അനശ്വര കലാകാരൻ എം.ജി രാധാകൃഷ്ണന്റെ ഓർമകളിൽ സംഗീത സംവിധായകൻ ശരത്. ശാന്തവും സൗമ്യവുമായുള്ള പെരുമാറ്റമായിരുന്നു അദ്ദേഹത്തിന്റെത്. ഗുരു തുല്യനായ അദ്ദേഹം തനിക്കും കെ.എസ് ചിത്രയ്ക്കും ഉൾപ്പെടെ സംഗീത രംഗത്തെ എല്ലാവർക്കും ഏറെ പ്രിയപ്പെട്ട വ്യക്തി കൂടിയായിരുന്നു എന്നും ശരത് പറഞ്ഞു.
ശരത്തിന്റെ വാക്കുകൾ
‘മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള സംഗീതസംവിധായകനാണ് എം.ജി.രാധാകൃഷ്ണൻ ചേട്ടൻ. നമ്മുടെ പ്രിയപ്പെട്ട ചിത്ര ചേച്ചിയ്ക്ക് വളരെ പ്രിയമാണ് അദ്ദേഹത്തോട്. ചേച്ചി അദ്ദേഹത്തെ ഗുരുതുല്യാനായാണു കണ്ടിരുന്നത്. രാധാകൃഷ്ണൻ ചേട്ടനുമായി ഞാൻ ഒരുപാട് സംസാരിച്ചിട്ടുണ്ട്. വളരെ സൗമ്യതയോടെയുള്ള സംസാരമായിരുന്നു അദ്ദേഹത്തിന്റേത്. അതേ മാര്‍ദ്ദവമായിരുന്നു അദ്ദേഹത്തിന്റെ പാട്ടുകള്‍ക്കും. വളരെ സ്നേഹത്തോടെയുള്ള ഇടപെടലുകൾ ആയിരുന്നു അദ്ദേഹത്തിന്റേത്.
രാധാകൃഷ്ണൻ ചേട്ടൻ പാടുന്നതു കേൾക്കാനും വളര സുഖമാണ്. അത്തരത്തിലുള്ള വ്യത്യസ്തമായ ശബ്ദം മറ്റാർക്കുമില്ല. മലയാളികൾക്ക് അഭിമാനിക്കാൻ പാകത്തിന് അദ്ദേഹം അനവധി ഗാനങ്ങൾ സമ്മാനിച്ചു. മലയാളിത്വം തുളുമ്പുന്ന ഒരുപാട് ഗാനങ്ങൾ അദ്ദേഹത്തിന്റെ സംഗീതത്തിൽ പിറന്നു. അദ്ദേഹത്തിന്റെ പാട്ടുകളിൽ നിന്ന് ഇഷ്ടപ്പെട്ടവ തരം തിരിക്കാൻ വളരെ പ്രയാസമാണ്. കാരണം അത്ര അതിമനോഹര ഗാനങ്ങളാണ് രാധാകൃഷ്ണൻ ചേട്ടൻ നമുക്കായി ഒരുക്കിയത്. ഒരു കാലത്ത് ഓൾ ഇന്ത്യ റേഡിയോ തുറക്കുമ്പോഴൊക്കെ രാധാകൃഷ്ണൻ ചേട്ടന്റെ പാട്ടുകളായിരുന്നു കേട്ടിരുന്നത്. അന്നു മുതൽ അദ്ദേഹത്തിന്റെ പാട്ടുകൾ കേട്ടു പഠിച്ചിരുന്നു. അദ്ദേഹത്തിന്റെ ഈണങ്ങൾ എന്നും ഹൃദയത്തിൽ നിറഞ്ഞു നിൽക്കുകയാണ്’.