കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിലാകെ നടി ഷിബില ഫറ പങ്കുവെച്ച ചിത്രങ്ങള്‍ വൈറലായി മാറിയിരുന്നു. മഞ്ഞ നിറത്തിലുള്ള സ്വം സ്യൂട്ട് ധരിച്ചുള്ള ചിത്രമായിരുന്നു താരം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്. പലവട്ടം ശരീരഭാരം കൂട്ടുകയും കുറയ്ക്കുകയും ചെയ്ത് അമ്പരപ്പിച്ച താരമാണ് ഷിബില. സോഷ്യല്‍ മീഡിയ വഴി നടിക്ക് ശരീരഭാരം കൂടിയതിന്റെ പേരില്‍ ആക്ഷേപങ്ങളും വിമര്‍ശനങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട്. സ്വിം സ്യൂട്ടിലുള്ള ഫോട്ടോഷൂട്ടിനും വിമര്‍ശനം ഉയര്‍ന്നിരുന്നു. എന്നാൽ ഇപ്പോള്‍ ഫോട്ടോഷൂട്ടിനെ കുറിച്ച് തുറന്ന് സംസാരിക്കുകയാണ് നടി.
ഫോട്ടോഷൂട്ട് ചെയ്തപ്പോള്‍ ഞാന്‍ ഭയന്ന ഒരേയൊരു കാര്യം ചിത്രം മറ്റ് വഴികളില്‍ ദുരൂപയോഗം ചെയ്യുമോ എന്ന് മാത്രമാണ്. പ്രത്യേകിച്ചും ട്രോളന്മാര്‍ അതിനെ പരിഹസിക്കുമോ എന്ന് ആശങ്കയുണ്ടായിരുന്നു. ഞാന്‍ ഒരു സെക്‌സി ഫോട്ടോഷൂട്ട് എന്ന തരത്തിലല്ല ഇത്തരമൊരു ഉദ്യോമത്തിന് മുതിര്‍ന്നത്. കറുത്തവര്‍, തടിവെച്ചു, മെലിഞ്ഞിരിക്കുന്നു തുടങ്ങി ആളുകളുടെ ശരീരത്തെ വിലയിരുത്തുന്ന രീതിക്ക് നേരെയുള്ള വിരല്‍ചൂണ്ടല്‍ ആണ് ഞാന്‍ ഈ ഫോട്ടോഷൂട്ടിലൂടെ ഉദ്ദേശിച്ചത്. ആളുകള്‍ക്ക് അവരുടെ ശരീരം കൊണ്ട് അവര്‍ക്ക് ഇഷ്ടമുള്ളത് ചെയ്യാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരിക്കണം. എനിക്ക് ഒരു ദിവസം ലിപ്പോസക്ഷന്‍ ചെയ്യണമെങ്കില്‍ ഞാന്‍ ചെയ്യും. എന്റെ ശരീരം, എന്റെ നിയമങ്ങള്‍. അത് പൂര്‍ണ്ണമായും അതിനെക്കുറിച്ചാണ്. ഫോട്ടോഷൂട്ടിന്റെ സമയത്ത് സ്‌റ്റൈലിസ്റ്റും ഫോട്ടോഗ്രാഫറും ഹൃദയത്തില്‍ നിന്ന് പുഞ്ചിരിക്കാനും ക്യാമറയ്ക്ക് മുന്നില്‍ ഞാന്‍ ആഗ്രഹിക്കുന്നതെന്തും ചെയ്യാനും അനുവാദം നല്‍കിയിരുന്നു.
ഫോട്ടോഷൂട്ടിനായി ആരോടും അനുവാദം വാങ്ങേണ്ടെന്നാണ് ഞാന്‍ ആദ്യം തീരുമാനിച്ചത്. എങ്കിലും ഞാന്‍ ഭര്‍ത്താവ് വിജിത്തിനെ വീഡിയോ കോള്‍ ചെയ്തു. അദ്ദേഹം സ്‌റ്റൈലിസ്റ്റിനെ വളരെയധികം വിശ്വസിക്കുന്നുണ്ടായിരുന്നു. ഫോട്ടോഷൂട്ട് ചെയ്യണമെന്ന് അതിയായ ആഗ്രഹം ഉണ്ടെങ്കില്‍ ധൈര്യത്തോടെ മുന്നോട്ട് പോകൂ എന്ന് മാത്രമാണ് ഭര്‍ത്താവ് പറഞ്ഞത്. ഇത്തരത്തിലുള്ള കുടുംബ പിന്തുണ എല്ലാവരേയും ധൈര്യമുള്ളവരായിരിക്കാന്‍ സഹായിക്കുമെന്ന് എനിക്ക് തോന്നുന്നു. ഭര്‍ത്താവിന്റെ അമ്മയോട് ഇക്കാര്യം പറഞ്ഞപ്പോള്‍ നിനക്ക് നാണം തോന്നുന്നില്ലെ എന്നാണ് ചോദിച്ചത്. ഇല്ല എന്ന് പറഞ്ഞതോടെ അമ്മ പുഞ്ചിരിച്ചു. 85 കിലോയില്‍ നിന്ന് 67 കിലോയിലേക്ക് ഇറങ്ങിയ ആളാണ് ഞാന്‍. ഒരു നടി എങ്ങനെയിരിക്കണം എന്ന സമൂഹത്തിന്റെ ചിന്താഗതിയുമായി ഞാന്‍ യോജിക്കുന്നില്ല. ഇത് എന്റെ യാത്രയാണ്. ഞാന്‍ എല്ലാ ദിവസവും മാറ്റങ്ങള്‍ വരുത്തുന്നു. ചില ദിവസങ്ങളില്‍ ഞാന്‍ മടിച്ചിയാകും. എനിക്ക് ആവശ്യമുള്ളത് കഴിക്കുകയും ചെയ്യും. മറ്റ് സമയങ്ങളില്‍ ആരോഗ്യകരമായ ഭക്ഷണം കഴിക്കണമെന്ന് ഞാന്‍ തീരുമാനിക്കും. ഭാരം കുറയ്ക്കണമെന്ന ആഗ്രഹവും ഇടയ്ക്ക്അ വരാറുണ്ട്. അത് വ്യക്തിപരമാണ്. എനിക്ക് ഒരു കണ്ണാടിയുണ്ട്. അതുകൊണ്ട് ഞാന്‍ എങ്ങനെയുണ്ടെന്ന് എനിക്കറിയാം. എനിക്ക് ഭാരം കൂടിയിട്ടുണ്ടെന്നോ മറ്റോ ആളുകള്‍ ചൂണ്ടിക്കാണിക്കേണ്ട ആവശ്യമില്ല.
നടിമാരായ ആര്യ, പ്രിയംവദ കൃഷ്ണന്‍, മെറീന മൈക്കിള്‍ എന്നിവര്‍ ഫോട്ടോഷൂട്ടിന് അഭിനന്ദനം അറിയിച്ചിരുന്നു. ഒരു സുഹൃത്ത് വിളിച്ച് എന്നെ കെട്ടിപിടിക്കാന്‍ ആഗ്രഹിക്കുന്നുവെന്നാണ് പറഞ്ഞത്. സ്റ്റീരിയോടൈപ്പുകള്‍ തകര്‍ക്കുന്നതില്‍ നീ വിജയിച്ചു എന്ന് അവള്‍ എന്നോട് പറഞ്ഞു. അനന്തരഫലങ്ങള്‍ നേരിടാന്‍ ഞാന്‍ തയ്യാറായികൊണ്ടാണ് ഇങ്ങനൊരു പ്രവൃത്തി ചെയ്തത്. പക്ഷേ ലഭിച്ച പ്രതികരണത്തില്‍ ഞാന്‍ ആവേശഭരിതയാണ്. ശ്രദ്ധ പിടിച്ച് പറ്റാനോ സിനിമയില്‍ വേഷങ്ങള്‍ക്കോ വേണ്ടിയാണ് ഞാന്‍ ഇത് ചെയ്തത് എന്ന് ആളുകള്‍ പറയുന്നത് കേള്‍ക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.