മോഹന്‍ലാല്‍- പൃഥി ആരാധകര്‍ ഒന്നടങ്കം ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് ലൂസിഫര്‍. മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഇപ്പോള്‍ പൃഥിയും ഒരു കഥാപാത്രമായി എത്തുന്നുവെന്നാണ് സൂചനകള്‍. അതേസമയം ദിനംപ്രതി ചിത്രത്തിന്റെയും കഥാപാത്രങ്ങളുടെയും പുത്തന്‍ വിശേഷങ്ങളും പുറത്തുവരികയാണ്. പേരില്‍ തന്നെ വ്യത്യസ്തത പുലര്‍ത്തുന്ന ലൂസിഫര്‍ ഒരു പൊളിറ്റിക്കല്‍ ത്രില്ലറാണെന്നാണ് സൂചന. നടന്‍ മുരളി ഗോപി തിരക്കഥ ഒരുക്കുന്ന ചിത്രത്തില്‍ സ്റ്റീഫന്‍ നെടുമ്പള്ളി എന്ന രാഷ്ട്രീയ പ്രവര്‍ത്തകനായാണ് മോഹന്‍ലാല്‍ എത്തുന്നത്. അതേസമയം ഒരു പോലീസ് ഓഫീസറുടെ വേഷത്തില്‍ പൃഥിയും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇക്കാര്യത്തെ കുറിച്ച് ഔദ്യോഗികമായി യാതൊരു റിപ്പോര്‍ട്ട് ഇനിയും പുറത്ത് വന്നിട്ടില്ല.
ചിത്രത്തിന്റെ ഷൂട്ടിങ്ങ് കുട്ടിക്കാനത്ത് നിന്നും പൂര്‍ത്തിയാക്കി തിരുവനന്തപുരത്ത് ആരംഭിച്ചിട്ടുണ്ട്. ലൂസിഫറില്‍ വമ്പന്‍ താരനിരയാണ് അണിനിരക്കുന്നത്. മഞ്ജു വാര്യര്‍, മംമ്ത മോഹന്‍ദാസ്, സാനിയ അയ്യപ്പന്‍ എന്നിങ്ങനെ മൂന്ന് നായികമാരാണ് ചിത്രത്തിലുള്ളത്. ഒപ്പം യുവതാരങ്ങളായ ടൊവിനോ തോമസ്, ഇന്ദ്രജിത്ത്, എന്നിവരും ലൂസിഫറില്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഇവര്‍ക്കൊപ്പം കലാഭവന്‍ ഷാജോണ്‍, സായ് കുമാര്‍, ജോണ്‍ വിജയ്, ബൈജു, ബാബുരാജ്, പൗളി വില്‍സണ്‍, സച്ചിന്‍ പടേക്കര്‍, സംവിധായകന്‍ ഫാസില്‍ തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. ബോളിവുഡ് താരം വിവേക് ഒബ്റോയിയാണ് ചിത്രത്തില്‍ വില്ലന്‍ വേഷത്തിലെത്തുന്നത്.
തമിഴ് ചിത്രം ജില്ലയ്ക്ക് ശേഷം സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കിലാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ അഭിനയിക്കുന്നത്. കലിപ്പ് ലുക്കിലുള്ള മോഹന്‍ലാലിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വന്നിരുന്നു. വെള്ളമുണ്ടും വെള്ള ഷര്‍ട്ടുമാണ് വേഷം. മോഹന്‍ലാല്‍ നെഗറ്റീവ് ടച്ചുള്ള കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ടെന്നും ഇടയ്ക്ക് വാര്‍ത്ത വന്നിരുന്നു. എന്നാല്‍ സിനിമയില്‍ കറുത്ത നിറമുള്ള അംബാസിഡര്‍ കാറാണ് മോഹന്‍ലാല്‍ ഉപയോഗിക്കുന്നത്. നമ്പര്‍ പ്ലേറ്റ് 666 എന്നുള്ള കാറിന്റെ ചിത്രം വൈറലായി മാറിയിരുന്നു. ഇല്ലുമിനാറ്റിയെ പറ്റിയാണ് ചിത്രം ചര്‍ച്ച ചെയ്യുന്നതെന്നും സൂചനകള്‍ പുറത്തുവരുന്നുണ്ട്.