മലയാളികളുടെ പ്രിയപ്പെട്ട ചിത്രങ്ങളുടെ കൂട്ടത്തില്‍ എക്കാലവും സ്ഥാനമുള്ള ഒരു ചിത്രമാണ് സിഐഡി മൂസ. കുട്ടികളെയും മുതിര്‍ന്നവരെയും ഒരുപോലെ രസിപ്പിച്ച ചിത്രം. ഒരുപോലെ രസിപ്പിച്ച ചിത്രം റിപ്പീറ്റ് വാല്യൂ നഷ്ടമാകാത്ത ഒരു മലയാള സിനിമകൂടിയാണ്. ചിത്രത്തിലെ ഓരോ ഡയലോഗുകളും പാട്ടുകളും കഥാപാത്രങ്ങളും ഇപ്പോഴും മലയാളികള്‍ക്ക് മനഃപാഠം ആയിരിക്കും.
2003ല്‍ ജോണി ആന്റണിയുടെ സംവിധാനത്തില്‍ ആയിരുന്നു ചിത്രം പുറത്തിറങ്ങിയത്.2020ല്‍ സി ഐ ഡി മൂസ വീണ്ടും വരുന്നുവെന്ന വാര്‍ത്തകള്‍ വന്നിരുന്നു. ഇപ്പോഴിതാ ഇതുമായി ബന്ധപ്പെട്ട് ദിലീപ് പങ്കുവച്ച പോസ്റ്റാണ് പ്രേക്ഷകര്‍ ഏറ്റെടുത്തിരിക്കുന്നത്. 2003 ജൂലൈ നാലിനാണ് സി ഐ ഡി മൂസ റിലീസ് ചെയ്തത്. 2023 ജൂലൈ 4 ആയപ്പോഴേക്കും സിനിമയ്ക്ക് 20 വയസ് തികഞ്ഞിരിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട മാഷപ്പ് വീഡിയോയാണ് ദിലീപ് പങ്കുവച്ചിരിക്കുന്നത്. ഒപ്പം മൂസ ഉടന്‍ എത്തും എന്നും നടന്‍ കുറിച്ചിരിക്കുന്നു. ഇതോടെ പ്രേക്ഷകരും ആരാധകരും ഏറെ ആവേശത്തിലാണ്.
ദിലീപിന്റെ ഹിറ്റ് കോമഡി ചിത്രങ്ങള്‍ പുറത്തിറങ്ങിയ ദിവസമാണ് ജൂലായ് നാല്. താരത്തിന്റെ ഭാഗ്യദിനമെന്ന് ആരാധകര്‍ പറയുന്ന ദിനം. ഈ പറക്കും തളിക, മീശ മാധവന്‍, സി ഐ ഡി മൂസ, പാണ്ടിപ്പട, ജൂലായ് നാല് എന്നീ ചിത്രങ്ങള്‍ റിലീസായത് ഈ ദിവസമാണ്. ഇന്ന് അതേ ദിനത്തില്‍ ആരാധകര്‍ക്ക് ഒരു സര്‍പ്രൈസ് അറിയിപ്പുമായി എത്തിയിരിക്കുകയാണ് താരം. സമൂഹമാദ്ധ്യമങ്ങളിലൂടെ 'മൂസ വൈകാതെ തിരികെയെത്തുന്നു. സി ഐ ഡി മൂസയുടെ ഇരുപതാം വര്‍ഷം' എന്ന കുറിപ്പോടെ ദിലീപ് ഒരു ലിങ്ക് പങ്കുവച്ചിട്ടുണ്ട്.
ഗ്രാന്റ് പ്രൊഡക്ഷന്‍സ് ബാനറില്‍ ദിലീപും അനൂപും ചേര്‍ന്ന് പുറത്തിറക്കിയ ചിത്രത്തില്‍ ഒടുവില്‍ ഉണ്ണിക്കൃഷ്ണന്‍, കൊച്ചിന്‍ ഹനീഫ, ക്യാപ്റ്റന്‍ രാജു, സുകുമാരി, ജഗതി,ഭാവന, സലീംകുമാര്‍, ഹരിശ്രീ അശോകന്‍, ഇന്ദ്രന്‍സ്, മുരളി, ആശിഷ് വിദ്യാര്‍ത്ഥി എന്നിങ്ങനെ വമ്പന്‍ താരനിരയാണ് അണിനിരന്നത്.