മലയാള സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതയായ താരമാണ് അർച്ചന കവി. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരത്തിന്റെ വിശേഷങ്ങൾ എല്ലാം തന്നെ ശ്രദ്ധ നേടാറുമുണ്ട്. എന്നാൽ ഇപ്പോൾ ഏറെ പ്രയാസം നിറഞ്ഞതായിരുന്ന തന്റെ യാത്രയെന്നാണ് അര്‍ച്ചന ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലൂടെ തുറന്ന് പറയുന്നത്.
തന്റെ സീരീസിനെക്കുറിച്ച് അര്‍ച്ചന മനസ് തുറക്കുന്നുണ്ട്. ''ഒരു പ്രായം കഴിയുമ്പോള്‍ വീണ്ടും ഡേറ്റിംഗിലേക്ക് കടക്കുമ്പോള്‍ കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പുണ്ടായിരുന്ന രീതികളൊന്നുമല്ലെന്ന് തിരിച്ചറിയുന്നത് വളരെ രസകരമാണ്. മുമ്പ് ആപ്പുകളൊന്നും ഉപയോഗിച്ചിരുന്നില്ല. അതൊക്കെയാണ് സീരീസില്‍ അവതരിപ്പിക്കുന്നത്. ഇപ്പോള്‍ ഞാന്‍ എഴുതുകയാണ്. അഭിനയത്തേക്കാള്‍ ഞാനിത് ഇഷ്ടപ്പെടുന്നു. ഒരു സിനിമയൊരുക്കാന്‍ കഴിയണമെന്നാണ് ആഗ്രഹം. ജീവിതാംശമുള്ള കോമഡിയാണ് ഇഷ്ട മേഖല'' എന്നാണ് അര്‍ച്ചന പറയുന്നത്. 2009 ല്‍ ലാല്‍ ജോസ് സംവിധാനം ചെയ്ത നീലത്താമരയിലൂടെയായിരുന്നു അര്‍ച്ചനയുടെ അരങ്ങേറ്റം.
മാതാപിതാക്കള്‍ക്കൊപ്പം ഡല്‍ഹിയിലാണ് അര്‍ച്ചനയുള്ളത്. ആരോഗ്യത്തിലാണ് ഇപ്പോള്‍ ശ്രദ്ധ. ''എല്ലാ മാസത്തേയും പതിനഞ്ച് ദിവസം പ്രയാസകരമായിരിക്കും. അതിനാല്‍ അഭിനയിക്കുമ്പോള്‍ ചിലപ്പോള്‍ വികാരങ്ങള്‍ കാണിക്കാന്‍ സാധിക്കാതെ വരും. അപ്പോള്‍ എനിക്ക് ഓവര്‍ ആക്ട് ചെയ്യേണ്ടി വരും. ഞാന്‍ കരുതിയത് എനിക്ക് ബൈ പോളാര്‍ ആണെന്നായിരന്നു. ഒരിക്കല്‍ പള്ളിയില്‍ വച്ച് തകര്‍ന്നു പോകുമെന്ന് തോന്നി, പക്ഷെ ഒരു സീന്‍ ആക്കണ്ട എന്ന് കരുതി സ്വയം നിയന്ത്രിച്ചു. വീട്ടിലെത്തിയ ശേഷം രണ്ട് ദിവസം ഞാന്‍ കരച്ചിലായിരുന്നു. ഒടുവില്‍ എനിക്ക് സഹായം വേണമെന്ന് അമ്മയോട് പറയുകയായിരുന്നു'' അര്‍ച്ചന പറയുന്നു.
''ഡോക്ടറെ സമീപിക്കുകയും മരുന്നുകള്‍ നല്‍കുകയും ചെയ്തു. തുടക്കത്തില്‍ എനിക്ക് ദേഷ്യം വന്നു. മാനസിക ആരോഗ്യം എന്നത് വളരെ സങ്കീര്‍ണമായ കാര്യമാണ്. അതേചുറ്റിപ്പറ്റി ഒരുപാട് തെറ്റായ ധാരണകളുണ്ട്. ഇന്ന് എനിക്ക് എന്റെ അവസ്ഥയെക്കുറിച്ച് ബോധ്യമുണ്ട്. ഇതിനെ നേരിടാന്‍ സാധിക്കും'' അര്‍ച്ചന പറയുന്നു. അതേസമയം തന്റെ വിഷാദരോഗമല്ല വിവാഹ മോചനത്തിന് കാരണമെന്നും അര്‍ച്ചന പറയുന്നു. ''അല്ല. ഞങ്ങള്‍ക്ക് ജീവിതത്തില്‍ വേണ്ട്ത് വ്യത്യസ്തമായ കാര്യങ്ങളാണെന്ന തിരിച്ചറിവാണ് പിരിയാന്‍ കാരണം. ഞാന്‍ പരുഷമായി പെരുമാറുന്ന ആളല്ല, ഇപ്പോഴും അവന്റെ കുടുംബവുമായി വളരെ അടുപ്പമുണ്ട്. അവന്‍ വളരെ സെന്‍സിറ്റീവായ വ്യക്തിയാണ്. തന്റെ മാനസികാരോഗ്യത്തെക്കുറിച്ചും സംസാരിച്ചിരുന്നു. പിരിഞ്ഞതിന് ശേഷമാണ് എന്റെ ഡയഗ്നോസിസ് നടന്നത്. പക്ഷെ അതായിരുന്നില്ല കാരണം''
''ഡിവോഴ്സിലൂടെ കടന്നു പോകുമ്പോള്‍ ഇത്തരമൊരു സാഹചര്യത്തിലൂടെ കടന്നു പോകുന്ന ആദ്യത്തെ വ്യക്തിയാണ് ഞാനെന്നായിരുന്നു തോന്നിയിരുന്നത്. ഞാന്‍ ഡിവോഴ്‌സ്ഡ് ആണെന്ന് പറയാന്‍ പോലും ബുദ്ധിമുട്ടായിരുന്നു. പക്ഷെ വഞ്ചിയില്‍ വേറെയും ആളുകളുണ്ട്. ഇപ്പോള്‍ ആളുകള്‍ കൂറേക്കൂടി മനസിലാക്കുന്നുണ്ട്. അതു തന്നെയാണ് മനസികാരോഗ്യത്തിന്റെ കാര്യത്തിലും'' അര്‍ച്ചന പറയുന്നു. തന്റെ അവസ്ഥയില്‍ മാതാപിതാക്കള്‍ക്ക് സങ്കടമുണ്ടായിരന്നുവെന്നും എന്നാല്‍ അത് തങ്ങളുടെ ബന്ധത്തെ ശക്തമാക്കിയെന്നും സഹോദരനും സഹോദരന്റെ ഭാര്യയുമായുമുള്ള ബന്ധവും ശക്തമായെന്നും അര്‍ച്ചന പറയുന്നു.
''ഞാന്‍ സോഷ്യല്‍ മീഡിയയില്‍ അതേക്കുറിച്ച് എഴുതുമ്പോള്‍ അമ്മ ചോദിക്കുമായിരുന്നു ഇതൊക്കെ ഇങ്ങനെ തുറന്നു പറയണമോ എന്ന്. എന്നാല്‍ പ്രതികരണങ്ങള്‍ ഊഷ്മളമായിരുന്നു. പിന്തുണയ്ക്കാന്‍ ആരുമില്ലാത്ത സ്ത്രീകളെ ഓര്‍ത്ത് ഞാന്‍ സങ്കടപ്പെട്ടിരുന്നു. അവര്‍ക്ക് ചെവി കൊടുക്കാന്‍ സന്തോഷമേയുള്ളൂ. എന്റെ കഥ ഒരാളെയെങ്കിലും സഹായിക്കുന്നതാണെങ്കില്‍ ഞാന്‍ അതില്‍ ഒരുപാട് സന്തോഷിക്കുകയും ചെയ്യുന്നു'' എന്നും അര്‍ച്ചന കൂട്ടിച്ചേര്‍ക്കുന്നു.