മലയാളികളായ സിനിമാപ്രേമികളുടെ മനസിൽ എന്നും ഒരു സ്ഥാനം നേടിയെടുത്തിട്ടുള്ള നാടാണ് ഇന്നസെന്റ്. നിരവധി സിനിമകളിലൂടെ താരത്തിന് പ്രേക്ഷകരെ ചിരിപ്പിക്കാനും സാധിച്ചു. ഇന്നസെൻറ് പലപ്പോഴും ശക്തമായി തന്നെ പൊതു-രാഷ്ട്രീയ വിഷയങ്ങളെ കുറിച്ചുള്ള തൻറെ അഭിപ്രായങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. തന്നെ കുറിച്ച് വന്ന വ്യാജ വാർത്തയ്ക്കെതിരെ ഇന്നസെന്റ് പ്രതികരിച്ചതും വാർത്തയായിരുന്നു. എന്തെങ്കിലും പറയാനുണ്ടെങ്കിൽ താൻ തന്നെ പറഞ്ഞോളാമെന്നും മറ്റാരും ആ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടതില്ലെന്നുമാണ് ഇന്നസെന്റ് ഫേസ്ബുക്കിൽ കുറിച്ചത്.
സിനിമയിൽ നിന്ന് വന്നപ്പോൾ ഒരാവേശത്തിന് ഞാൻ ഇടതുപക്ഷക്കാരനായി. അതെന്റെ വലിയ തെറ്റ്. ഇന്ന് ഞാൻ നൂറുവട്ടം പശ്ചാത്തപിക്കുന്നു' എന്ന് നടൻ പറഞ്ഞുവെന്ന തരത്തിലായിരുന്നു വാർത്തകൾ പ്രചരിച്ചത്. സംഭവം വൈറലായപ്പോഴാണ് ഇന്നസെന്റ് പ്രതികരിച്ച് രംഗത്തെത്തിയത്. 'എന്റെ പിതാവ് അടിയുറച്ച ഒരു കമ്മ്യൂണിസ്റ്റായിരുന്നു. ആ രാഷ്ട്രീയത്തിന്റെ ചൂടറിഞ്ഞാണ് ഞാൻ വളർന്നതും ജീവിച്ചതും. മരണം വരെ അതിൽ മാറ്റമില്ല. എന്തെങ്കിലും പറയാനുണ്ടെങ്കിൽ ഞാൻ തന്നെ പറഞ്ഞോളാം. മറ്റാരും ആ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടതില്ല. എന്റെ പേരിൽ ഇറക്കിയ മറ്റൊരു വ്യാജ പ്രസ്താവന കൂടി ഇന്ന് കാണുകയുണ്ടായി. അതുകൊണ്ട് മാത്രം പറഞ്ഞതാണ്' ഇന്നസെന്റ് കുറിച്ചു.
ഇപ്പോൾ സിനിമയിലെ തുടക്കകാലത്ത് കഥാപാത്രം കിട്ടാൻ വേണ്ടി ചെയ്ത ചില വിക്രിയകളെ കുറിച്ച് ഇന്നസെന്റ് പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. 'ഞാൻ സിനിമയിൽ അഭിനയിക്കാൻ കൊതിച്ച് നടക്കുന്ന കാലം. അന്ന് രണ്ട് പെൺകുട്ടികൾ എന്നൊരു സിനിമ മോഹൻ സംവിധാനം ചെയ്യുകയാണ്. അതിന്റെ ചിത്രീകരണം എറണാകുളത്തായിരുന്നു. കാട്ടൂർ ബാലൻ എന്നൊരാൾ സിനിമയിൽ സ്ക്രിപ്റ്റ് എഴുതാൻ സഹായിക്കുന്നുണ്ട്. ആ സിനിമയുടെ ഭാഗമായപ്പോൾ സുരാസു എന്നൊരാളെ പരിചയപ്പെട്ടു. സിനിമാ ഷൂട്ടിങ് നടക്കുന്നതിനിടെ സുരാസു മോഹന്റെ സ്ക്രിപ്റ്റും എടുത്തുകൊണ്ട് പോയി. ആ സിനിമയിൽ എനിക്കൊരു ചെറിയ വേഷം പറഞ്ഞിട്ടുണ്ടായിരുന്നു. മോഹനുമായുള്ള തർക്കത്തിനിടെ സുരാസു സ്ക്രിപ്റ്റും കൊണ്ട് പോയത് എനിക്കും സങ്കടമായി.'
'കഥാപാത്രം നഷ്ടപ്പെടുമോ എന്ന ടെൻഷനായിരുന്നു അങ്ങനെ ഞങ്ങൾ സുരാസുവിനെ തപ്പി പോയി. ഒരു ചാരായ ഷാപ്പിൽവെച്ച് കണ്ടുമുട്ടി. സുരാസു ചാരായം കഴിച്ച് ഇരിക്കുകയാണ്. ഞാൻ ചെന്ന് അയാളെ ഒന്ന് നോക്കിയശേഷം ഒരു നൂറ് മില്ലി ചാരായത്തിന് ഓർഡർ ചെയ്തു. അഥ് വന്നതും ഞാൻ ഒറ്റ വലിക്ക് കുടിച്ച് തീർത്തു. വീണ്ടും ഒരു നൂറ് കൂടി ഓർഡർ ചെയ്തു. ഒറ്റ വലിക്ക് കുടിച്ചു. ഞാൻ ആദ്യമായാണ് ചാരായം കുടിക്കുന്നത്. പരിചയ കുറവും ഒറ്റയടിക്ക് കുടിച്ചതും കാരണം നെഞ്ചും വയറുമെല്ലാം കത്തുന്നത് പോലെ തോന്നി. പിന്നെ സുരാസുവിന്റെ കൈയ്യിൽ നിന്നും തിരക്കഥ വാങ്ങി കക്ഷത്തിൽ വെച്ച് ഞാൻ നടന്നുപോയി. അയാൾ അത് നോക്കി നിന്നു. അതൊരു രസകരമായ അനുഭവമാണ്' ഇന്നസെന്റ് പറഞ്ഞു. മരക്കാർ, തിരിമാലി എന്നിവയായിരുന്നു ഇന്നസെന്റിൻറേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. ബിബിൻ ജോർജ് ആയിരുന്നു തിരിമാലിയിലെ നായകൻ. ഫീൽ ഗുഡ് എൻറർടെയ്‍നർ ചിത്രം സംവിധാനം ചെയ്യുന്നത് രാജീവ് ഷെട്ടിയാണ്. സംവിധായകനൊപ്പം സേവ്യർ അലക്സും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.