കേരളത്തിലാകെ കോളിളക്കം സൃഷ്ടിച്ച കേസാണ് നടിയെ ആക്രമിച്ച കേസ്. സിനിമയില്‍ അതിപ്രശസ്തയായ നടിയെ വൈരാഗ്യത്തിന്റെ പേരില്‍ ക്വട്ടേഷന്‍ നല്‍കി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ വിചാരണ തുടരുകയാണ്. കേസില്‍ പ്രതിയാണ് എട്ടാം പ്രതിയാണ് നടന്‍ ദിലീപും. ദിവസങ്ങള്‍ക്ക് മുമ്പാണ് തന്നെ ആക്രമിച്ച് അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസിന്റെ വിചാരണ മറ്റൊരു കോടതിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് കേസിലെ ഇരയായ നടി ഹൈക്കോടതിയെ സമീപിച്ചത്. ഇപ്പോള്‍ ഇതിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവന്നിരിക്കയാണ്.
വിചാരണ കോടതി പക്ഷപാതപരമായി പെരുമാറുന്നുവെന്നാണ് നടി ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. വിസ്താരത്തിന്റെ പേരില്‍ തനിക്ക് പ്രതിഭാഗത്തുനിന്ന് മാനസിക പീഡനമുണ്ടായി. എന്നാല്‍ ഇതില്‍ കോടതി ഇടപെട്ടില്ലെന്ന് ഹര്‍ജിയില്‍ പരാമര്‍ശിക്കുന്നു. കേസ് പരിഗണിക്കുന്ന പ്രത്യേക കോടതിയിലെ ജഡ്ജിയെ മാറ്റണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ രംഗത്തെത്തിയിരുന്നു. പ്രത്യേക കോടതി ജഡ്ജ് ഹണി എം വര്‍ഗീസിനെതിരെയാണ് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ രംഗത്ത് എത്തിയത്.
വിചാരണക്കോടതിയ്ക്കെതിരെ പ്രോസിക്യൂഷന്‍ തന്നെ രംഗത്തെത്തിയ സാഹചര്യത്തില്‍ കേസ് മറ്റൊരു കോടതിയിലേക്ക് മാറ്റണമെന്ന് ആക്രമിക്കപ്പെട്ട നടി പറയുന്നു. തനിക്ക് ഈ കോടതിയില്‍നിന്നും നീതി ലഭിക്കുന്നില്ലെന്നും നടി കോടതിയില്‍ പറഞ്ഞു. 20 അഭിഭാഷകരെ കൊണ്ടുവന്നാണ് പലപ്പോഴും ചോദ്യം ചെയ്യലുകളുണ്ടാകുന്നത്.തന്നെ വിസ്തരിച്ച ദിവസം എട്ടാം പ്രതി ദിലീപിന്റെ അഭിഭാഷകന്‍ ബുദ്ധിമുട്ടിക്കുന്ന ചോദ്യങ്ങള്‍ ചോദിച്ചിട്ടും കോടതി ഇടപെട്ടില്ലെന്നും ജഡ്ജി നിശബ്ദ കാഴ്ചക്കാരിയായി ഇരുന്നുവെന്നും തന്റെ പല മൊഴികളും രേഖപ്പെടുത്തിയില്ലെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു. പ്രോസിക്യൂഷന്‍ നിരന്തരം ആവശ്യപ്പെട്ടിട്ടും കോടതി അവഗണിച്ചുവെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു. ചോദ്യം ചെയ്യലിന്റെ പേരില്‍ മാനസിക പീഡനമുണ്ടായപ്പോള്‍ കോടതി നിശബ്ദമായി നില്‍ക്കുകയായിരുന്നെന്നും നടി കോടതിയില്‍ വ്യക്തമാക്കി. പ്രോസിക്യൂഷന്‍ തന്നെ നീതി കിട്ടില്ലെന്ന് പറയുമ്പോള്‍ തന്റെ അവസ്ഥ മനസ്സിലാക്കണമെന്നും ആക്രമിക്കപ്പെട്ട നടി പറഞ്ഞു.
കോടതിയില്‍ വിചാരണ ഇല്ലാതിരുന്ന ദിവസം ദൃശ്യങ്ങളുടെ ഫോറന്‍സിക് പരിശോധനാ ഫലം എട്ടാം പ്രതിയുടെ അഭിഭാഷകന് കൈമാറിയെന്നും നടി ആരോപിച്ചു. പ്രോസിക്യൂഷന്റെ അസാന്നിധ്യത്തില്‍ അനുമതിയില്ലാതെയായിരുന്നു ഈ നടപടിയെന്നും നടിയുടെ ഹര്‍ജിയില്‍ പറയുന്നു. തന്റെ മൊഴിയെടുത്ത ദിവസം അഭിഭാഷകരുടെ എണ്ണം കുറയ്ക്കാതിരുന്ന കോടതി രഹസ്യ വിചാരണയുടെ സ്വഭാവം തന്നെ ഇല്ലാതാക്കിയെന്നാണ് നടി ആരോപിക്കുന്നു. വിചാരണക്കോടതിയില്‍ വിശ്വാസമില്ലെന്ന് പ്രോസിക്യൂഷന്‍ തന്നെ നിലപാട് സ്വീകരിച്ചതായും ഹര്‍ജിയില്‍ പറയുന്നു. സാക്ഷികള്‍ നിരന്തരം കൂറുമാറിയതിനെ തുടര്‍ന്ന് എട്ടാം പ്രതിയുടെ ജാമ്യം റദ്ദാക്കണം എന്നാവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച ഹര്‍ജി കോടതി ഇനിയും പരിഗണിച്ചിട്ടില്ലന്നും ഹര്‍ജിയിലുണ്ട്.
അതേസമയം നടി ആക്രമിക്കപ്പെട്ട കേസ് പരിഗണിക്കുന്ന കോടതി ജഡ്ജി ഇരയെ ബുദ്ധിമുട്ടിക്കുകയാണെന്ന കാര്യം അറിയിക്കാന്‍ എന്തുകൊണ്ട് വൈകിയെന്നാണ് ഹൈക്കോടതി ചോദിക്കുന്നത്. വിചാരണക്കോടതി ജഡ്ജിക്കെതിരായ നിലപാട് അറിയിച്ചെങ്കിലും അത് ജഡ്ജി കണക്കിലെടുത്തില്ലെന്നാണ് പ്രൊസിക്യൂഷന്‍ ഹൈക്കോടതിയില്‍ അറിയിച്ചത്. എങ്കില്‍ അക്കാര്യങ്ങളെല്ലാം മുദ്രവച്ച കവറില്‍ നല്‍കണമെന്ന് ഹൈക്കോടതി സര്‍ക്കാര്‍ അഭിഭാഷകനോട് ആവശ്യപ്പെട്ടു. കേസ് പരിഗണിക്കുന്നത് തിങ്കളാഴ്ച്ചയിലേക്ക് മാറ്റി.