ല എന്നാണ്. അങ്ങനെ ഞാന്‍ ഓട്ടോയ്ക്കു പോകാന്‍ തീരുമാനിച്ചു.രാവിലെ എന്റെ നിത്യ പൂജകള്‍ കഴിഞ്ഞ് അഞ്ചു മണിക്ക് പോവുകയാണെങ്കില്‍ അമ്പലങ്ങള്‍ സന്ദര്‍ശിച്ച് വലിയ ട്രാഫിക് തുടങ്ങുന്നതിനു മുന്‍പ് തിരിച്ചു വരാന്‍ കഴിയും. അന്ന് ഹോട്ടലില്‍ രാത്രി അത്താഴം കൊണ്ടുവന്ന റൂം ബോയിയോട് ഞാന്‍ കാര്യം പറഞ്ഞു. ഞാന്‍ അവിടെ വന്നത് മുതല്‍ എനിക്ക് സഹായത്തിനായി വരുന്ന ആളാണ് അത്. രാവിലെ ഒരു ഓട്ടോ കിട്ടാന്‍ സഹായിക്കണം എന്നും പറഞ്ഞു. ഉടന്‍ തന്നെ അവന്‍ എന്നോട് പറഞ്ഞു, ''മാഡം സ്വന്തം കാര്‍ അല്ലെങ്കില്‍ കമ്പനിയുടെ കാറും ഡ്രൈവറും ഉണ്ടെങ്കില്‍ മാത്രമേ പുറത്തു പോകാവൂ. ഒറ്റയ്ക്ക് എവിടെയും പോകരുത് ഇവിടെ ഒട്ടും സുരക്ഷിതമല്ല''. ഞാന്‍ ചോദിച്ചു, ''നീ എന്താണ് പറയുന്നത് ഞാന്‍ ചെറുപ്പം മുതല്‍ പോകുന്ന സ്ഥലങ്ങളാണ് ഇതൊക്കെ''.
അപ്പോഴാണ് ഇവിടെ നടന്ന കുറെ കാര്യങ്ങളെക്കുറിച്ച് എന്നോട് അവന്‍ പറയുന്നത്.''മാഡം കേരളത്തില്‍ സ്ത്രീകള്‍ ഒട്ടും സുരക്ഷിതരല്ല. കേരളത്തില്‍ എന്താണ് സംഭവിക്കുന്നതെന്ന് നിങ്ങള്‍ക്കറിയില്ല''. എന്നിട്ട് അവന്‍ എന്നോട് ഭയപ്പെടുത്തുന്ന ചില കഥകള്‍ പറയുകയായിരുന്നു. സ്ത്രീകള്‍ കൊല്ലപ്പെടുന്ന സംഭവം, പൊലീസുകാരനായ ഭര്‍ത്താവ് മൂലം പെണ്‍കുട്ടി ആത്മഹത്യ ചെയ്യുന്നത്തിനു കാരണമായത്, സ്ത്രീധന പ്രശ്നങ്ങള്‍ മൂലം പെണ്‍കുട്ടികളെ കൊല്ലുന്നതും ആത്മഹത്യ ചെയ്യപ്പെടുന്നതും. ഇങ്ങനെയുള്ള കാര്യങ്ങള്‍ ഞാനും ചാനലുകളില്‍ കണ്ടിരുന്നു. ഈ സംഭവങ്ങള്‍ അങ്ങേയറ്റം ഭയാനകമാണ്. അതുകൊണ്ട് കേരളത്തില്‍ എനിക്ക് വിശ്വാസമുള്ള എന്റെ സ്വന്തം ഡ്രൈവര്‍ക്കൊപ്പം അല്ലെങ്കില്‍ എനിക്ക് സ്വന്തമായി കാറോ വാഹനമോ രണ്ട് അംഗരക്ഷകരോ ഇല്ലെങ്കില്‍ കുട്ടിക്കാലം മുതല്‍ ഞാന്‍ സന്ദര്‍ശിച്ച ഈ ക്ഷേത്രങ്ങളിലൊന്നും എനിക്ക് പോകാന്‍ കഴിയില്ലെന്ന് അവന്‍ എന്നോട് പറയുകയായിരുന്നു.
എനിക്ക് തമിഴ്നാട്ടില്‍ സ്വന്തമായി ഒരു കാര്‍ ഇല്ല, പിന്നെ എന്തിന് കേരളത്തില്‍ ഒരു കാര്‍ സ്വന്തമാക്കണം. പണ്ടൊരിക്കല്‍ ഞാന്‍ ഷൂട്ടിങ് ആവശ്യമായി തിരുവല്ലയിലായിരിക്കുമ്പോള്‍ ബസ് സ്റ്റോപ്പിലേക്കുള്ള റോഡില്‍ വച്ച് ഒരു ആണ്‍കുട്ടി വന്ന് കാമുകിയെ പെട്രോള്‍ ഒഴിച്ച് കത്തിച്ച സംഭവം നടന്നിട്ടുണ്ട്. സ്ത്രീ സുരക്ഷയെക്കുറിച്ചുള്ള ചര്‍ച്ചകളെ എവിടെ എന്നാണ് ഞാന്‍ ചോദിക്കുന്നത്. സ്ത്രീകള്‍ക്ക് കേരളത്തില്‍ തനിച്ച് യാത്ര ചെയ്യാന്‍ പറ്റാത്തത് ഭയാനകമാണ്. ഏത് തരത്തിലുള്ള സുരക്ഷയെക്കുറിച്ചാണ് നിങ്ങള്‍ പറയുന്നത്, എല്ലാ സ്ത്രീ സംഘടനകളും എവിടെയാണ്.ഞാന്‍ അവനോടു ചോദിച്ചു എന്തുകൊണ്ടാണ് സര്‍ക്കാര്‍ ഇതൊന്നും കണ്ടില്ലെന്നു നടിക്കുന്നത്. അവന്‍ പറഞ്ഞത് അങ്ങനെയൊരു സര്‍ക്കാരാണ് ഇപ്പോള്‍ ഇവിടെ ഭരിക്കുന്നത്. ആളുകള്‍ വോട്ടു ചെയ്തു വിജയിപ്പിച്ച സര്‍ക്കാര്‍ ഇതൊന്നും കാര്യമാക്കുന്നില്ല. എങ്കില്‍ പിന്നെ എന്തിനാണ് വോട്ട് ചോദിച്ച് വരുന്നത്. നിങ്ങളെ വോട്ട് ചെയ്തു വിജയിപ്പിച്ചവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുക എന്നത് നിങ്ങളുടെ കടമയാണ്. പെണ്‍കുട്ടികള്‍ സ്‌കൂള്‍ കഴിഞ്ഞു തിരിച്ചു വരുന്നത് വരെ ഞങ്ങള്‍ക്ക് പേടിയാണ് മാഡം എന്നാണു ഡ്രൈവര്‍മാര്‍ എന്നോട് പറയുന്നത്.
ഇതെല്ലാം കേട്ടിട്ട് എനിക്ക് തന്നെ പേടിയായി. ഞാന്‍ എന്റെ മകളോട് പറഞ്ഞു, ''എന്റെ ചെറുപ്പകാലത്ത് ഞാന്‍ വളരെ സുരക്ഷിതയായി യാത്ര ചെയ്തിരുന്ന സ്ഥലത്താണ് ഇപ്പോള്‍ ഇറങ്ങി നടക്കാന്‍ കഴിയാതായി'' എന്ന് പറയുന്നതെന്ന്.ഇത് എന്റെ നാട്ടില്‍ ആണെങ്കില്‍ വലിയ നടപടികള്‍ സ്വീകരിച്ചേനെ. കേരളത്തില്‍ നിയമസംവിധാനങ്ങള്‍ ഇക്കാര്യങ്ങളൊന്നും വേണ്ട രീതിയില്‍ ശ്രദ്ധിച്ച് നടപടി എടുക്കുന്നില്ല എന്ന് പറയുന്നതു വളരെ മോശമാണ്. ഒരു നാട്ടില്‍ നീതി നടപ്പാക്കുകയും നീതി നല്‍കുകയും ചെയ്യുന്നില്ലെങ്കില്‍ പിന്നെ എന്തുകാര്യം. കോവിഡ് വന്നതിനു ശേഷം ഈ വൈറസ് ആളുകളുടെ തലയില്‍ ബാധിച്ച് മാനസിക രോഗികള്‍ ആക്കിയിരിക്കുകയാണോ? സ്ത്രീകള്‍ക്ക് സുരക്ഷ കൊടുക്കാന്‍ കഴിയാത്ത നിങ്ങള്‍ വിഡ്ഢികളാണ്. സാക്ഷരത ഏറ്റവും കൂടുതല്‍ ഉള്ള നാട്ടില്‍ സ്‌കൂള്‍ മുതല്‍ സ്ത്രീ സുരക്ഷ പഠിപ്പിച്ചു വേണം കുട്ടികളെ വളര്‍ത്താന്‍.ചെറുപ്പക്കാരെ ഇത്തരത്തില്‍ അക്രമികളാക്കി വളര്‍ത്തുന്ന സിസ്റ്റം എന്നെ വല്ലാതെ ഭയപ്പെടുത്തുന്നു.
മാതാപിതാക്കള്‍ ഇതിനെതിരെ മുന്നോട്ട് വരണം എന്നാണ് എനിക്ക് പറയാനുള്ളത്. കുട്ടികളെ നല്ല നടപ്പ് പഠിപ്പിച്ചു വളര്‍ത്താത്ത സ്‌കൂളുകളില്‍ കുട്ടികളെ വിടില്ല എന്ന് മാതാപിതാക്കള്‍ തീരുമാനമെടുക്കണം. കുട്ടികളെ തമിഴ്നാട്ടിലേക്ക് വിടൂ ഞങ്ങള്‍ അവരെ നല്ലത് പറഞ്ഞുകൊടുത്ത് വളര്‍ത്താം. ഞങ്ങള്‍ എല്ലാവരെയും ഇരുകയ്യും നീട്ടി സ്വീകരിക്കുന്ന ആളുകളാണ്. നിങ്ങളുടെ കുട്ടികളെ സുരക്ഷിതരായി വളര്‍ത്താന്‍ തമിഴ്‌നാടാണ് നല്ലത്. കേരളത്തിലെ സ്ത്രീകളുടെ അവസ്ഥ ഇതാണെങ്കില്‍ ഇതിനെതിരെ ആരെങ്കിലും എന്തെങ്കിലും ചെയ്‌തേ മതിയാകൂ. ആരെയും മുറിവേല്‍പ്പിക്കാനോ മോശക്കാരാക്കാനോ അല്ല ഞാന്‍ ഇങ്ങനെയൊരു വീഡിയോ ചെയ്തത്. ആക്രമണത്തിന് ഇരയാക്കപ്പെട്ട പെണ്‍കുട്ടികളുടെ കുടുംബത്തിന് നീതി കിട്ടണം. നീതിയും ന്യായവും കേരളത്തില്‍ നടപ്പാക്കപ്പെടും എന്നുതന്നെയാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. കാരണം കേരളത്തിന്റെ പേര് ദൈവത്തിന്റെ സ്വന്തം നാട് എന്നാണ്.''-ഐശ്വര്യ തന്റെ യുട്യൂബ് ചാനലിലൂടെ പ്രതികരിച്ചു.',