അവഗണനമൂലം ഇനി മലയാള സിനിമയില്‍ പാടില്ലെന്ന് വിജയ് യേശുദാസിന്റെ വെളിപ്പെടുത്തല്‍ ആയിരുന്നു കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയില്‍ അടക്കം വലിയ ചര്‍ച്ചയായത്. 'വനിത'യ്ക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് വിജയ് ഇക്കാര്യം പറയഞ്ഞത്. പ്രതിഫലത്തിലുള്‍പെടെ അവഗണന നേരിട്ടത് കൊണ്ടാണ് തന്റെ തീരുമാനമെന്നും മലയാളത്തില്‍ മടുത്തെന്നുമാണ് താരം വെളിപ്പെടുത്തിയിരുന്നത്. ഇതിന് പിന്നാലെ സോഷ്യല്‍മീഡിയയില്‍ ഉള്‍പെടെ വിജയ്‌ക്കെതിരെ ട്രോളുകള്‍ നിറഞ്ഞിരുന്നു. ഇപ്പോള്‍ ഇക്കാര്യത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കയാണ് സംഗീത സംവിധായകന്‍ എം.ജയചന്ദ്രന്‍
വിജയ് യേശുദാസ് പറഞ്ഞത് ഗായകര്‍ക്ക് ആവശ്യത്തിന് പ്രതിഫലമില്ലെന്നാണെങ്കില്‍ മലയാള സിനിമയില്‍ ചുരുങ്ങിയ വരുമാനത്തില്‍ ജോലി ചെയ്യുന്നവര്‍ സംഗീത സംവിധായകരാണാണ് ജയചന്ദ്രന്‍ പറയുന്നത്. ജീവിക്കാന്‍ സിനിമാ സംഗീത സംവിധായകന്റെ വരുമാനം മാത്രം മതിയാകില്ലെന്നാണ് വനിത ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തില്‍ എം.ജയചന്ദ്രന്‍ പറഞ്ഞത്. അതേസമയം മലയാള സംഗീതത്തെക്കുറിച്ച് വ്യാവസായികമായി ചിന്തിക്കുമ്പോള്‍ പ്രൊഡ്യൂസര്‍മാര്‍ക്ക് അതിലപ്പുറം ചെലവാക്കാന്‍ സാധിക്കാത്ത സാഹചര്യവുമുണ്ട്. രണ്ട് വശത്തു നിന്നും ഇതിനെ കാണേണ്ടതുണ്ട്. ജയചന്ദ്രന്‍ പറഞ്ഞു.
കന്നട, ഹിന്ദി, തെലുങ്ക് ഭാഷകളൊക്കെ വെച്ചു നോക്കുമ്പോള്‍ അവര്‍ക്കു കിട്ടേണ്ടതിന്റെ പത്തു ശതമാനമെങ്കിലും നമ്മള്‍ക്കും ലഭിക്കേണ്ടേ എന്നും ചിന്തിച്ചുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ജീവിതം മുന്നോട്ട് കൊണ്ടു പോകാന്‍ സിനിമയില്‍ നിന്നുള്ള വരുമാനം തികയാതെ വരുമ്പോഴാണ് റിയാലിറ്റി ഷോകളുള്‍പ്പെടെയുള്ള മറ്റു പരിപാടികള്‍ നോക്കുന്നത്. അത് മലയാളത്തിലെ സംഗീത സംവിധായകരുടെ ഗതികേടാണെന്നും അദ്ദേഹം പറഞ്ഞു.
മലയാളത്തിലെ സംഗീത സംവിധായകരുടെ കാര്യമെടുത്ത് നോക്കിയാല്‍ ബാബുരാജ്, രവീന്ദ്രന്‍ മാസ്റ്റര്‍, ജോണ്‍സണ്‍ മാസ്റ്റര്‍ തുടങ്ങിയവരെല്ലാം വലിയ ബുദ്ധിമുട്ടുകള്‍ നേരിട്ടവരാണെന്നും അദ്ദേഹം വ്യക്തമാക്കി. സിനിമയില്‍ ഒരാളും ആവശ്യഘടകമല്ല. എം.ജയചന്ദ്രന്‍ സംഗീതം ചെയ്തില്ലെങ്കില്‍ നഷ്ടം എനിക്കു മാത്രമാണ്. സിനിമയ്ക്ക് ഒന്നും സംഭവിക്കില്ല. നമ്മുടെ സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കണമെന്നുള്ളതുകൊണ്ട് എല്ലാം സഹിച്ച് മുന്നോട്ടു പോകുന്നു ജയചന്ദ്രന്‍ പറഞ്ഞു.