ഫാഷന്‍ താരവും, ടിവി താരവുമായ ഉര്‍ഫി ജാവേദിനെ ദുബായില്‍ തടഞ്ഞുവെച്ചതായി റിപ്പോര്‍ട്ട്. ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്ന പ്രകാരം ദുബായില്‍ ഒരു വീഡിയോ ഷൂട്ട് ചെയ്തതാണ് ഉര്‍ഫിയെ കുഴപ്പത്തിലാക്കിയത് എന്നാണ്. നിലവില്‍ ഉര്‍ഫിയെ അധികൃതര്‍ ചോദ്യം ചെയ്തു വരികയാണെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍, ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ഉണ്ടായിട്ടില്ല.
ഗ്ലാമര്‍ വേഷത്തിലുള്ള ഫോട്ടോഷൂട്ട് നടത്തി പ്രശസ്തയായ താരമാണ് ഉര്‍ഫി. കയ്യില്‍ എന്ത് കിട്ടിയാലും അതെല്ലാം ഫാഷന്‍ കണ്ണുകളിലൂടെ കണ്ട് വ്യത്യസ്ത മാര്‍ന്ന രീതിയില്‍ ആരാധകര്‍ക്ക് മുന്നില്‍ എത്താന്‍ താരം എപ്പോഴും ശ്രമിക്കാറുണ്ട്. എന്നാലിപ്പോള്‍ ഗ്ലാമര്‍ വേഷത്തില്‍ പൊതുസ്ഥലത്തു നിന്നു കൊണ്ട് വീഡിയോ ചിത്രീകരിക്കുകയും അതേത്തുടര്‍ന്ന് ഉര്‍ഫി ജാവേദിനെ കസ്റ്റഡിയില്‍ എടുത്തു എന്നുമാണ് വിവരം ലഭിക്കുന്നത്.
ദുബായില്‍ പൊതു സ്ഥലത്ത് ഗ്ലാമര്‍ വേഷങ്ങള്‍ ധരിക്കുവാനുള്ള അനുവാദമില്ല എന്ന കാരണത്താലാണ് താരത്തിനെതിരെ ഇത്തരത്തില്‍ ഒരു നടപടി ഉണ്ടായത്. എന്നാല്‍ ഈ സംഭവത്തില്‍ ഇതുവരെയും ഔദ്യോഗിക സ്ഥിരീകരണങ്ങള്‍ ഒന്നും തന്നെ ഉണ്ടായിട്ടില്ല. താരത്തിന്റെ പുതിയ പ്രോജക്ടുകള്‍ക്കായി ഒരാഴ്ചയോളമായി യുഎഇയില്‍ ഉര്‍ഫി ഉണ്ട്.
ഗ്ലാമര്‍ വേഷങ്ങളിലൂടെ ആരാധകരെ ഞെട്ടിക്കുന്ന ഉര്‍ഫി അതേസമയം തന്നെ സോഷ്യല്‍ മീഡിയയിലൂടെ നീരവധി വിമര്‍ശനങ്ങളും ഏറ്റുവാങ്ങാറുള്ള താരമാണ്. മുമ്പും പൊതുസ്ഥലത്ത് നഗ്നത പ്രദര്‍ശിപ്പിച്ചു എന്ന തരത്തില്‍ ചൂണ്ടിക്കാട്ടി ഉര്‍ഫിക്കെതിരെ പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. താരത്തിനെതിരെ മുമ്പ് പരാതി നല്‍കിയത് മുംബൈയിലെ അന്ധേരി പോലീസിന് അഭിഭാഷകനായ അലി കസിഫ് ഖാന്‍ ദേശ്മുഖ് ആയിരുന്നു.
അള്‍ട്രാ ഹോട്ട് ലുക്കില്‍ പൊതുവേദികളില്‍ ഉള്‍പ്പെടെയെത്തുന്ന താരം നിരവധി വിമര്‍ശനങ്ങള്‍ നേരിടുന്നത് പതിവാണ്. മുമ്പ് എഴുത്തുകാരനായ ചേതന്‍ ഭഗത് സിംഗിന്റെ ഉര്‍ഫിയെ കുറിച്ചുള്ള വാക്കുകള്‍ വിവാദമായിരുന്നു. അന്ന് അദ്ദേഹം പറഞ്ഞത് ഉര്‍ഫി യുവാക്കളെ വഴിതെറ്റിക്കുന്നു എന്നായിരുന്നു.
സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം സണ്ണി ലിയോണിയും അര്‍ജുന്‍ ബിജ്‌ലാനിയും അവതാരകരായ സ്പ്ളിറ്സ് വില്ല എക്സ് 4 എന്ന ഡേറ്റിങ് റിയാലിറ്റി ഷോയിലൂടെയാണ് അവസാനമായി ആരാധകര്‍ക്ക് മുന്നില്‍ താരം പ്രത്യക്ഷപ്പെട്ടത്.