കമല്‍ഹാസന്‍-മണിരത്‌നം കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന 'തഗ് ലൈഫ്' ചിത്രത്തില്‍ നിന്നും ദുല്‍ഖര്‍ സല്‍മാന് പിന്നാലെ ജയം രവിയും പിന്മാറി. ഡേറ്റ് ക്ലാഷ് മൂലമാണ് ജയം രവി ചിത്രത്തില്‍ നിന്ന് പിന്മാറിയത് എന്നാണ് റിപ്പോര്‍ട്ട്. മണിരത്‌നത്തിന്റെ പൊന്നിയിന്‍ സെല്‍വന്‍ 1, പൊന്നിയിന്‍ സെല്‍വന്‍ 2, എന്നീ സിനിമകളിലെ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ചത് ജയം രവിയായിരുന്നു.
മറ്റു സിനിമകളുടെ തിരക്കുകള്‍ മൂലമാണ് ദുല്‍ഖര്‍ ചിത്രത്തില്‍ നിന്ന് പിന്മാറിയത്. വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്യുന്ന 'ലക്കി ഭാസ്‌കറി'ലാണ് ദുല്‍ഖര്‍ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. അതിനുശേഷം സുധ കൊങ്കര സംവിധാനം ചെയ്യുന്ന സൂര്യ ചിത്രത്തിന്റെ ഭാഗമാകും. അതേസമയം തഗ് ലൈഫില്‍ ദുല്‍ഖര്‍ ചെയ്യാനിരുന്ന കഥാപാത്രത്തിനായി തമിഴ് താരം സിമ്പുവിനെ പരിഗണിക്കുമെന്നും റിപ്പോര്‍ട്ടകളുണ്ട്.
ചിത്രത്തില്‍ മൂന്ന് വേഷത്തില്‍ കമല്‍ഹാസന്‍ എത്തുമെന്നും റിപ്പോര്‍ട്ട് പുറത്ത് വന്നിട്ടുണ്ട്. മൈക്കിള്‍ മദന കാമരാജന്‍, ദശാവതാരം തുടങ്ങി നിരവധി ചിത്രങ്ങളില്‍ കമല്‍ഹാസന്‍ ഒന്നിലധികം വേഷങ്ങളിലെത്തി വിസ്മയിപ്പിച്ചിട്ടുണ്ട്.
1978 ല്‍ റിലീസ് ചെയ്ത സട്ടം എന്‍ കൈയില്‍ എന്ന ചിത്രത്തിലാണ് കമല്‍ഹാസന്‍ ആദ്യമായി ഒന്നിലധികം കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. 33 വര്‍ഷത്തിനുശേഷം കമല്‍ഹാസനും മണിരത്നവും വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകത കൂടിയുണ്ട് തഗ് ലൈഫിന്. മലയാളത്തില്‍ നിന്ന് ഐശ്വര്യലക്ഷ്മി, ജോജു ജോര്‍ജ് തുടങ്ങിയവരും തഗ് ലൈഫിന്റെ ഭാഗമാകുന്നുണ്ട്. രവി കെ. ചന്ദ്രന്‍ ആണ് ഛായാഗ്രഹണം. ശ്രീകര്‍ പ്രസാദ് എഡിറ്റിംഗും അന്‍പറിവ് സംഘട്ടന സംവിധാനവും നിര്‍വഹിക്കുന്നു. രാജ് കമല്‍ ഫിലിംസ് ഇന്റര്‍ നാഷണല്‍, മദ്രാസ് ടാക്കീസ്, റെഡ് ജയന്റ് മൂവീസ്, ആര്‍. മഹേന്ദ്രന്‍, ശിവ അനന്ത് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. തൃഷ ആണ് നായിക. പൊന്നിയിന്‍ സെല്‍വനുശേഷം തൃഷ വീണ്ടും മണിരത്‌നം ചിത്രത്തിന്റെ ഭാഗമാവുന്നു എന്ന പ്രത്യേകത കൂടിയുണ്ട്.