സിപിഎം എം എല്‍ എ മുകേഷിന് എതിരെ മീ ടൂ ആരോപണങ്ങള്‍ കൊടുമ്പിരി കൊള്ളുന്നതിനിടെ, ആദ്യ ഭാര്യ സരിത ഇന്ത്യ വിഷന്‍ ചാനലിന് നല്‍കിയ പഴയ അഭിമുഖവും ചര്‍ച്ചയാകുന്നു. മാധ്യമപ്രവര്‍ത്തകയായിരുന്ന ഇപ്പോഴത്തെ ആരോഗ്യമന്ത്രി വീണജോര്‍ജാണ് അന്ന് സരിതയുമായി അഭിമുഖം നടത്തിയത്.
നടന്‍ രണ്ടാം വിവാഹത്തിനൊരുങ്ങുന്ന സമയത്താണ് സരിത ഗുരുതരമായ വെളിപ്പെടുത്തലുകളുമായി എത്തിയത്. സ്ത്രീകളോട് എങ്ങനെ പെരുമാറണമെന്ന് മുകേഷിന് അറിയില്ല. സ്ത്രീവിഷയങ്ങളാണ് പിരിയാനുള്ള പ്രധാനകാരണം. മദ്യപാനവും ഗാര്‍ഹിക പീഡനവും പതിവായിരുന്നെന്നും സരിത പറയുന്നു.
'ഞാന്‍ ഗര്‍ഭിണിയായിരിക്കുമ്പോള്‍ ഒരിക്കല്‍ അദ്ദേഹമെന്റെ വയറ്റില്‍ ചവിട്ടിയപ്പോള്‍ ഞാന്‍ മുറ്റത്തേക്കു വീണു. വീണപ്പോള്‍ ഞാന്‍ കരഞ്ഞു. അത്തരം സന്ദര്‍ഭങ്ങളില്‍ 'ഓ.. നീയൊരു നല്ല നടിയാണല്ലോ.. കരഞ്ഞോ... കരഞ്ഞോ ' എന്നദ്ദേഹം പറയുമായിരുന്നു എന്നും സരിത അഭിമുഖത്തില്‍ പറയുന്നുണ്ട്.
സരിതയുടെ വാക്കുകള്‍
''ഞാനനുഭവിച്ച കാര്യങ്ങള്‍ എനിക്ക് പറയാന്‍ നാണക്കേടായിരുന്നു.. എനിക്ക് സംഭവിക്കുന്നത് എനിക്ക് വിശ്വസിക്കാന്‍ പറ്റുന്നില്ലായിരുന്നു. ഞാന്‍ സിനിമയിലഭിനയിച്ചിട്ടുണ്ട്.. സിനിമയില്‍ ഇങ്ങനെയെല്ലാം കണ്ടിട്ടുണ്ട്.. ജീവിതത്തില്‍ അതെല്ലാം സംഭവിക്കുമെന്ന് ഞാന്‍ കരുതിയില്ലായിരുന്നു. പുറത്തു പറയാനും മടിയായിരുന്നു. മാധ്യമങ്ങളില്‍ നിന്ന് ചിലരൊക്കെ ഞാനനുഭവിക്കുന്ന കാര്യങ്ങള്‍ അറിഞ്ഞിട്ട് വിളിക്കുമ്പോള്‍ ഞാനവരോട് അതൊക്കെ നിഷേധിക്കുമായിരുന്നു.. എനിക്ക് നാണക്കേടായിരുന്നു ആരോടെങ്കിലും ഇതൊക്കെ പറയാന്‍.. എല്ലാം നന്നായി പോകുന്നു എന്ന് ബോധിപ്പിക്കാന്‍ ഓണത്തിനൊക്കെ ഞങ്ങള്‍ ആഹ്ലാദമഭിനയിച്ച് ഫോട്ടോസെടുക്കും.. ഈ കുടുംബപ്രശ്നങ്ങള്‍ നടക്കുന്നതിനിടയിലും അദ്ദേഹത്തിന് പല ബന്ധങ്ങളുമുണ്ടായിരുന്നു. അതു തെറ്റാണെന്ന് സ്വയം മനസ്സിലാക്കി അദ്ദേഹം തിരിച്ചുവരുമെന്ന് ഞാന്‍ വെറുതെ പ്രതീക്ഷിച്ചു.
എന്റെ അച്ഛന്‍ മരിച്ചതിനു ശേഷം അദ്ദേഹത്തിന്റെ അച്ഛനെയായിരുന്നു അച്ഛനായി കണ്ടിരുന്നത്. അദ്ദേഹത്തിന് ഞാന്‍ നല്‍കിയ ഒരു ഉറപ്പ് നല്‍കിയിരുന്നു. അതുകൊണ്ടാണ് പൊലീസിലൊന്നും പരാതിപ്പെടാതിരുന്നത്. അദ്ദേഹം മരിക്കുന്നതുവരെ ആ ഉറപ്പ് സംരക്ഷിച്ചു.
അവരുടെ വീട്ടില്‍ അവരുടെ ജോലിക്കാരിയുടെ മുമ്പില്‍ വച്ച് മുകേഷ് തന്നെ ഒരുപാട് ഉപദ്രവിച്ചതിനു ശേഷം ആ വീട്ടിലേക്കുള്ള പോക്കു നിര്‍ത്തിയിരുന്നു. പക്ഷേ ഒരിക്കല്‍ ടാക്സ് കാര്യങ്ങള്‍ക്കായി തിരുവനന്തപുരത്തു വന്നപ്പോള്‍ അച്ഛന്‍ തന്നെ കൊണ്ടുപോകാനായി വന്നു.. എയര്‍പോര്‍ട്ടില്‍ വെച്ച് അച്ഛനെന്നോടു പറഞ്ഞു 'വീട്ടിലേക്കു പോകാ'മെന്ന്.. ഞാന്‍ പറഞ്ഞു: 'ഇല്ലച്ഛാ .. പങ്കജില്‍ റൂമെടുത്തിട്ടുണ്ട്..ഞാന്‍ വരുന്നില്ല.. 'എന്ന് .അദ്ദേഹം ഡ്രൈവറുടെ മുന്നില്‍ വച്ച് ഒന്നും സംസാരിക്കാതെ എന്റെ കൂടെ മുറിയിലേക്കു വന്നു.. എന്നിട്ട് അവിടെ വെച്ച് എന്റെ കൈകള്‍ കൂട്ടിപ്പിടിച്ചു കൊണ്ട്,: 'നീ കടന്നു പോകുന്നത് എന്തിലൂടെയൊക്കെയാണെന്ന് എനിക്കറിയാം.. എന്റെ മോന്‍ ശരിയല്ലെന്നും എനിക്കറിയാം... പക്ഷേ ഇതു മീഡിയയിലൊന്നും വരരുത്. മോള് സഹിക്ക് എന്നൊക്കെ പറഞ്ഞു'.. ആ പ്രോമിസ് ഇന്നുവരെ ഞാന്‍ കാത്തു. ഇന്നാണ് ഞാനത് ബ്രേക്ക് ചെയ്യുന്നത്. എന്തുകൊണ്ടെന്നാല്‍ എന്റെ നിശ്ശബ്ദത തെറ്റിദ്ധരിക്കപ്പെട്ടു.
ഞാന്‍ ഗര്‍ഭിണിയായിരിക്കുമ്പോള്‍ ഒരിക്കല്‍ അദ്ദേഹമെന്റെ വയറ്റില്‍ ചവിട്ടിയപ്പോള്‍ ഞാന്‍ മുറ്റത്തേക്കു വീണു. വീണപ്പോള്‍ ഞാന്‍ കരഞ്ഞു.. അത്തരം സന്ദര്‍ഭങ്ങളില്‍ 'ഓ.. നീയൊരു നല്ല നടിയാണല്ലോ.. കരഞ്ഞോ... കരഞ്ഞോ' എന്നദ്ദേഹം പറയുമായിരുന്നു. അദ്ദേഹം സ്ഥിരമായി എന്നെ ഉപദ്രവിക്കാനായി എന്തെങ്കിലും ചെയ്യുമായിരുന്നു.. ഒരിക്കല്‍ ഞാന്‍ നിറ ഗര്‍ഭിണിയായിരിക്കെ ഒന്‍പതാം മാസത്തില്‍ ഞങ്ങളൊന്നിച്ച് പുറത്തൊരു ഡിന്നറിന് പോയി. ശേഷം കാറില്‍ കയറാനായി ഞാന്‍ ശ്രമിച്ചപ്പോള്‍ അദ്ദേഹം വണ്ടി മുന്നോട്ടും പിന്നോട്ടും എടുത്ത് എന്നെ കബളിപ്പിച്ചു കൊണ്ടേയിരുന്നു. ഞാന്‍ കാറിനു പുറകെ ഓടി താഴെ വീണു.. ഞാന്‍ അവിടിരുന്ന് കരഞ്ഞെങ്കിലും ആ കണ്ണീര്‍ അദ്ദേഹത്തെ കാട്ടാതിരിക്കാന്‍ ശ്രമിച്ചു.. കരയുന്നത് കണ്ടാല്‍ അദ്ദേഹമെന്നെ പരിഹസിക്കുമായിരുന്നു. ഒരിക്കല്‍ ഒരു പാതിരാത്രിക്ക് മദ്യപിച്ച് കടന്നു വന്നപ്പോള്‍ എന്താണ് വൈകിയത് എന്നൊരു ചോദ്യം തീര്‍ത്തും സ്വാഭാവികമായി നമ്മളൊക്കെ ചോദിക്കാറുള്ളതുപോലെ ഞാന്‍ ചോദിച്ചതിന് അദ്ദേഹം മുടിയില്‍ ചുറ്റിപ്പിടിച്ച് നിലത്തിഴച്ചു, മര്‍ദ്ദിച്ചു.
വിവാഹമോചനം നടക്കാതെ ഒരാള്‍ക്ക് എങ്ങനെയാണ് വിവാഹം കഴിക്കാന്‍ പറ്റുന്നത്. എങ്ങനെയാണ് ഭാര്യയുടെ സമ്മതമില്ലാതെ ഒരാള്‍ക്ക് വിവാഹമോചനം ലഭിക്കുന്നത്. മക്കളും വിഷമത്തിലാണ്. ഞാന്‍ ഇങ്ങനെ പരാതി പറഞ്ഞപ്പോള്‍ അയാള്‍ മക്കളെ വിളിച്ച് ദേഷ്യപ്പെട്ടു.
വിവാഹത്തിന്റെ തുടക്കത്തിലും ഈഗോ ക്ലാഷ് ഉണ്ടാകാന്‍ ഞാന്‍ ചാന്‍സ് കൊടുത്തിട്ടില്ല. എന്റെ അവസാനത്തെ രണ്ടു സിനിമകള്‍ക്ക് സംസ്ഥാന അവാര്‍ഡുകള്‍ കിട്ടി. അതുപോലെ തന്നെ പല പല അവാര്‍ഡുകള്‍ എനിക്ക് കിട്ടി രണ്ടു ഭാഷകളിലായിട്ട്. എന്റെ ഭര്‍ത്താവിന്റെ കൂടെ പോയി അഭിമാനത്തോടെ അവാര്‍ഡുകള്‍ വാങ്ങാന്‍ എനിക്ക് ആഗ്രഹമുണ്ടായിരുന്നു. അത് വിവാഹിതയായ ഏതൊരു സ്ത്രീയുടെയും ആഗ്രഹമാണല്ലോ. അത് ഞാന്‍ ചോദിച്ചപ്പോള്‍ നിനക്കല്ലേ അവാര്‍ഡ് കിട്ടിയത് എനിക്കല്ലല്ലോ എന്നാണ് പറഞ്ഞത്. അതുകൊണ്ടു പിന്നീടു വന്ന അവാര്‍ഡുകളെപ്പറ്റി ഒന്നും ഞാന്‍ പറഞ്ഞിട്ടേയില്ല. അതിനു ശേഷം എനിക്ക് കിട്ടുന്ന ഓഫറുകളൊക്കെ ഞാന്‍ വേണ്ടെന്നു വച്ച് കാരണം അതേക്കുറിച്ച് അദ്ദേഹത്തോട് പറഞ്ഞാല്‍ എങ്ങനെ എടുക്കും എന്ന് എനിക്കറിയില്ല. ഞാന്‍ ആരാണെന്നുള്ളതൊക്കെ മറന്നിട്ടു മുകേഷിന്റെ ഭാര്യ മാത്രമായിട്ടാണ് ജീവിച്ചത്. മദ്രാസിലെ പ്രൈം ലൊക്കേഷനിലുള്ള സ്ഥലങ്ങളൊക്കെ വിറ്റ് പണം അദ്ദേഹത്തിന് വേണ്ടി പരസ്യങ്ങള്‍ ചെയ്യാന്‍ ചെലവഴിച്ചു. ഇപ്പൊ അതൊക്കെ ഉണ്ടായിരുന്നെങ്കില്‍ കോടിക്കണക്കിന് വില കിട്ടും.ഏത് പുതിയ കാറ് വന്നാലും ഞാന്‍ അദ്ദേഹത്തിന് സര്‍പ്രൈസ് കൊടുക്കാന്‍ വേണ്ടി അത് വാങ്ങും. എന്റെ ജീവിതം മുഴുവന്‍ അദ്ദേഹത്തെ സന്തോഷിപ്പിക്കാനാണ് ശ്രമിച്ചുകൊണ്ടിരുന്നത്.
കുട്ടികള്‍ കുറച്ചു വലുതായതിനു ശേഷം ഞാന്‍ സിനിമകള്‍ സ്വീകരിച്ചു തുടങ്ങിയപ്പോള്‍ അദ്ദേഹം സംവിധായകരെ വിളിച്ചു പറഞ്ഞു എന്നെ എടുക്കരുത് എന്ന്. അത് എന്നെ വല്ലാതെ മുറിപ്പെടുത്തി. അഞ്ചാറ് വര്‍ഷത്തെ ഇടവേള കഴിഞ്ഞ് മേക്കപ്പ് ബോക്സ് ഒക്കെ റെഡി ആക്കി വര്‍ക്ക് ചെയ്യാന്‍ പോകാനായി ആഹ്ളാദത്തോടെ തയ്യാറാവുകയായിരുന്നു ഞാന്‍. കമല്‍ സാര്‍ തമിഴില്‍ ചെയ്ത ഒരു പടം ആയിരുന്നു അത്. അത് ചെയ്യാനുള്ള അവകാശം എനിക്ക് നഷ്ടപ്പെട്ടു. അത് എന്നെ ഒരുപാട് വിഷമിപ്പിച്ചു .
ഞങ്ങളുടെ വിവാഹമോചനത്തിന്റെ അവസാന ഹിയറിങ്ങിന് അദ്ദേഹം ജഡ്ജിയോട് പറഞ്ഞത്, ''ഈ സ്ത്രീയെ ഞാന്‍ വിവാഹം കഴിച്ചത് അവര്‍ ഒരു ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ആയിരിക്കുമ്പോഴാണ്''. അത് കേട്ട് ഞാന്‍ ഞെട്ടിപ്പോയി. ഞാന്‍ അതിന് മറുപടി പറയാന്‍ തുടങ്ങിയപ്പോള്‍ എന്റെ മകന്‍ അടുത്തിരുന്ന് എന്റെ കയ്യില്‍ മുറുക്കെ പിടിച്ചു. അച്ഛന്‍ മരിച്ചതിനു ശേഷം ആണ് അദ്ദേഹം കുട്ടികളുടെ കസ്റ്റഡി ആവശ്യപ്പെട്ടത്, എനിക്ക് എന്റെ കുട്ടികളെ പിരിഞ്ഞിക്കാന്‍ പറ്റില്ല. വളരെ അടുപ്പമാണ് കുട്ടികള്‍ തമ്മില്‍ അങ്ങനെയുള്ള കുട്ടികളെ ഞാന്‍ എങ്ങനെ പിരിക്കും. അദ്ദേഹത്തിന് അറിയാം എനിക്ക് കുട്ടികള്‍ പ്രാണനാണെന്ന്. എന്നെ വിഷമിപ്പിക്കാന്‍ ആണ് കുട്ടികളെ ചോദിച്ചത്. ഇവിടുത്തെ നിയമം എന്നെ ഒന്നും ചെയ്യില്ല രാഷ്ട്രീയത്തിലും നിയമമേഖലയിലും ഒക്കെ എനിക്ക് സുഹൃത്തുക്കള്‍ ഉണ്ട്. ജഡ്ജിമാര്‍ എല്ലാം എന്റെ സുഹൃത്തുക്കളാണ്. നീ ഇവിടെ ജയിക്കില്ല എന്നൊക്കെ പറയുമായിരുന്നു.''സരിതയുടെ വാക്കുകള്‍.